Tuesday December 06, 2016
Latest Updates

സുകുമാരക്കുറുപ്പും ഹരിഹരവര്‍മയും ഒരാളോ? പോലീസിനെ ‘ക്ഷ’ വരപ്പിച്ച കുറുപ്പിനെ പിടിക്കാന്‍ വീണ്ടും കേരള പോലീസ്‌

സുകുമാരക്കുറുപ്പും ഹരിഹരവര്‍മയും ഒരാളോ? പോലീസിനെ ‘ക്ഷ’ വരപ്പിച്ച കുറുപ്പിനെ പിടിക്കാന്‍ വീണ്ടും കേരള പോലീസ്‌

കുറ്റാന്വേഷണത്തില്‍ വൈദഗ്ദ്യം തെളിയിച്ച കേരള പോലീസിനെക്കൊണ്ട് ‘ക്ഷ’ വരപ്പിച്ച ഒരേയൊരു കുറ്റവാളി ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. സാക്ഷാല്‍ സുകുമാരക്കുറുപ്പ് തന്നെ. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊന്ന് മൃതദേഹം കത്തിച്ച് ശേഷം കടന്ന സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെയാണെന്നത് പോലീസ് ഇപ്പോഴും ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ചോദ്യമാണ്.

മൂന്ന് പതിറ്റാണ്ടിന് ശേഷവും സുകുമാരക്കുറുപ്പ്  അജ്ഞാതനായി തുടരുന്ന സാഹചര്യത്തില്‍ പോലീസ് ചാക്കോ വധക്കേസ് എഴുതിത്തള്ളിയിരിക്കുകയാണ്. 1984 ജനുവരിയിലാണ് സുകുമാരക്കുറുപ്പ് ചാക്കോയെ കൊന്നിട്ട് ഒളിവില്‍ പോയത്. സുകുമാരക്കുറുപ്പ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിരഞ്ഞിരുക്കുകയാണ്. കൊല്ലപ്പെട്ട രത്‌നവ്യാപാരി ഹരിഹരവര്‍മ സുകുമാരക്കുറുപ്പ് തന്നെയാണോ എന്ന് പോലീസ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സുകുമാരക്കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്.

സുകുമാരക്കുറുപ്പിനെപ്പോലെ തന്നെ ഹരിഹരവര്‍മയുടെ ജീവിത പശ്ചാത്തലവും പോലീസിനു അജ്ഞാതമാണ്. ഇയാള്‍ക്ക് തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് ഭാര്യമാര്‍ ഉണ്ടെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും പോലീസിന്റെ കൈവശമില്ല.  മരണ ശേഷവും ഹരിഹരവര്‍മ അന്വേഷിച്ച് ബന്ധുക്കള്‍ ആരെങ്കിലും വരികയോ പോലീസുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ഇതാണ് പോലീസിന്റെ സംശയം വര്‍ദ്ധിപ്പിക്കുന്നത്.

മൂന്ന് പതിറ്റാണ്ടായി പോലീസിനെ കുഴയ്ക്കുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഹരിഹരവര്‍മയുടെ ഡിഎന്‍എ സാമ്പിള്‍ സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തുനോക്കും. രത്‌നവ്യാപാരിയായ ഹരിഹരവര്‍മയുടെ കൈവശം കോടികള്‍ വിലമതിക്കുന്ന രത്‌നങ്ങളുണ്ടായിരുന്നു. ഇത് കൈക്കലാക്കാനുള്ള ശ്രമത്തിനിടെയാണ് ഹരിഹരവര്‍മ കൊല്ലപ്പെട്ടത്.

കൊലപാതകത്തില്‍ കോടതി കുറ്റക്കാരെന്ന് വിധിച്ച അഞ്ചു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവിനു വിധിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹരിഹരവര്‍മയും സുകുമാരക്കുറുപ്പും ഒരാള്‍ തന്നെയാണോയെന്ന് പോലീസിനു സംശയം തോന്നിയത്. മരണ വാര്‍ത്ത മാധ്യമങ്ങളിലൂടെ പരസ്യമായിട്ടും വര്‍മയെ ആരും അന്വേഷിച്ച് വരാത്തതാണ് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. ആരും അന്വേഷിച്ച് വരാത്തത് കൊണ്ട് തന്നെ നേരത്തെ നാടും വീടും ഉപേക്ഷിച്ച് പോയ ആരോ ആണ് ഹരിഹരവര്‍മ എന്ന് പോലീസ് ഉറപ്പിക്കുന്നു. അങ്ങനെയെങ്കില്‍ അതില്‍ ഏറ്റവുമധികം സാധ്യത കല്പ്പിക്കപ്പെടുന്നത് സുകുമാരക്കുറുപ്പിനാണ്.

കൂടാതെ കുറുപ്പിന്റെ ജന്മനാടായ ചെങ്ങന്നൂരിനു സമീപപ്രദേശമായ മാവേലിക്കരയാണ് ഹരിഹരവര്‍മ ജന്മനാടായി പറഞ്ഞിരുന്നത്. ഇതിലപ്പുറം മറ്റ് വിവരങ്ങളൊന്നും പോലീസിന്റെ കൈയ്യിലില്ല. ഒരുപക്ഷെ കുറുപ്പിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതയായി ഈ കഥയും അവസാനിച്ചേക്കാം. അതുമല്ലെങ്കില്‍ പുതിയ സംഭവ വികാസങ്ങള്‍ കണ്ട യഥാര്‍ത്ഥ കുറുപ്പ് ഏതോ അജ്ഞാത കേന്ദ്രത്തില്‍ ഇരുന്നു നിഗൂഢമായി ചിരിക്കുന്നുണ്ടാകാം.

Scroll To Top