Tuesday December 06, 2016
Latest Updates

സുധീരന്‍ എന്‍ എസ് എസ്സിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സുകുമാരന്‍ നായര്‍

സുധീരന്‍ എന്‍ എസ് എസ്സിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്‍.എസ്.എസ്സിനെയും മന്നത്ത് പത്മനാഭനേയും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. എ.കെ.ആന്റണി അടക്കമുള്ളവര്‍ മാന്യമായ നിലപാട് സ്വീകരിച്ചപ്പോള്‍ സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെരുന്നയിലെ മന്നംസമാധിയില്‍ പുഷ്പാര്‍ച്ചനക്കെത്തിയ സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം.

സുധീരനെ രൂക്ഷമായി വിമര്‍ശിച്ച സുകുമാരന്‍ നായര്‍ താന്‍ സുധീരനെ മുറിയില്‍ കാത്തുനിന്നതായി പറഞ്ഞു. എന്‍.എസ്.എസ് നേതാക്കളെ കാണാനെത്തുന്നവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. സുധീരന്‍ എത്തിയപ്പോള്‍ മാറിനിന്നത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ്. ആരോഗ്യകാരണത്താലാണ് മുറിയിലേക്ക് പോയത്. എന്‍.എസ്.എസ് ആരെയും ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് സമയം തേടണമായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പെരുന്നയിലെ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ സുധീരന്‍ ശ്രമിച്ചതായി സുകുമാരന്‍ നായര്‍ ആരോപിച്ചു. 10 മിനിറ്റ് പോലും കാത്തുനില്‍ക്കാന്‍ സുധീരന് കഴിഞ്ഞില്ല. മുമ്പ് പെരുന്നയില്‍ കാത്തുകെട്ടികിടന്നയാളാണ് സുധീരനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ഉടനെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തലയെ കാണാനും സുകുമാരന്‍ നായര്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന്, ചെന്നിത്തല ഓഫീസില്‍ പോയി സുകുമാരന്‍ നായരെ കാണുകയായിരുന്നു. ഇതുപോലെ കാണാതെ മുറിയിലേക്കു പോയ സുകുമാരന്‍നായരെ അങ്ങോട്ട് പോയി കാണാന്‍ സുധീരന്‍ തയ്യാറായിരുന്നില്ല.

Scroll To Top