Friday December 09, 2016
Latest Updates

സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നെങ്കില്‍ മുണ്ടെ മരിക്കില്ലായിരുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ഡോക്ടറുമായ ഹര്‍ഷ വര്‍ദ്ധന്‍; സംസ്‌കാരം നടത്തി

സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നെങ്കില്‍ മുണ്ടെ മരിക്കില്ലായിരുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ഡോക്ടറുമായ ഹര്‍ഷ വര്‍ദ്ധന്‍; സംസ്‌കാരം നടത്തി

മുംബൈ: സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ മരിക്കില്ലായിരുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ഡോക്ടറുമായ ഹര്‍ഷ വര്‍ദ്ധന്‍. മുണ്ടെ കാറിന്റെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുമ്പോഴാണ് ദാരുണ അപകടം സംഭവിച്ചത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇത്. മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പോലെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മുണ്ടെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ബീഡിലേക്ക് തിരിക്കുന്നതിന് മുമ്പാണ് ഹര്‍ഷ വര്‍ദ്ധന്‍ ഇക്കാര്യം പറഞ്ഞത്. മുണ്ടെയുടെ മരണത്തിലൂടെ തനിക്ക് സുഹൃത്തിനെയും സഹപ്രവര്‍ത്തകനെയും നഷ്ടപ്പെട്ടു. ഇനി ആര്‍ക്കും ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്‍ജിഓ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇന്നലെ രാവിലെ ഉണ്ടായ കാറപകടത്തിലാണ് മുണ്ടെ മരിച്ചത്. ഇടിയുടെ ആഘാത്തത്തില്‍ ഉണ്ടായ ആന്തരിക രക്തസ്രാവവും തുടര്‍ന്ന് ഉണ്ടായ ഹൃദയാഘാതവുമാണ് മുണ്ടെയുടെ ജീവനെടുത്തത്. മുണ്ടെയുടെ ശവസംസ്‌കാരം അദ്ദേഹത്തിന്റെ സ്വദേശമായ പര്‍ളിയില്‍ നടത്തി. മുണ്ടെയുടെ മൂത്ത മകളും ബിജെപി മഹാരാഷ്ട്ര എംഎല്‍എയുമായ പങ്കജ മുണ്ടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Scroll To Top