Monday December 05, 2016
Latest Updates

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് മന്ത്രിസഭയിലെ മറ്റ് ചില അംഗങ്ങളും ആരോപണ വിധേയരായ സോളാര്‍ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിസായ സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിഎസിന്റെ ആവശ്യം നിരാകരിച്ചത്. ഹര്‍ജി തള്ളപ്പെട്ടതോടെ ഈ അടുത്ത കാലത്തായി കോടതിയില്‍നിന്ന് വിഎസിന് ലഭിക്കുന്ന രണ്ടാമത്തെ വലിയ പ്രഹരമായി ഇത്. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി. എസ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.

കേസന്വേഷണത്തിനായി സര്‍ക്കാര്‍ സോളാര്‍ കമ്മിഷനെ നിയമിക്കുന്നതിന് മുമ്പാണ് വി.എസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ പരിഗണനയിലാണ്. ശരിയായ രീതിയില്‍ അന്വേഷണം നടക്കുന്ന കേസിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. മാത്രമല്ല ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ കമ്മിഷന്റെ അന്വേഷണ പരിധിയിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സോളാര്‍ കേസില്‍ വിഎസ് ഉള്‍പ്പെടെ 21 പേര്‍ കമ്മിഷനു മുമ്പില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് വിഎസ് സോളാര്‍ കമ്മീഷന് മുമ്പില്‍ അവതരിപ്പിച്ചത്.

അതേസമയം സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതിനോടകം 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതിന്റെ തുടര്‍നടപടികള്‍ വിചാരണ കോടതിയില്‍ നടക്കുകയുമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. അന്വേഷണവുമായി ബന്ധപ്പെട്ടു പരിഗണനാര്‍ഹമായ ഏതെങ്കിലും വിവരം ഒഴിവാക്കിയെന്നു ഹര്‍ജിക്കാരനു ബോധ്യപ്പെടുകയാണെങ്കില്‍ ബന്ധപ്പെട്ട അധികാരപരിധിയിലുള്ള കോടതിയെ സമീപിച്ച് ഉത്തരവ് നേടുന്നതിനു നിയമതടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അന്വേഷണവുമായി ബന്ധപ്പെട്ടു അവശ്യമായ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് തെളിവുണ്ടെന്നുമാണ് വിഎസ് ഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ നിര്‍ണായക വസ്തുതകളും കക്ഷികളും ഉള്‍പ്പെട്ട കേസിലെ വിചാരണയുടെ ഘട്ടത്തില്‍ ഇതു സംബന്ധിച്ച് ഹൈക്കോടതി അഭിപ്രായം പറയുന്നില്ലെന്നായിരുന്നു കോടതി നിലപാട്. നിലവിലെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ഉന്നയിച്ചത്. സോളാര്‍ കേസിലുള്ള അന്വേഷണം പൂര്‍ത്തിയായതാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി.

മാത്രമല്ല സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ നടപടികള്‍ പൂര്‍ത്തിയായി വരികയുമാണ്. അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയെന്ന നിലയ്ക്ക് വി.എസിന് അധികാരമില്ല. സിബിഐ അന്വേഷണം സാധൂകരിക്കുന്ന ശക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ല. സോളാര്‍ തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് പൊലിസ് രജിസറ്റര്‍ ചെയ്ത 34 കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ഉന്നതതല ബന്ധം അന്വേഷണ വിധേയമാക്കിയിട്ടില്ലെന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സംസ്ഥാന പൊലിസിന്റെ കുറ്റാന്വേഷണ വിഭാഗമായ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അട്ടിമറിച്ചു. അന്വേഷണം നിഷ്പക്ഷമായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പിന് എവിടെ നിന്നു പണം ലഭിച്ചെന്നോ തട്ടിപ്പു നടത്തിയ പണം എവിടെ പോയെന്നോ അന്വേഷിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐയും ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും എന്‍ഫോഴ്‌സ്‌മെന്റും ഇന്‍കംടാക്‌സ് വിഭാഗവും സംയകുക്തമായി അന്വേഷിക്കണമെന്നും വിഎസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Scroll To Top