Tuesday December 06, 2016
Latest Updates

സമരത്തിനൊരുങ്ങുന്ന അദ്ധ്യാപകര്‍ക്ക് ഉപപ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

സമരത്തിനൊരുങ്ങുന്ന അദ്ധ്യാപകര്‍ക്ക് ഉപപ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ഡബ്ലിന്‍ :ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റിനെ എതിര്‍ത്തുകൊണ്ട് അയര്‍ലണ്ടിലെ സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്‍ (എഎസ്ടിഎ) നടത്താന്‍ തീരുമാനിച്ച സമരത്തെ വിമര്‍ശിച്ചുകൊണ്ട് ഉപപ്രധാനമന്ത്രി ഈമന്‍ ഗില്‍മോര്‍ രംഗത്തെത്തി.

സമരപരിപാടിയിലേക്ക് നീങ്ങുന്നതിനുമുന്‍പായി രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും കണ്ട് ചര്‍ച്ചകള്‍ നടത്തി വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാത്ത തീരുമാനം കൈക്കൊള്ളണമെന്നും ഗില്‍മോര്‍ എഎസ്ടിഎയോട് ആവശ്യപ്പെട്ടു.ആവശ്യമില്ലാതെ സമരത്തിലേക്ക് എടുത്തു ചാടരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി

സാമ്പത്തിക വകുപ്പ് മന്ത്രി മൈക്കല്‍ നൂനനെയും പബ്ലിക് എക്‌സ്‌പെന്റിച്ചര്‍ വകുപ്പ് മന്ത്രി ബ്രണ്ടാന്‍ ഹോളിനെയും അനുകൂലിച്ച് കൊണ്ടാണ് ഇപ്പോള്‍ ഉപപ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

എഗ്രിമെന്റില്‍ മാറ്റം വരുത്താനുള്ള യാതൊരു സാധ്യതയും ഇല്ലെന്നാണ് മന്ത്രി നൂനന്‍ പറഞ്ഞത്. അടുത്ത ബജറ്റില്‍ എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഹോളിനും പറഞ്ഞു. ജൂലൈ 1ന് തന്നെ എഗ്രിമെന്റ് നിലവില്‍ വരുമെന്നും ഹോളിന്‍ കൂട്ടിച്ചേര്‍ത്തു. ഒരേയൊരു അസോസിയേഷന്‍ മാത്രമാണ് എതിര്‍പ്പുമായി രംഗത്തുള്ളു എന്ന ആശ്വാസത്തിലാണ് ഹോളിന്‍.
ഐഎന്‍ടിഒയും അയര്‍ലണ്ട് ടീച്ചേര്‍സ് യൂണിയനും അടക്കമുള്ള മറ്റു ടീച്ചേര്‍സ് യൂണിയനുകള്‍ ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റ് അംഗീകരിച്ചിരുന്നു.
പ്ലാനിങ്ങ് പോളിസി മീറ്റിംഗുകള്‍, ടീച്ചര്‍മാര്‍ക്കായുള്ള സര്‍വ്വീസ് ട്രെയിനിങ്ങുകള്‍ എന്നിവയൊക്കെ സ്‌കൂള്‍ സമയത്തിനു പുറമേ നടത്തുന്നതാണെങ്കില്‍ ബഹിഷ്‌കരിക്കാന്‍ എഎസ്ടിഎ കഴിഞ്ഞ ദിവസം ടീച്ചര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. 17,000ഓളം അംഗങ്ങളാണ് ഒക്ടോബര്‍ 2ന് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സമരത്തില്‍ പങ്കാളികളാവുക.
സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് ടീച്ചര്‍മാര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പും നടത്തിയിരുന്നു. തങ്ങളുടെ വിദ്യാര്ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം ടീച്ചര്‍മാരുടെ ഇടയില്‍ ഉണ്ടായിരുന്നതിനാല്‍ പകുതിയോളം പേര്‍ മാത്രമാണ് സമരത്തെ പൂര്‍ണ്ണമായും അനുകൂലിച്ചത്.
ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റ് എല്ലാ ട്രേഡ് യൂണിയനുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണെന്നും ഇത് എഎസ്ടിഎ എതിര്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചുകഴിഞ്ഞുവെന്നും ഉപപ്രധാനമന്ത്രി വ്യക്തമാക്കി.

Scroll To Top