Sunday December 04, 2016
Latest Updates

സുമിത്ര മഹാജനെ സ്പീക്കറായി തെരഞ്ഞെടുത്തു; ഡെപ്യൂട്ടി സ്പീക്കറായി കൊടിക്കുന്നിലിന് നേരിയ സാധ്യത

സുമിത്ര മഹാജനെ സ്പീക്കറായി തെരഞ്ഞെടുത്തു; ഡെപ്യൂട്ടി സ്പീക്കറായി കൊടിക്കുന്നിലിന് നേരിയ സാധ്യത

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി നേതാവ് സുമിത്ര മഹാജനെ തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. 1989 മുതല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുമിത്രാ മഹാജന്‍. തുടര്‍ച്ചയായ എട്ടാം തവണയാണ് സുമിത്ര മഹാജന്‍ ഈ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ 19 എംപിമാര്‍ സുമിത്ര മഹാജന്റെ പേര് നിര്‍ദ്ദേശിച്ചു. ലോക്‌സഭയിലെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് സുമിത്ര മഹാജന്‍. കഴിഞ്ഞ ലോക്‌സഭയിലെ സ്പീക്കറായിരുന്ന മീര കുമാറാണ് ലോക്‌സഭയിലെ ആദ്യ വനിതാ സ്പീക്കര്‍. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ ലോക്‌സഭയ്ക്ക് പരിചയപ്പെടുത്തുന്ന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം നീളുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം മുഖ്യ പ്രതിപക്ഷ കക്ഷിക്ക് നല്‍കുകയാണ് പതിവെങ്കിലും സ്ഥാനം കോണ്‍ഗ്രസിന് നല്‍കുന്നതില്‍ ബിജെപിക്കുള്ളില്‍ എതിര്‍പ്പുണ്ട്. ജയലളിതയെ എന്‍ഡിഎയുമായി അടുപ്പിക്കാന്‍ എഐഎഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

എഐഎഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കറാകും. കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കുകയാണെങ്കില്‍ കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Scroll To Top