Tuesday December 06, 2016
Latest Updates

സിന്‍ ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിച്ചു,ജനപിന്തുണയില്‍ ലിയോ വരേദ്കര്‍ 

സിന്‍ ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിച്ചു,ജനപിന്തുണയില്‍ ലിയോ വരേദ്കര്‍ 

ഡബ്ലിന്‍: സിന്‍ ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിച്ചു. ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സിന്‍ ഫിന്‍ അയര്‍ലണ്ടിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായി. സണ്‍ഡേ ഇന്‍ഡിപ്പെന്‍ഡന്റ്, മില്‍ വാര്‍ഡ് സംയുക്ത സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. അതേസമയം പാര്‍ട്ടി എന്ന നിലയില്‍ സിന്‍ ഫിന്‍ ജനപിന്തുണ ആര്‍ജിച്ചെങ്കിലും പാര്‍ട്ടി നേതാവ് ജെറി ആഡംസിന്റെ ജനപിന്തുണയില്‍ 8 ശതമാനം കുറവുണ്ടായി. പുതിയ സര്‍വേ പ്രകാരം സിന്‍ ഫിന്‍ 26 ശതമാനം പിന്തുണയുമായി ഫിനാഗലിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥനാത്തുള്ള ഫിനാഗല്‍ 22 ശതമാനം ജനപിന്തുണ ആര്‍ജിച്ചു. 

ഫിനാഫാള്‍ 20 ശതമാനം ജനപിന്തുണയുമായി മൂന്നാം സ്ഥാനത്ത് എത്തി. തൊട്ട് മുന്‍ സര്‍വേയുമായി താരതമ്യം ചെയ്താല്‍ ഫിനാഗലിന്റെ ജനപിന്തുണയില്‍ 3 ശതമാനം ഇടിവ് സംഭവിച്ചു. ഫിനാഫാളിന്റെ ജനപിന്തുണയില്‍ 1 ശതമാനം കുറവും സിന്‍ ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണയില്‍ 4 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ലേബറിന്റെ ജനപിന്തുണ രണ്ട് ശതമാനം ഇടിഞ്ഞ് 7 ശതമാനമായി. സ്വതന്ത്രന്‍മാരുടെ പിന്തുണ 2 ശതമാനം വര്‍ധിച്ച് 23 ശതമാനമായി. ജലനിരക്കിനെതിരെയുള്ള ശക്തമായ പ്രതിഷേധം സര്‍വെയില്‍ വ്യക്തമായതായി സര്‍വേ നടത്തിയ സണ്‍ഡേ ഇന്‍ഡിപ്പെന്‍ഡന്റ്, മില്‍ വാര്‍ഡ് വ്യക്തമാക്കി. 

ജനപിന്തുണയുള്ള നേതാക്കളില്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയെ പിന്നിലാക്കി ലിയോ വരദ്കര്‍ മുന്നിലെത്തി. പുതിയ ജലനിരക്കിന്റെ ഭാഗമായി ഐറിഷ് വാട്ടറിന് പിപിഎസ് നമ്പര്‍ കൈമാറാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സര്‍വെയില്‍ 67 ശതമാനം പേരും അഭിപ്രായപ്പെട്ടു. ജലനിരക്ക് അടയ്ക്കില്ലെന്നു നാലിലൊന്ന് പേരും അഭിപ്രായപ്പെട്ടു. ജലനിരക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജല ഉപഭോഗം കുറച്ചതായി 56 ശതമാനം പേര്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ 21 നും 31 നും ഇടയ്ക്കാണ് ഏറ്റവും പുതിയ സര്‍വേ നടത്തിയത്.

Scroll To Top