Wednesday December 07, 2016
Latest Updates

സെന്റ് പാട്രിക് ഡേയോട് അനുബന്ധിച്ച് മയക്കുമരുന്ന് പരിശോധന കര്‍ശനമാക്കി :നൂറോളം പേരേ അറസ്റ്റ് ചെയ്തു

സെന്റ് പാട്രിക് ഡേയോട് അനുബന്ധിച്ച് മയക്കുമരുന്ന് പരിശോധന കര്‍ശനമാക്കി :നൂറോളം പേരേ അറസ്റ്റ് ചെയ്തു

ഡബ്ലിന്‍:സെന്റ് പാട്രിക് ഡേയോടനുബന്ധിച്ച് മയക്കുമരുന്നു വ്യാപാരം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഗാര്‍ഡ അന്വേഷണങ്ങളും പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്. ഡബ്ലിന്‍ സിറ്റി സെന്റര്‍ മേഖലയിലാണ് ഇത്തരത്തില്‍ മയക്കുമരുന്നു ഡീലിംഗുകള്‍ കൂടുതലായി നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രധാനപ്പെട്ട ഷോപ്പിംഗ് ഏരിയകളില്‍ കൂട്ടംകൂടി നില്‍ക്കുന്ന മയക്കുമരുന്ന് അഡിക്ടുകളെ ലക്ഷ്യം വച്ചുകൊണ്ട് ഗാര്‍ഡ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ലിഫിയുടെ രണ്ടു ഭാഗങ്ങളിലായാണ് കൂടുതല്‍ പരിശോധനകള്‍ നടന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 304പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 42 പേരില്‍ നിന്നാണ് മരുന്നുകള്‍ കണ്ടെടുത്തത്.

രണ്ടാഴ്ച്ചകള്‍ക്കു മുന്‍പ് പിയേര്‍സ് സ്ട്രീറ്റ് സ്റ്റേഷനിലെ ഗാര്‍ഡ അനേകംപേരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ 45 അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്.ഇതോടെ രണ്ടാഴച്ചകള്‍ക്കുള്ളില്‍ ആകെ നൂറോളം പേരാണ് അറസ്റ്റിലായത്.പരിശോധനകള്‍ ശക്തമാക്കിയതോടെ ഒട്ടേറെ ഡീലര്‍മാരും സിറ്റി സെന്റര്‍ പരിസരങ്ങളില്‍ നിന്നും മാറിപ്പോയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മയക്കുമരുന്നു വ്യാപാരം തടയുന്നതിനു മാത്രമല്ല പോക്കറ്റടിയും മറ്റുതരം മോഷണങ്ങളും തടയാനും ഗാര്‍ഡയുടെ പരിശോധന കാരണം സാധിച്ചിട്ടുണ്ട്. പോക്കറ്റടിയുമായി ബന്ധപ്പെട്ടും ഒട്ടേറെ അറസ്റ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ ഡ്രഗ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ ഡബ്ലിന്‍ സിറ്റി ബിസിനസ് അസോസിയേഷന്‍ നിരവധി എതിര്‍പ്പുകള്‍ ഇതിനകം തന്നെ നേരിടേണ്ടി വന്നിരുന്നു. ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തി കാരണം വിനോദസഞ്ചാരികള്‍ക്കിടയില്‍ അയര്‍ലണ്ട് ഒറു ഡ്രഗ് അഡിക്ട് കേന്ദ്രമാണെന്നുള്ള ധാരണ പരക്കാനുള്ള സാഹചര്യം ഉണ്ടായതായും ഒരു വക്താവ് പറഞ്ഞു.

ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സെന്റ് പാട്രിക് ദിനത്തില്‍ ഡബ്ലിനില്‍ എത്തിച്ചേരുന്നത് . അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പരിശോധന കര്‍ശനമാക്കിയിരിക്കുന്നതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നും അറിയിച്ചിരിക്കുന്നത്.

Scroll To Top