Friday December 09, 2016
Latest Updates

സുനന്ദയെ കൊന്നത് അടുത്ത സുഹൃത്തെന്ന് ഡല്‍ഹി പോലീസ്

സുനന്ദയെ കൊന്നത് അടുത്ത സുഹൃത്തെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ കൊലപ്പെടുത്തിയത് അടുത്ത സുഹൃത്താണെന്ന നിഗമനത്തില്‍ ഡല്‍ഹി പോലീസ്. സുനന്ദയുടെയോ ശശി തരൂരിന്റെയോ അടുത്ത സുഹൃത്തുക്കളിലാരോ ആകാം സുനന്ദയുടെ ശരീരത്തില്‍ വിഷം കുത്തി വച്ചതെന്ന നിഗമനത്തിലാണ് ഡല്‍ഹി പോലീസ്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം പുറത്ത് വന്നാല്‍ മാത്രമേ വിഷം എതെന്ന് തിരിച്ചറിയാനാകൂ. അതീവ സുരക്ഷയുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയുടെയോ തരൂരിന്റെയോ പരിചയക്കാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാനിടയുള്ളൂ എന്നതാണ് ഇരുവരുടെയും സുഹൃത്തുക്കള്‍ സംശയത്തിന്റെ നിഴലിലായത്.

സുനന്ദയുടെയും തരൂരിന്റെയും സുഹൃത്തുക്കള്‍ സംശയത്തിന്റെ നിഴലിലായത്തോടെ അന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരെ ഡല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ശശി തരൂരിനെയും ഉടന്‍ ചോദ്യം ചെയ്യും. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൊല്‍ക്കത്തയിലുള്ള തരൂര്‍ തിരിച്ച് എത്തിയാലുടാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തേക്കും. സുനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ തരൂര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം തരൂരിന് പിന്തുണയുമായി സുനന്ദയുടെ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നു. തരൂരും സുനന്ദയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി തങ്ങളോടു പറഞ്ഞിട്ടില്ലെന്നും സുനന്ദയുടെ സഹോദരന്‍ രാജേഷ് പുഷ്‌കര്‍ പറഞ്ഞു. സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടായിരുന്നതായി മകന്‍ ശിവ് മേനോനും മൊഴി നല്‍കി.

Scroll To Top