Wednesday December 07, 2016
Latest Updates

സൈക്കിളില്‍ പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തിയ ഐറിഷ് യുവാവ് ,മാതൃകയാവുന്നു 

സൈക്കിളില്‍ പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തിയ ഐറിഷ് യുവാവ് ,മാതൃകയാവുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടുകാരനായ യുവാവ് സൈക്കിളില്‍ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തി.ഫെര്‍ഗല്‍ ജോ എന്ന യുവാവാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സൈക്കിളില്‍ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തിയത്. സൈക്കിളിംഗ് ഭ്രമം മൂത്ത് സ്വകാര്യ ഇക്വിറ്റി ഫേമിലെ വൈസ് പ്രസിഡന്റ് ജോലി ഉപേക്ഷിച്ചാണ് ഫെര്‍ഗല്‍ ജോ സൈക്കിളിംഗ്  രംഗത്ത് ഇറങ്ങിയത്. 10,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജോ ഇന്ത്യയില്‍ എത്തിയത്.

ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രിയ, സ്ലൊവെക്യ, ഹംഗറി, സെര്‍ബിയ, ബള്‍ഗേറിയ, ടര്‍ക്കി,കിര്‍ഗിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ സഞ്ചരിച്ച ശേഷം ദുബായ് വഴിയാണ് ജോ ഇന്ത്യയില്‍ എത്തിയത്. ഈ യാത്രയ്ക്കിടെ പ്രതിദിനം 100 മുതല്‍ 150 കിലോമീറ്റര്‍ വരെ സൈക്കിള്‍ ചവിട്ടുമായിരുന്നെന്ന് ജോ പറഞ്ഞു. സാധാരണ സൈക്കിളിംഗ്   ചെയ്യുന്നവര്‍ പ്രതിദിനം 50 കിലോമീറ്റര്‍ വരെയേ സൈക്കിള്‍ ചവിട്ടാറുള്ളൂ.

എന്നാല്‍ താന്‍ 100 മുതല്‍ 150 കിലോമീറ്റര്‍ വരെ സൈക്കിള്‍ ചവിട്ടും. ആദ്യമൊക്കെ അത്രയും ദൂരം ചവിട്ടാന്‍ ബുദ്ധിമുട്ടായിരുന്നെന്ന് ജോ പറഞ്ഞു. പിന്നീട് അത് ശീലമായി. 

ഇറാനികള്‍ വഴിയില്‍ ഉപദ്രവിക്കുന്നവരായിരുന്നു.യാതൊരു പ്രകോപനവും ഇല്ലാതെ മുഖത്തിടിക്കും.പാക്കിസ്ഥാനാവട്ടെ വിസ തന്നെ നിഷേധിച്ചു.ഇന്ത്യയിലേയ്ക്ക് യാത്ര നടത്തുന്നതിലായിരുന്നു അവര്‍ക്ക് പരിഭവം.പാക്കിസ്ഥാന് മുകളിലൂടെ വിമാനത്തില്‍ യാത്രചെയ്യേണ്ടി വന്നു ഇന്ത്യയിലെത്താന്‍.

കിലോമീറ്ററുകള്‍ താണ്ടി ഇന്ത്യയില്‍ എത്തിയ ജോ ഏതാനും മാസങ്ങള്‍ ഇന്ത്യയില്‍ താമസിച്ച ശേഷമാണ് മടങ്ങിയത്. കാറിനെ അപേക്ഷിച്ച് സൈക്കിളില്‍ യാത്ര ചെയ്യുന്നതാണ് സൌകര്യമെന്ന് ജോ പറഞ്ഞു.

കാര്‍ പോലെയുള്ള വാഹനങ്ങള്‍ ഇടയ്ക്ക് കേടായാല്‍ വഴിയില്‍ കിടക്കും. എന്നാല്‍ സൈക്കിളിന് കാര്യമായ റിപ്പയര്‍ ഒന്നും വേണ്ടിവരില്ല. സൈക്കിളില്‍ സഞ്ചരിച്ചാല്‍ ഓരോ രാജ്യത്തെയും ആളുകളുമായി അടുത്ത് ഇടപെഴകാനും സംവദിക്കാനും അവസരം ലഭിക്കുമെന്നും ജോ പറഞ്ഞു. ലോകം കാണാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗം സൈക്കിളിംഗാണെന്നും ജോ പറഞ്ഞു.

2008 ല്‍ 18,297 കിലോമീറ്റര്‍ സൈക്കിളില്‍ ലോകസഞ്ചാരം നടത്തി ഗിന്നസ് റെക്കോഡ് സ്ഥാപിച്ച സ്‌കോട്ട്‌ലന്‍ഡുകാരന്‍ മാര്‍ക്ക്ബ്യൂ മോണ്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോ സൈക്കിളിംഗ്  ആരംഭിച്ചത്.

ഡേര്‍വ്‌ല മര്‍ഫി എന്ന വനിതാ യുവസാഹസിക സഞ്ചാരി 1963 ല്‍ വാട്ടര്‍ ഫോര്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് സൈക്കിളില്‍ ഒരു സഞ്ചാരം നടത്തിയിരുന്നു.’അയര്‍ലണ്ട് റ്റു ഇന്ത്യ വിത്ത് എ ബൈസിക്കിള്‍’ എന്ന വിശ്രുത യാത്രാ വിവരണഗ്രന്ഥത്തിലൂടെ അയര്‍ലണ്ടിലെ സാഹസിക സഞ്ചാരത്തിനു തന്നെ പുതു മുഖം നല്‍കാന്‍ ഡേര്‍വ്‌ല മര്‍ഫിയ്ക്ക് കഴിഞ്ഞിരുന്നു.ഒറ്റയ്ക്ക് സഞ്ചരിച്ച ഡേര്‍വ്‌ലയും തനിക്കു പ്രചോദനമായെന്ന് ജോ പറയുന്നു 

സാഹസിക യാത്രകള്‍ക്കുള്ള ഉപദേശങ്ങളുമായി നിരവധി പേരാണ് ദിവസവും തന്നെ സമീപിക്കുന്നതെന്ന് ജോ പറയുന്നു.’എല്ലാവരും സഞ്ചരിക്കട്ടെ …കൂടുതല്‍ ഉയരങ്ങളില്‍,കൂടുതല്‍ വേഗതയില്‍ ….’


 

 

Scroll To Top