Wednesday December 07, 2016
Latest Updates

സവിത മരിച്ചു പോയേക്കുമെന്ന് ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ക്കു ബോധ്യമുണ്ടായിരുന്നുവെന്ന് ഹിക്വ

സവിത മരിച്ചു പോയേക്കുമെന്ന് ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ക്കു ബോധ്യമുണ്ടായിരുന്നുവെന്ന് ഹിക്വ

ഡബ്ലിന്‍ : സവിത ഹാലപ്പനവര്‍ മരിച്ചത് വേണ്ടത്ത്ര പരിഗണനയും ചികിത്സയും ലഭിക്കാത്തതിനാലെന്ന് ഉറപ്പിച്ചു കൊണ്ട് ഹെല്‍ത്ത് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ക്വാലിറ്റി അതോറിറ്റി(ഹിക്വ)യുടെ മൂന്നാം റിപ്പോര്‍ട്ട്.

അപകടാവസ്ഥയിലുള്ള ഒരു രോഗി എന്ന നിലയില്‍ ലഭിക്കേണ്ട ശ്രദ്ധയും ചികിത്സയും സവിതയ്ക്ക് ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ഹിക്വ വ്യക്തമാക്കുന്നത്.

ഗാല്‍വേ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ച് കഴിഞ്ഞ കൊല്ലമായിരുന്നു സവിത മരിച്ചത്. 17 ആഴ്ച്ച ഗര്‍ഭിണി ആയിരുന്ന സവിതയുടെ കാര്യത്തില്‍ ആശുപത്രി അധികൃതര്‍ അല്പം കൂടി ശ്രദ്ധചെലുത്തിയിരുന്നെങ്കില്‍ അവരുടെ മരണം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ സെന്റ് മോനിക്കാ വാര്‍ഡിലെ നേഴ്‌സിംഗ് കെയറിനെ ശക്തമായി അപലപിക്കുന്നതാണ് റിപ്പോര്‍ട്ട്.2009 ല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച് നല്‍കിയ പ്രകാരമല്ല വാര്‍ഡില്‍ നേഴ്‌സിംഗ് കെയര്‍ നടത്തിയിരുന്നത്.

സവിത ഹാലപ്പനവറുടെ സ്ഥിതി മോശമായി തുടരുകയാണെന്നും ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ അവര്‍ മരിച്ചുപോയേക്കുമെന്നും ആശുപത്രി അധികൃതര്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്നരീതിയിലാണ് ഹിക്വയുടെ കണ്ടെത്തല്‍.

ആശുപത്രിയിലെ സേന്റ് മോണിക്ക വാര്‍ഡില്‍ പ്രവേശിപ്പിച്ച സവിത ഹാലപ്പനവറുടെ ബ്ലഡ് പ്രഷര്‍, ഹൃദയമിടിപ്പ്, ടെംപറേച്ചര്‍ എന്നിവ നാലു മണിക്കൂര്‍ ഇടവിട്ട് ശ്രദ്ധിക്കണമെന്ന് ഇവരെ പരിപാലിക്കാന്‍ ഏര്‍പ്പെടുത്തിയ നഴ്‌സുമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ പരിശോധനകള്‍ നടത്തുന്നതില്‍ ഇവര്‍ വേണ്ടത്ത്ര ശ്രദ്ധ കാട്ടിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പല ആരോഗ്യ സേവനങ്ങളും തെറ്റുകള്‍ സംഭവിച്ചുകഴിഞ്ഞതിനു ശേഷമാണ് കൂടുതല്‍ ശ്രദ്ധ വേണമായിരുന്നു എന്ന് ചിന്തിക്കുന്നതുപോലും. 2007ല്‍ സവിത ഹാലപ്പനവറിന്റെ കേസിനോട് സാമ്യമുള്ള മറ്റൊരു മരണവും സംഭവിച്ചിരുന്നു. ടാനിയ മക്കാബെ എന്ന യുവതിയും അവരുടെ കുഞ്ഞ് സാക്കും ഇതേ അവസ്ഥയില്‍ മരിച്ചിരുന്നു.

മാതൃത്വ സംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ എച്ച്എസ്ഇയും ആരോഗ്യവകുപ്പും എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
250 പേജുകളോളം വരുന്ന റിപ്പോര്‍ട്ട് സവിത ഹാലപ്പനവര്‍ കേസുമായി ബന്ധപ്പെട്ട് ഹിക്വ നല്‍കുന്ന മൂന്നാമത് റിപ്പോര്‍ട്ടാണ്. സവിതയുടെ മരണം സംബന്ധിച്ച് എച്ച്എസ്ഇയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണ്.
ഹിക്വ ബോര്‍ഡ് ഈ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി ആരോഗ്യ വകുപ്പ് മന്ത്രി ജെയിംസ് റീലിക്കും കൈമാറിയിട്ടുണ്ട്. എന്നാല്‍ ഭാര്യ മരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയുമില്ലാതെ പോകുന്ന അന്വേഷണത്തോട് സവിതയുടെ ഭര്‍ത്താവ് പ്രവീണിന് യോജിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ അന്വേഷണവുമായി സഹകരിക്കാതെ നിയമവഴിയിലൂടെ മുന്നോട്ടുപോവുകയാണ് പ്രവീണ്‍. ഹിക്വ തങ്ങളുടെ റിപ്പോര്‍ട്ടിന്റെ കോപ്പി പ്രവീണിനും കൈമാറിയിട്ടുണ്ട്.
അപകടാവസ്ഥയിലുള്ള ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് എച്ച്എസ്ഇ നല്‍കുന്ന ചികിത്സയുടെ സുരക്ഷിതത്വത്തെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും ഉള്ള ഒരന്വേഷണം കൂടിയാണ് ഹിക്വയുടെ റിപ്പോര്‍ട്ട്.

Scroll To Top