Sunday December 11, 2016
Latest Updates

സിലിക്കണ്‍ വാലിയിലും ദാരിദ്യമോ ?

സിലിക്കണ്‍ വാലിയിലും ദാരിദ്യമോ ?

സിലിക്കണ്‍വാലി :ടെക്‌നോളജിയിലും ടെക്‌നിക്കല്‍ കമ്പനികളുടെ എണ്ണത്തിലും വളരെയധികം പുരോഗമിച്ച സിലിക്കണ്‍വാലിയില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ടെക്‌നിക്കല്‍ കമ്പനികളുടെ വിസ്മയകരമാം വിധത്തിലുള്ള വളര്‍ച്ച സിലിക്കണ്‍വാലിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന ഭവനരഹിതരുടെയും ദരിദ്രരുടെയും എണ്ണം പുരോഗതിക്കുതന്നെ തടസമായി മാറിക്കൊണ്ടിരിക്കുകയാണ്.

വാടക വര്‍ദ്ധിച്ചതോടെ 55ശതമാനത്തോളം സിലിക്കണ്‍ വാലി ജോലിക്കാര്‍ക്കും 90,000 ഡോളറെങ്കിലും കുടുംബത്തെ സംരക്ഷിക്കാനും ജീവിക്കാനും ഒക്കെയായി ആവശ്യമായി വന്നിരിക്കുകയാണ്. ഇതോടെ രാജ്യത്തെ കൂടുതല്‍ ഭവനരഹിതരുള്ള മേഖലയില്‍ അഞ്ചാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ് സിലിക്കണ്‍വാലി. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഇവിടത്തെ അവസ്ഥ കൂടുതല്‍ പരിതാപകരമായി മാറിക്കൊണ്ടിരിക്കുകയുമാണ്.

സാന്‍ഫ്രാന്‍സിസ്‌കോ തെരുവുകളിലും സാന്‍ജോസിലെ ഭവനരഹിത ക്യാമ്പുകളിലും താമസിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

എന്നാല്‍ 2012ല്‍ മാത്രം ഇവിടെ 92,000ത്തോളം പുതിയ ജോലികളും 46,000ത്തോളം പുതിയ ബിസിനസ് സംരംഭങ്ങളും ഉയര്‍ന്നുവന്നിട്ടുമുണ്ട്.
ഹൗസിംഗ് മാര്‍ക്കറ്റിലും വമ്പന്‍കുതിപ്പാണ് കാണാന്‍ സാധിച്ചിരിക്കുന്നത്. നേമ പോലുള്ള നിര്‍മ്മാണ കമ്പനികളുടെ വളര്‍ച്ചയും സാന്‍ഫ്രാന്‍സിസ്‌കോയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

റിയല്‍എസ്‌റ്റേറ്റ് രംഗത്തെ വിലവര്‍ദ്ധനവ് ചിലര്‍ക്ക് സഹായകമാകുമ്പോള്‍ പലരും ഈ മേഖലയില്‍ ജീവിക്കാന്‍തന്നെ പെടാപാടുപെടുകയാണ്. തെരുവിലേക്കെത്തപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

ടെക് ബൂമിന്റെ ഇരുണ്ടവശം തന്നെയാണ് തെരുവിലേക്ക് തള്ളപ്പെടുന്ന ഭവനരഹിതരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
165 മില്ല്യന്‍ ഡോളറോളം വര്‍ഷംതോറും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സാന്‍ഫ്രാന്‍സിസ്‌കോ ചിലവഴിക്കാറുണ്ടെങ്കിലും ഭവനരഹിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് തന്നെയാണ് ഉണ്ടാവുന്നത്.

ആയിരക്കണക്കിന് കുട്ടികളും ചെറുപ്പക്കാരും താമസിക്കാന്‍ ഒരു വീടില്ലാതെ തെരുവില്‍ കിടക്കേണ്ടിവരുന്നതായും കണക്കുകള്‍ തെളിയിക്കുന്നുണ്ട്.
എന്നാല്‍ ഇവിടങ്ങളിലെ വീടുകളുടെ എണ്ണക്കുറവല്ല പ്രശ്‌നം രൂക്ഷമാക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

60യൂനിറ്റ് ഹൗസിംഗ് പ്രൊജക്ടുകളാണ് 2014ല്‍ തുടക്കംകുറിക്കാന്‍ പദ്ധതിയിടുന്നത്. ഇതിനകം തന്നെ 2,800റില്‍പ്പരം ആളുകള്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. വീടെന്ന ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

സാന്‍ ജോസ് പോലുള്ള പ്രദേശങ്ങളില്‍ ഭവനരഹിതര്‍ കൂട്ടമായി വന്നു താമസിച്ചുതുടങ്ങിയിരിക്കുകയാണ്. ഇവിടങ്ങളില്‍ കൂടുതലും അക്രമപ്രവര്‍ത്തനങ്ങളും മദ്യവും മയക്കുമരുന്നുപയോഗവും ഒക്കെ വര്‍ദ്ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
പട്ടിണിയും ദാരിദ്ര്യവും ജനങ്ങളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു നയിക്കുകയാണ്. മാനസീകമായ രോഗങ്ങള്‍ക്കും കുറ്റവാസനകള്‍ക്കും പലരും അടിമപ്പെട്ടുപോവുകയുമാണ്.
അമേരിക്കയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളുടെ ആസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന മേഖലയിലെ കാര്യമാണ് ഇത്. ജനങ്ങള്‍ ജീവിക്കാനുള്ള യാതൊരു സൗകര്യങ്ങളും മാര്‍ഗവും ഇല്ലാതെ തെരുവില്‍കഴിയേണ്ടിവരികയാണ്.

Scroll To Top