Wednesday December 07, 2016
Latest Updates

സുനന്ദ പുഷ്‌ക്കറിന്റെ മരണം: പോലീസ്, ഫോറന്‍സിക് ലാബില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു

സുനന്ദ പുഷ്‌ക്കറിന്റെ മരണം: പോലീസ്, ഫോറന്‍സിക് ലാബില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ തേടുന്നു. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടി എയിംസ് ആശുപത്രിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിന് അന്വേഷണ സംഘം ചോദ്യാവലി നല്‍കി. വിഷാദ രോഗത്തിനുള്ള മരുന്നുകളുടെ അമിത ഉപയോഗമാണ് സുനന്ദ പുഷ്‌ക്കറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സുനന്ദ പുഷ്‌ക്കാര്‍ മരണകാരമായ എത്രമാത്രം മരുന്നുകള്‍ കഴിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് അവസാനമായി ഭക്ഷണം കഴിച്ചത് എപ്പോള്‍ തുടങ്ങിയ വിവരങ്ങള്‍ സംബന്ധിച്ച ചോദ്യാവലിയാണ് അന്വേഷണ സംഘം നല്‍കിയതെന്നാണ് സൂചന. സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും മരണ കാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന വിവരങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ഇതാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്.

സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹിയിലെ ലീല ഹോട്ടലിന്റെ മുറിയില്‍ നിന്ന് വിഷാദ രോഗത്തിനുള്ള ആല്‍പ്രാക്‌സ് ഗുളികയുടെ സ്ട്രിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഒരു സ്ട്രിപ് പൂര്‍ണമായി ഉപയോഗിച്ച നിലയിലും മറ്റൊന്ന് മൂന്ന് ഗുളികകള്‍ മാത്രം ഉപയോഗിച്ച നിലയിലുമായിരുന്നു. 15 ഗുളികകള്‍ വീതമുള്ള രണ്ട് സ്ട്രിപ്പുകളിലായി 27 എണ്ണം സുനന്ദ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഈ ഗുളികകള്‍ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നോ അതോ പിന്നീട് ആരെങ്കിലും കൊണ്ട് വച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ലാബില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയത്.

Scroll To Top