Sunday December 04, 2016
Latest Updates

സവിതയ്ക്കുവേണ്ടി ഒരു ദിവസം :ഡബ്ലിനിലും കോര്‍ക്കിലും ഗാല്‍വേയിലും തിങ്കളാഴ്ച്ച അനുസ്മരണ പരിപാടികള്‍

സവിതയ്ക്കുവേണ്ടി ഒരു ദിവസം :ഡബ്ലിനിലും കോര്‍ക്കിലും ഗാല്‍വേയിലും തിങ്കളാഴ്ച്ച അനുസ്മരണ പരിപാടികള്‍

ഗാല്‍വേ:ആ വജ്രശോഭയുള്ള പുഞ്ചിരി മാഞ്ഞിട്ട് ഒരു വര്‍ഷം. നഷ്ടമായത് ഒരു കുടുംബത്തിലെ വിളക്കായിരുന്നു. തിരികെ ലഭിക്കില്ലയെങ്കിലും അവള്‍ക്കായി ഒരു ദിവസം മാറ്റി വയ്ക്കാന്‍ അവളുടെ സുഹൃത്തുക്കളും അവളുടെ മരണത്തില്‍ ദുഖമനുഭവിക്കുന്നവരും തീരുമാനിച്ചു.
രാജ്യത്തിലങ്ങോളമിങ്ങോളം തിങ്കളാഴ്ച്ച വൈകിട്ട് സവിത ഹാലപ്പനവറിന്റെ അനുസ്മരണ ദിവസം ആചരിക്കുന്നു. യാതൊരു വിധ രാഷ്ട്രീയവും തങ്ങള്‍ക്കില്ലെന്നും ചടങ്ങില്‍ പ്രസംഗങ്ങളോ പ്രത്യേക അജണ്ടകളോ ഒന്നും തന്നെ ചേര്‍ത്തിട്ടില്ലെന്നും സംഘാടകര്‍ അറിയിച്ചു. സവിതയുടെ മരണത്തില്‍ ദുഖം അനുഭവിക്കുന്നവര്‍ക്ക് ഒത്തുചേരാനും അവരുടെ വേദന പങ്കുവയ്ക്കാനും ഒരു ദിവസം എന്ന് മാത്രമാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
ഡബ്ലിനിലും കോര്‍ക്കിലും ഗാല്‍വേയിലും വൈകിട്ട് 6 മുതല്‍ 7 മണിവരെ ഒത്തുചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. വിളക്കുകളും മെഴുകുതിരികളുമായി ഒത്തുചേരണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഡബ്ലിനില്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലും ഗാല്‍വേയില്‍ അയര്‍ സ്‌ക്വയറിലും കോര്‍ക്കില്‍ ഒപേറ ഹൗസിലും വച്ചാണ് അനുസ്മരണം ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് ഗാല്‍വേ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ സവിത ഹാലപ്പനവര്‍ മരണപ്പെട്ടത്. ഗര്‍ഭ കാലവുമായി ബന്ധപ്പെട്ട് വന്ന നടുവേദനയ്ക്ക് ചികിത്സ തേടി എത്തിയതായിരുന്നു അവര്‍. 17 ആഴ്ച്ച ഗര്‍ഭിണിയായിരുന്നു സവിത.
വിഷമാവസ്ഥയില്‍ ഗര്‍ഭഛിദ്രം നടത്താനുള്ള അനുവാദംപോലും അവര്‍ ചോദിച്ചിരുന്നു. എന്നാല്‍ അയര്‍ലണ്ടിലെ നിയമവ്യവസ്ഥിതി അത് അനുവദിക്കുകയില്ലെന്നായിരുന്നു അവര്‍ക്കു കിട്ടിയ മറുപടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ പലതരം ഗര്‍ഭകാല അസുഖങ്ങളും അവര്‍ക്ക് പിടിപെട്ടു. മരണകാരണമായത് ഇകോയില്‍ ഇഎസ്ബിഎലിന്റെ സെപ്റ്റിക് ഷോക്കായിരുന്നു.
ജനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പിടിച്ചുകുലുക്കിയ മരണമായിരുന്നു സവിതയുടേത്. ഇതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്തു. നിയമവ്യവസ്ഥിതിയില്‍ പറഞ്ഞിരിക്കുന്ന ഗര്‍ഭഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താനും സവിതയുടെ മരണം കാരണമായി.
രാഷ്ട്രീയത്തിലുള്ള പല പ്രമുഖ വ്യക്തികളും സവിതയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയിരുന്നതായി സവിതയുടെ അനുസ്മരണ ദിവസത്തിന്റെ സംഘാടകയായ കെയ്റ്റ പവര്‍ പറഞ്ഞു.
സവിതയെ അനുസ്മരിച്ചുകൊണ്ട് ഒരു ദിവസം ആചരിക്കണമെന്നും അതില്‍ പ്രസംഗങ്ങളോ അജണ്ടകളോ പാടില്ലെന്നും നിശബ്ദമായി അവരെ സ്മരിക്കണമെന്നുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും കെയ്റ്റ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപരമായ ഒരു സംഘടിക്കലല്ല ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.like-and-share

Scroll To Top