Thursday December 08, 2016
Latest Updates

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനം; സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനം; സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും

പുതുച്ചേരി: സിപിഐയുടെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നു സമാപിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സുധാകര്‍ റെഡ്ഡി (73) വീണ്ടും തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. നേതൃത്വത്തിനെതിരെ ഉയരുന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രായമായെന്ന കുറ്റാരോപണങ്ങള്‍ക്കുമിടെയാണ് സുധാകര്‍ റെഡ്ഡി വീണ്ടും പാര്‍ട്ടി തലപ്പത്തേക്ക് അവരോധിക്കപ്പെടുന്നത്. സിപിഐഎമ്മിനെ പോലെ തന്നെ കഴിവുറ്റ നേതാക്കളുടെ അഭാവമാണ് സിപിഐഎയും കുഴക്കുന്നത്. സുധാകര്‍ റെഡ്ഡിയല്ലാതെ മറ്റാര് എന്ന ചോദ്യത്തിന് പത്തു വട്ടം ആലോചിക്കാതെ പാര്‍ട്ടിയുടെ ഒരുഘടകത്തിനും ഉത്തരം നല്‍കാന്‍ സാധിക്കില്ല. ഒരുഘട്ടത്തില്‍ ദേശീയ പദവി പോലും നഷ്ടപ്പെട്ടേക്കുമെന്ന ശോചനീയമായ അവസ്ഥയിലായിരുന്നു പാര്‍ട്ടി. പാര്‍ട്ടിക്ക് ശക്തമായ സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രനേതൃത്വം വിശ്വസിക്കുന്ന കേരളത്തില്‍ തന്നെ തമ്മില്‍തല്ലും കുതികാല്‍ വെട്ടുമായി നേതാക്കള്‍ പരസ്യമായി പോലും രംഗത്തെത്തിയിരുന്നു.

കേരളത്തില്‍നിന്ന് ബിനോയ് വിശ്വം ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെട്ടേക്കും. ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി പദങ്ങള്‍ ഒരാള്‍ പരമാവധി രണ്ടുതവണയും സവിശേഷ സാഹചര്യത്തില്‍ മാത്രം മൂന്നാം തവണയും വഹിക്കുകയെന്ന ഭരണഘടനാ ഭേദഗതി പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തനവും ഭരണവുമുള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കു തുല്യപങ്കാളിത്തം വേണമെന്ന നിലപാട് പാര്‍ട്ടി പരിപാടിയില്‍ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തി. രാഷ്ട്രീയ പ്രമേയവും സംഘടനാ, അവലോകന റിപ്പോര്‍ട്ടുകളും കാര്യമായ ഭേദഗതികളില്ലാതെ അംഗീകരിച്ചു.

അനാരോഗ്യം മൂലം മുന്‍ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍ ദേശീയ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവായേക്കും.പകരം ആരെന്ന് ധാരണയായിട്ടില്ല. പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടേറിയറ്റില്‍ തുടരും. നിര്‍വാഹക സമിതിയില്‍  വനിതാ പ്രാതിനിധ്യം കൂടുതല്‍ വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഇന്നു രൂപീകരിക്കുന്ന ദേശീയ കൗണ്‍സിലില്‍  11 പേരാണ് കേരളത്തിന്റെ ക്വോട്ട. കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷനില്‍ കേരളത്തില്‍നിന്ന് ഒരാളുണ്ടാവും. ഈ അംഗം കൗണ്‍സിലിലും ഇടം നേടും.ഇത്തവണ കേരള ഘടകത്തിന് കാന്‍ഡിഡേറ്റ് അംഗത്തെ അനുവദിച്ചിട്ടില്ല.

കഴിവുകെട്ട നേതൃത്വമാണ് പാര്‍ട്ടിയുടെ പ്രധാന പ്രശ്‌നമെന്ന് വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സുധാകര്‍ റെഡ്ഡി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കേരള ഘടകത്തിന്റെ പ്രതിനിധികളാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നതില്‍ മുന്നില്‍. ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞപ്പോള്‍, നേതൃത്വം പരാജയപ്പെട്ടെന്നാണ് വിലയിരുത്തലെങ്കില്‍ കുറ്റമേറ്റ് ഒഴിയാമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.

Scroll To Top