Tuesday December 06, 2016
Latest Updates

സലോമിയുടെ മരണം:കോളജ് മാനേജ്‌മെന്റും കോതമംഗലം രൂപതയും ഉത്തരവാദികളെന്ന് വാദമുയരുന്നു

സലോമിയുടെ മരണം:കോളജ് മാനേജ്‌മെന്റും കോതമംഗലം രൂപതയും ഉത്തരവാദികളെന്ന് വാദമുയരുന്നു

മൂവാറ്റുപുഴ :പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ന്യൂമാന്‍ കോളജ് മാനേജ്‌മെന്റിനെതിരേ കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നു. ജോസഫിനെ ജോലിക്ക് തിരിച്ചെടുക്കാത്തത് കൊണ്ടുണ്ടായ മാനസിക സമ്മര്‍ദ്ദം മൂലമാണെന്ന് സലോമി ആത്മഹത്യ ചെയ്തതെന്നും അതിനാല്‍ ന്യൂമാന്‍ കോളജ് മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ കോളേജ് മാനേജ്‌മെന്റിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് അഭിഭാഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലും മറ്റും കോളജ് അധികൃതര്‍ക്കും കോതമംഗലം രൂപതയ്ക്കും എതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്.കോതമംഗലം ബിഷപ്പിനെ കോളജ് മാനേജ്‌മെന്റിന്റെ അഭിഭാഷകന്‍ തെറ്റിദ്ധരിപ്പിച്ചതു മൂലമാണ് പ്രൊഫ.ജോസഫിന് അനുകൂലമായ നടപടി വൈകിപ്പിക്കാന്‍ ഇടയായതെന്നു പറയുമ്പോഴും രൂപതാധികാരികള്‍ക്ക് സലോമിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ലയെന്ന് തന്നെയാണ് പൊതുജനാഭിപ്രായം.

ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സലോമി ജോസഫിനെ (49) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ ഹോസ്റ്റല്‍പടിയിലെ വീട്ടിലെ കുളിമുറിയിലാണ് സലോമി തൂങ്ങിമരിച്ചത്.2010 ജൂലൈയിലാണ് ചോദ്യപേപ്പറില്‍ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കൊളെജിലെ അധ്യാപകനായിരുന്ന ജോസഫിന്റെ വലത് കൈപ്പത്തി അക്രമികള്‍ വെട്ടി മാറ്റിയത്

2010 ജൂലൈ നാലിനുണ്ടായ കൈവെട്ട് കേസിലെ മുഖ്യ സാക്ഷിയായിരുന്നു സലോമി. ചോദ്യപേപ്പര്‍ വിവാദക്കേസില്‍ ടി.ജെ. ജോസഫിനെ തൊടുപുഴ കോടതി വെറുതെവിട്ടെങ്കിലും കോളജ് മാനേജ്‌മെന്റ് തിരിച്ചെടുക്കാന്‍ തയാറായിരുന്നില്ല. ഈമാസം 31ന് സര്‍വീസില്‍ നിന്ന് പിരിയുന്നതോടെ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്‌നവും മറ്റും ഭാര്യ സലോമിയെ മാനസിക സംഘര്‍ഷത്തില്‍ ആക്കിയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

വെട്ടിമാറ്റപ്പെട്ട കൈപ്പത്തി പിന്നീട് തുന്നിച്ചേര്‍ത്തെങ്കിലും അക്രമി സംഘത്തിന്റെ ഭീഷണി ജോസഫിന്റെ കുടുംബത്തിന് നേരെയുമുണ്ടായി. പൊലീസ് സംരക്ഷണയിലായിരുന്നു പിന്നെ ജീവിതം. ജോലി നഷ്ടപ്പെട്ടപ്പോള്‍ സാമ്പത്തികമായി കുടുംബം തകര്‍ന്നു. വീണ്ടും ജോലിയില്‍ പ്രവേശിക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല. താങ്ങും തണലും നഷ്ടപ്പെട്ട കുടുംബം മാനസിക സമ്മര്‍ദ്ദങ്ങളിലായിരുന്നു.

നാലു വര്‍ഷമായി പൊലീസ് അകമ്പടിയും കുടുംബത്തെ തളര്‍ത്തിയിരുന്നു. പൊലീസിനൊപ്പമാണ് ഇന്നലെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തലവേദനയ്ക്ക് ചികിത്സയ്ക്കായി സലോമി പോയതും. കടുത്ത പ്രതിസന്ധികളിലും തളരാതെനിന്ന സലോമിയുടെ പൊടുന്നനെയുള്ള വിടവാങ്ങല്‍ കേസിനെ ബാധിക്കില്ലെങ്കിലും നിര്‍ണായക സാക്ഷിയാണ് ഇല്ലാതായത്.

അതേസമയം ചോദ്യപേപ്പര്‍ വിവാദത്തെ ത്തുടര്‍ന്ന് കൈവെട്ടിന് ഇരയായ തൊടുപുഴ ന്യൂമാന്‍ കോളജ് മുന്‍ പ്രഫസര്‍ ടി.ജെ. ജോസഫിന്റെ ഭാര്യ സലോമിയുടെ മരണത്തില്‍ സഭക്ക് ദുഃഖമുണ്ടെന്ന് കോതമംഗലം രൂപതാ വക്താവ് മാധ്യമങ്ങലോട് പറഞ്ഞു. ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കുന്നതില്‍ സഭക്ക് എതിര്‍പ്പില്ലായിരുന്നു. ഈ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയായിരുന്നെന്നും ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് പറഞ്ഞു.

Scroll To Top