Wednesday December 07, 2016
Latest Updates

സമന്‍സ് വിതരണം മുടങ്ങി ,ട്രാഫിക്ക് കേസുകള്‍ സര്‍ക്കാര്‍ തള്ളിക്കളയുന്നു

സമന്‍സ് വിതരണം മുടങ്ങി ,ട്രാഫിക്ക് കേസുകള്‍ സര്‍ക്കാര്‍ തള്ളിക്കളയുന്നു

ഡബ്ലിന്‍ :കുറ്റക്കാരെ കോടതി മുറിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ 60,000 കേസുകള്‍ യാതൊരു ശിക്ഷാ നടപടികളും കൂടാതെ കോടതി തള്ളിക്കളയാന്‍ ഒരുങ്ങുന്നു. 60,000യിരത്തില്‍പ്പരം ഡ്രൈവിംഗ് കേസുകളില്‍പ്പെട്ട പ്രതികള്‍ക്ക് ഇതുവരെയായി സമന്‍സ് അയക്കാന്‍ ഗാര്‍ഡയ്ക്ക് സാധിക്കാത്തതാണ് ഈ കേസുകള്‍ ഉപേക്ഷിക്കാന്‍ കാരണമായി മാറിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവിലെ 60,000 കേസുകളാണ് ഇപ്പോള്‍ കോടതിക്ക് തള്ളേണ്ടിവന്നിരിക്കുന്നത്. ഇതേ കാലയളവിലുള്ള 20,000 കേസുകളുടെയും കുറ്റവാളികളെ വെറുതെ വിടേണ്ടിവന്നിട്ടുമുണ്ട്.

നോട്ടീസ് ലഭിച്ചിട്ടും പിഴയടക്കാത്ത ഡ്രൈവര്‍മാര്‍ക്കാണ് പെനാല്‍ട്ടി പോയിന്റ് സമന്‍സ് അയക്കാറ്. 56 ദിവസങ്ങള്‍ക്കുള്ളില്‍ പ്രതി പിഴയടക്കാതിരിക്കുകയാണെങ്കില്‍ ഗാര്‍ഡ സമന്‍സിന്റെ അടിസ്ഥാനത്തില്‍ കേസ് കോടതിയിലെത്തിക്കും. തുടര്‍ന്ന് വിചാരണയ്ക്കായി കോടതി ഒരു ദിവസം നിശ്ചയിക്കുകയും ചെയ്യും.

2011ല്‍ 29,719തും 2012ല്‍ 29,261ന്നും കേസുകളുടെ സമന്‍സുകളാണ് ഗാര്‍ഡയ്ക്ക് വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നത്.
2012ല്‍ പരിഗണിക്കപ്പെട്ട 54,528 പെനാല്‍ട്ടി പോയിന്റ് സമന്‍സുകളില്‍ 12000ത്തോളം എണ്ണം മാത്രമാണ് പിഴ തിരിച്ചടക്കപ്പെട്ടിട്ടുള്ളത്. മറ്റുള്ളതില്‍ പലതിലും കോടതിയിലെ പുവര്‍ ബോക്‌സില്‍ പണമടച്ച് രക്ഷപ്പെടുകയായിരുന്നു. പുവര്‍ ബോക്‌സില്‍ പണമടച്ചതിലൂടെ ലൈസന്‍സില്‍ മാര്‍ക്കിടുന്നതില്‍ നിന്നും പല ഡ്രൈവര്‍മാരും ഊരിപ്പോരുകയും ചെയ്തു.

2011ലെ 52,146 കേസുകളില്‍ 10,000ത്തോളം കേസുകളാണ് ഇത്തരത്തില്‍ പുവര്‍ബോക്‌സില്‍ പണമടച്ച് രക്ഷപ്പെട്ടിട്ടുള്ളത്.

സമന്‍സ് അയക്കാത്ത കേസുകള്‍ കോടതി വിചാരണയ്‌ക്കെടുക്കാനോ ശിക്ഷിക്കാനോ സാധിക്കില്ലെന്നും ഇത്തരത്തില്‍ തള്ളപ്പെടുന്ന കേസുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും നിയമ മന്ത്രി അലന്‍ ഷാറ്റര്‍ പറഞ്ഞു.

പല കാരണങ്ങള്‍ കൊണ്ടും ഗാര്‍ഡയ്ക്ക് സമന്‍സ് അയക്കാന്‍ സാധിക്കാതെ വരാമെന്നും പ്രതിയുമായി കോണ്‍ടാക്റ്റ് ചെയ്യാന്‍ സാധിക്കാതെ വന്നാലും പ്രതികള്‍ തെറ്റായ പേരും വിലാസവും ആണ് നല്‍കുന്നതെങ്കിലും വീടോ താമസസ്ഥലമോ ഇല്ലാതിരുന്നാലും ഗാര്‍ഡയ്ക്ക് സമന്‍സ് പ്രതികളില്‍ എത്തിക്കാന്‍ സാധിക്കാതെ വരാറുണ്ടെന്നും മന്ത്രി അലന്‍ ഷാറ്റര്‍ കൂട്ടിച്ചേര്‍ത്തു
.
സമന്‍സ് അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പരിശോധിച്ചുവരികയാണെന്നും ഷാറ്റര്‍ അറിയിച്ചു

Scroll To Top