Friday December 09, 2016
Latest Updates

സെന്റ് പാട്രിക്‌സ് ദിനം ആസ്‌ട്രേലിയയിലും ഗംഭീരമായി ആഘോഷിച്ചു

സെന്റ് പാട്രിക്‌സ് ദിനം ആസ്‌ട്രേലിയയിലും ഗംഭീരമായി ആഘോഷിച്ചു

സിഡ്‌നി :സെന്റ് പാട്രിക് ദിനത്തിന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ഗംഭീര വരവേല്‍പ്പ്. കഴിഞ്ഞ വര്‍ഷം ചുട്ടുപൊള്ളിക്കുന്ന കാലാവസ്ഥയിലാണ് സിഡ്‌നിക്കാര്‍ സെന്റ് പാട്രിക് ദിനത്തെ വരവേറ്റതെങ്കില്‍ ഈ വര്‍ഷം നേരിയ മഴയോടെയാണ് സെന്റ് പാട്രിക് ദിനം വന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17 നോട് അടുപ്പിച്ചുള്ള ഞായറാഴ്ചയാണ് സിഡ്‌നിയില്‍ സെന്റ് പാട്രിക് ദിനം ആഘോഷിച്ചത്. ഈ വര്‍ഷം മഴയുടെ കുളിര്‍മയുമായി എത്തിയ സെന്റ് പാട്രിക് ദിനം സിഡ്‌നിക്കാര്‍ക്ക് നേരിയ ആശ്വാസമായി. ക്ലോന്റാര്‍ഫ് യുദ്ധം വീണ്ടും ചിത്രീകരിക്കുന്ന പരേഡില്‍ പങ്കെടുത്തവര്‍ തങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്ന ഷീല്‍ഡുകള്‍ ഉപയോഗിച്ചാണ് മഴയെ പ്രതിരോധിച്ചത്.

സിഡ്‌നിയിലെ അയര്‍ലണ്ട് പൌരന്മാര്‍ അണിനിരന്ന പരേഡില്‍ ‘എന്നെ ചുംബിക്കൂ, ഞാന്‍ അയര്‍ലണ്ട്കാരനാണ്’ എന്നെഴുതിയ ടീ ഷര്‍ട്ടുകളും ധരിച്ചാണ് ആളുകള്‍ എത്തിയത്. സിഡ്‌നി തെരുവില്‍ നടന്ന പരേഡില്‍ 30,000 ത്തില്‍ അധികം ആളുകള്‍ അണിനിരന്നതായാണ് റിപ്പോര്‍ട്ട്. സിഡ്‌നിയിലെ പരേഡ് ആരംഭിച്ച് അര മണിക്കൂറിനകം നേരിയ തോതില്‍ മഴയും ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയിലും പരേഡില്‍ അണിനിരന്ന ആയിരങ്ങള്‍ ആവേശപൂര്‍വമാണ് സെന്റ് പാട്രിക് ദിനാഘോഷത്തില്‍ പങ്കെടുത്തത്.

പരേഡില്‍ അണിനിരന്ന ഐറിഷ് പൗരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ ഭക്ഷ്യ വകുപ്പ് മന്ത്രി സൈമണ്‍ കൊവ്‌നെയും സിഡ്‌നിയില്‍ എത്തിയിരുന്നു. ജോലി തേടി സിഡ്‌നിയില്‍ എത്തിയ ഐറിഷ് പൌരന്മാര്‍ക്ക് സമീപഭാവിയില്‍ തന്നെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. സെന്റ് പാട്രിക് ദിനാഘോഷത്തോട് അനുബന്ധിച്ച് സിഡ്‌നിയില്‍ എത്തിയ മന്ത്രി ഓസ്‌ട്രേലിയയിലെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ശേഷം അദേഹം ന്യൂസിലന്‍ഡിന് പോകും.

പരേഡിന് ശേഷം സിഡ്‌നിയിലെ ഹൈഡ് പാര്‍ക്കില്‍ പരേഡില്‍ പങ്കെടുത്തവര്‍ക്ക് വിഭവസമൃദമായ വിരുന്ന് ഒരുക്കിയിരുന്നു. ഐറിഷ് ശൈലിയില്‍ തയ്യാറാക്കിയ ഭക്ഷണങ്ങളും പാനീയങ്ങളുമാണ് വിരുന്നില്‍ നല്‍കിയത്. അതേസമയം ഈ വര്‍ഷത്തെ പാട്രിക്‌സ് ദിനത്തോട് അനുബന്ധിച്ച് സിഡ്‌നിയിലെ സെന്റ് മേരീസ് കത്രീഡലില്‍ ഈ വര്‍ഷം പാട്രിക് ദിന ആരാധന ഉണ്ടായിരിക്കുന്നതല്ല. 30 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് പാട്രിക് ദിന ആരാധന ഉപേക്ഷിക്കുന്നത്. സിഡ്‌നി കൂടാതെ പെര്‍ത്ത് ,മെല്‍ബണ്‍ അടക്കമുള്ള മറ്റ് വിവിധ ഓസ്‌ട്രേലിയന്‍ നഗരങ്ങളിലും സെന്റ് പാട്രിക് ദിനാഘോഷം പൊടിപൊടിച്ചു

Scroll To Top