Tuesday December 06, 2016
Latest Updates

സെമിത്തേരി സൂക്ഷിപ്പുകാരനായ താജ് മുഹമ്മദിനെയും കരയിച്ച പെഷവാര്‍ കൂട്ടക്കുരുതി

സെമിത്തേരി സൂക്ഷിപ്പുകാരനായ താജ് മുഹമ്മദിനെയും കരയിച്ച പെഷവാര്‍ കൂട്ടക്കുരുതി

പെഷവാര്‍: പെഷവാറിലെ സെമിത്തേരി സൂക്ഷിപ്പുകാരനായ താജ് മുഹമ്മദ് ഇത് ആദ്യമായി കരഞ്ഞു. വര്‍ഷങ്ങളായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന താജ് മുഹമ്മദിന് മരണവും വേര്‍പാടുമൊന്നും പുത്തരിയല്ല അതുകൊണ്ട് തന്നെ അദ്ദേഹം ആരുടേയും മരണത്തില്‍ ദുഖിക്കാറുമില്ല. എന്നാല്‍ പെഷവാറിലെ കൂട്ടക്കുരുതിയില്‍ മരണമടഞ്ഞ കുരുന്നുകളുടെ മൃതദേഹങ്ങള്‍ ഓരോന്നായി സെമിത്തേരിയിലേക്ക് എത്തിയപ്പോള്‍ താജ് മുഹമ്മദിന് കരയാതിരിക്കാനായില്ല.

”എനിക്ക് കരച്ചില്‍ അടക്കാന്‍ സാധിച്ചില്ല. ഇത്തരം തൊഴില്‍ ചെയ്യുന്നവര്‍ കരയാന്‍ പാടില്ലെന്ന് അറിയാം. പക്ഷെ കുരുന്നുകളുടെ മുഖം കണ്ടാല്‍ ആരും കരഞ്ഞുപോകും’ താജ് മുഹമ്മദ് പറഞ്ഞു. എട്ട് കുട്ടികളുടെ പിതാവ് കൂടിയാണ് താജ് മുഹമ്മദ്. ഒരു മൃതദേഹം അടക്കം ചെയ്യുന്നതിന് 2000 മുതല്‍ 5000 രൂപ വരെയാണു താജ് മുഹമ്മദിന് പ്രതിഫലം ലഭിക്കുന്നത്. എന്നാല്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം പെഷവാര്‍ കൂട്ടക്കൊലയില്‍ മരണമടഞ്ഞ നൂറിലധികം കുഞ്ഞുങ്ങളെ അടക്കം ചെയ്തത്. നേരത്തെയും ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ താജ് മുഹമ്മദ് അടക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് അദ്ദേഹത്തിന്റെ മനസിടറുന്നത്.

അതേസമയം പെഷവാര്‍ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന്‍ രണ്ടു തീവ്രവാദികളെ തൂക്കിലേറ്റി. മൊഹമ്മദ് അക്കീല്‍, അര്‍ഷദ് മെഹ്മൂദ് എന്നിവരെയാണ് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്.. ആക്രമണം കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാക്കിസ്ഥാന്‍ ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല.

Scroll To Top