Friday December 09, 2016
Latest Updates

സുനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു; അസ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സുനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു; അസ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ ലോധി റോഡിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. അതിന് മുമ്പ് ഔദ്യോഗിക വസതിയില്‍ ഒരു മണിക്കൂര്‍ പൊതു ദര്‍ശനത്തിനുവെച്ചിരുന്നു. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ . ഔദ്യോഗിക വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചുവെങ്കിലും കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും മാത്രമായിരുന്നു അവിടേയ്ക്ക് പ്രവേശിപ്പിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച വസതിക്കു മുന്നിലും സംസ്‌കാര ചടങ്ങുകള്‍ നടന്ന ലോധി റോഡിലെ ശ്മശാനത്തിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
അതേ സമയം സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസം കഴിഞ്ഞേ തയ്യാറാവൂ എന്ന് പോസ്റ്റ്‌മോറ്!ട്ടം ചെയ്ത എയിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. സുനന്ദയുടേത് അസ്വാഭാവികവും പെട്ടെന്നുള്ളതുമായ മരണമാണ്. ശരീരത്തില്‍ ഒരുപാട് മുറിവുകള്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ മുറിവുകള്‍ മരണകാരണം ആകണമെന്നില്ല ഡോക്ടര്‍മാര്‍ പറഞ്ഞു.
ആന്തരാവയവങ്ങളുടെ സാംപിളുകളില്‍ ചിലതു രാസപരിശോധനയ്ക്കായി അയച്ചു കഴിഞ്ഞു. അതിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമായി പറയാനാകൂ. അതേസമയം വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ലെന്നും മരണവുമായി ബന്ധപ്പെട്ടുള്ള ഒരു സംശയവും ബാക്കിവെക്കില്ലെന്നും അതിനാല്‍ വിശദമായി പരിശോധന നടത്തുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങുകള്‍ക്കായി ലോധിയിലെ വൈദ്യുതി ശ്മശാനത്തില്‍ എത്തിച്ച മൃതദേഹത്തില്‍ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. അതിന് മുമ്പ് വസതിയില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, വി.എം സുധീരന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എത്തുമെന്നറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം സിംഗ് എത്തുന്നില്ലെന്ന് അറിയിച്ചു.

മകന്‍ ശിവ്‌മേനോനോപ്പം

മകന്‍ ശിവ്‌മേനോനോപ്പം

ഇതിനിടെ സുനന്ദപുഷ്‌കറിന്റെ മകന്‍ ശിവ് മേനോന്‍ ഡല്‍ഹിയിലെത്തി മൃതദേഹം കണ്ടു.

 

 

സുജിത് മേനോനുമായുള്ള വിവാഹത്തിനു കൊച്ചിയിലെ രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയപ്പോള്‍ (ഫോട്ടോ: തെഹല്‍ക്ക )

സുജിത് മേനോനുമായുള്ള വിവാഹത്തിനു കൊച്ചിയിലെ രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയപ്പോള്‍ (ഫോട്ടോ: തെഹല്‍ക്ക )

ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയാണ് സുനന്ദ. ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അവര്‍ മുന്നുവര്‍ഷം മുമ്പാണ് തരൂരിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം സുനന്ദയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളില്‍ ശശി തരൂര്‍ കുടുങ്ങിയിരുന്നു. കരസേനയില്‍ ലഫ്.കേണലായിരുന്ന പുഷ്‌കര്‍ദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും മകളാണ് സുനന്ദ.

തരൂരിന് മുമ്പ് മലയാളി വ്യവസായി സുജിത് മേനോനെ സുനന്ദ വിവാഹം കഴിച്ചിരുന്നു. അദ്ദേഹം കാറപകടത്തില്‍ മരിക്കുകയായിരുന്നുദുബായിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടറായിരുന്ന സുനന്ദ. റാന്‍ഡേവൂ സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ സഹഉടമ കൂടിയായിരുന്നു.

സുനന്ദയ്ക്ക് മാരകമായതോ ,ഗുരുതരമായതൊ ആയ യാതൊരു രോഗാവസ്ഥയും ഉണ്ടായിരുന്നില്ലെന്ന് അവരെ അവസാനം ചികിത്സിച്ച തിരുവനന്തപുരത്തെ കിംസ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി .

Scroll To Top