Saturday December 03, 2016
Latest Updates

സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാകാമെന്ന് ഡല്‍ഹി പൊലീസ്

സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാകാമെന്ന്   ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ(52) മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് സുനന്ദ പുഷ്‌കറിന്റെ മൃതദേഹം കണ്ടെത്തിയത്. സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാകാമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ഡല്‍ഹിയിലെ ചാണിക്യപുരിയിലെ ലീലാ പാലസ് ഹോട്ടലിലെ 345ാം നമ്പര്‍ റൂമിലാണ് സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശശി തരൂര്‍ തന്നെയാണ് സുനന്ദ മരിച്ച വിവരം പൊലീസിനെ അറിയിച്ചത്. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിന് പുറത്ത് പരിക്കുകളില്ലെന്നും മരണ കാരണം വ്യക്തമല്ലെന്നും ശശീ തരൂരിന്റെ െ്രെപവറ്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസി സമ്മേളനത്തിന് ശേഷം ശശി തരൂര്‍ ഹോട്ടലില്‍ എത്തി. അപ്പോള്‍ സുനന്ദ റൂമില്‍ വിശ്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം റൂമിന് പുറത്ത് കാത്തിരുന്നു. തുടര്‍ന്ന് തരൂര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതിനാല്‍ റൂമിലെത്തി. അപ്പോള്‍ സുനന്ദ അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് തരൂര്‍ ഡോക്ടറെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും സുനന്ദയോട് അടുപ്പമുള്ളവരും ഹോട്ടലിലുണ്ടായിരുന്നു.

ഭാര്യക്ക് അസുഖമാണെന്നും ഞാനവള്‍ക്കൊപ്പമുണ്ടാകണമെന്നും അതിനാല്‍ ജയ്പൂരിലെ സാഹിത്യോല്‍സവം നഷ്ടമാകുമെന്നും സുനന്ദയുടെ മരണത്തിന് ഒരു മണിക്കൂറിന് മുന്‍പ് ശശി തരൂര്‍ ട്വിറ്ററില്‍ ടീറ്റ് ചെയ്തിരുന്നു.

ശശി തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തങ്ങള്‍ വിവാഹ ബന്ധം വേര്‍പിരിയുന്നു എന്ന വാര്‍ത്ത ശശി തരൂരും സുനന്ദ പുഷ്‌കറും സംയുക്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.

2010 ഓഗസ്റ്റ് 22നാണ് ശശി തരൂര്‍ കശ്മീര്‍ സ്വദേശി സുനന്ദ പുഷ്‌കറിനെ വിവാഹം കഴിച്ചത്. സുനന്ദയുടെ മൂന്നാം വിവാഹമാണിത്. ഐപിഎല്‍ കേരള ടീമില്‍ സുനന്ദ പുഷ്‌കറിന് ഓഹരിയുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ശശി തരൂര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Scroll To Top