Tuesday December 06, 2016
Latest Updates

സാംസങ്ങ് ഗ്യാലക്‌സി ഫോണുകളില്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

സാംസങ്ങ് ഗ്യാലക്‌സി ഫോണുകളില്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

സാംസങ്ങ് ഗ്യാലക്‌സി ഫോണുകളില്‍ ഗുരുതരമായ സുരക്ഷ വീഴ്ച കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡിന്റെ സോഫ്റ്റ്‌വെയര്‍ പതിപ്പായ റെപ്ലിക്കന്റ്‌റ് ആണ് ഈ സുരക്ഷ വീഴ്ച കണ്ടെത്തിയത്. ഗ്യാലക്‌സി ഫോണുകളും ടാബ്ലെറ്റുകളും അവയില്‍ ഘടിപ്പിച്ചിരിക്കുന്ന അതിസൂക്ഷ്മമായ ഒരു ഉപകരണം വഴി വിദൂരത്തിരുന്നു പോലും നിയന്ത്രിക്കുന്നതിനാവുമെന്നാണ് കണ്ടെത്തല്‍. ഒരാള്‍ക്ക് അവയുടെ ഫയല്‍ സിസ്റ്റത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ പോലും കഴിയുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഫോണിലെയും ടാബ്ലെറ്റിലെയും ഡാറ്റ ചോര്‍ത്താന്‍ ശ്രമിക്കുന്ന ഹാക്കര്‍മാരും സൈബര്‍ കുറ്റവാളികളും ഈ സുരക്ഷ വീഴ്ച ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് സാങ്കേതിക വിദഗ്ദര്‍ നല്‍കുന്നത്.

ഹാക്കര്‍മാര്‍ക്ക് ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്റെ ക്രിപ്‌റ്റോഗ്രാഫിക് സിഗ്‌നേച്ചര്‍ (cryptographic signature) തകര്‍ക്കാതെ എപികെ(APK)യില്‍ മാറ്റം വരുത്തി ആ അപ്ലിക്കേഷനെ ഒരു ട്രോജന്‍ മാല്‍വെയര്‍ ആക്കി മാറ്റം. ഗൂഗിള്‍ പ്ലേ സ്റ്റോറിനും, ഫോണിനും, ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ക്കും ഈ മാറ്റം തിരിച്ചറിയാന്‍ കഴിയില്ല. ഇതുവഴി ഒരു ഹാക്കര്‍ക്ക് ഇമെയില്‍, എസ്എംഎസ്, ഡോകുമെന്റ്‌സ്, ഫോണില്‍ സേവ് ചെയ്തിട്ടുള്ള അക്കൗണ്ട് യൂസര്‍നെയിം, പാസ്സ്‌വേര്‍ഡ് തുടങ്ങിയ ഫോണിലെ ഏതു വിവരങ്ങളും എടുക്കാം. കൂടാതെ ഫോണ്‍ കാള്‍ ചെയ്യുക, എസ്എംഎസ് അയക്കുക തുടങ്ങി ഫോണിലെ എന്ത് പ്രവര്‍ത്തനങ്ങള്‍ വേണമെങ്കിലും നിയന്ത്രിക്കാം.

സുരക്ഷ വീഴ്ചയുള്ള സാംസങ്ങ് മോഡലുകള്‍ നെക്‌സസ് എസ്, ഗ്യാലക്‌സി എസ്, ഗ്യാലക്‌സി എസ് 2, ഗ്യാലക്‌സി നോട്ട്, ഗ്യാലക്‌സി നെക്‌സസ്, ഗ്യാലക്‌സി ടാബ് 2, ഗ്യാലക്‌സി എസ് 3, ഗ്യാലക്‌സി നോട്ട് 2 തുടങ്ങിയവയാണ്. ഇവ കൂടാതെ സാംസങ്ങിന്റെ മറ്റ് മോഡലുകളിലും ഈ സുരക്ഷ വീഴ്ച ഉണ്ടാകാനിടയുണ്ടെന്ന് സാങ്കേതിക വിദഗ്ദര്‍ വിലയിരുത്തുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഡിവൈസിന്റെ റേഡിയോ മോഡവും തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്ന സോഫ്റ്റ്‌വെയറിലാണ് സുരക്ഷ വീഴ്ച കണ്ടെത്തിയത്.

ഫോണിന്റെ സംഭരണത്തിലുള്ള വിവരങ്ങള്‍ വായിക്കാനും എഴുതാനും ഡിലീറ്റ് ചെയ്യാനും മോഡത്തെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണിത്. ഈ മോഡം പുറത്ത് നിന്ന് നിയന്ത്രിക്കാനായാല്‍ ഫോണിലെ ഡാറ്റ ഏതുവിധേനയും മാറ്റിയെടുക്കാനോ ചോര്‍ത്തിയെടുക്കാനോ സാധിക്കും. മോഡത്തെ ഫോണിന്റെ മറ്റ് ഘടകങ്ങളില്‍ നിന്ന് വേര്‍തിരിച്ച് ക്യാമറയും ജിപിഎസും ഉള്‍പ്പെടെ എല്ലാം നിയന്ത്രിക്കാന്‍ കഴിയുന്ന വിധമാണ് ഇപ്പോള്‍ കണ്ടെത്തിയ സുരക്ഷ വീഴ്ച.

Scroll To Top