Friday December 09, 2016
Latest Updates

സന്നിധാനം തേടി ഭക്തലക്ഷങ്ങള്‍ :ഇന്ന് മകരവിളക്ക് തെളിയും

സന്നിധാനം തേടി ഭക്തലക്ഷങ്ങള്‍ :ഇന്ന് മകരവിളക്ക് തെളിയും

ശബരിമല: അയ്യപ്പ ഭക്തന്മാരുടെ മെയ്യും മനസ്സും നിറച്ച് ഇന്ന് ശബരിമലയില്‍ മകര വിളക്ക് തെളിയും. വൈകിട്ട് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് മകരവിളക്ക് തെളിയുക. ഇന്ന് രാവിലെ മുതലേ ശരണം വിളികള്‍ കൊണ്ട് മുഖരിതമാണ് സന്നിധാനവും പരിസരവും. വ്രതശുദ്ധിയോടെ മലയിലെത്തിയ അയ്യപ്പ ഭക്തന്മാരുടെ ആത്യന്തിക ആഗ്രഹമാണ് മകരജ്യോതി ദര്‍ശനം.

മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പിനൊടുവില്‍ അവര്‍ ആഗ്രഹം സഫലീകരിച്ച് മടങ്ങും. ഇന്ന് ഉച്ചപൂജക്കശേഷം 1.14ന് മകരസംക്രമ പൂജയും കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടു വന്ന നെയ്യ് ഉപയോഗിച്ചുള്ള മകരസംക്രമാഭിഷേകവും നടക്കും.

വലിയാനവട്ടം ചെറിയാനവട്ടം വഴി വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്ര ഇത്തവണയും പരമ്പരാഗത വനപാതയിലൂടെ തന്നെയാവും നടത്തപ്പെടുക.

അതേ സമയം മൂന്ന് വര്‍ഷം മുമ്പ് ഇത് ദിവസം പുല്ലുമേട്ടില്‍ മകര ജ്യോതി ദര്‍ശിക്കാനെത്തിയ ആയിരക്കണക്കിന് ഭക്തന്‍മാര്‍ തിക്കിത്തിരക്കി നൂറ് പേര്‍ മരിച്ച ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ കൂടി ഇന്ന് കേരളം ഓര്‍ക്കുന്നുണ്ട്. അന്ന് സംഭവത്തെ കുറിച്ച് പഠിക്കാനേല്‍പ്പിച്ച കമ്മീഷന്‍ സര്‍ക്കാറിന്റെ വീഴ്ചയാണ് അപകടകാരണമെന്ന് സൂചിപ്പിച്ചിരുന്നു. അമിതമായി വാഹനങ്ങളെ കടത്തിവിട്ടതും കണക്കില്ലാതെ കടകള്‍ അനുവദിച്ചതും അപകടത്തിന് വലിയ ഹേതുകമായെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും സര്‍ക്കാര്‍ കര്‍ശനമായ സുരക്ഷാ നടപടികളെടുത്തു.
ഇത്തവണ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയതായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ അറിയിച്ചു. സന്നിധാന പരിധിയിലേക്ക് സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ. കെ.എസ.ആര്‍.ടി.സി കുമളിയില്‍നിന്ന് കോഴിക്കാനത്തേക്ക് സര്‍വീസ് നടത്തും. വണ്ടിപ്പെരിയാറില്‍നിന്ന് സത്രം വരെ സ്വകാര്യ ജീപ്പുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. 1400 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേടു വരെയുള്ള 12 കിലോമീറ്റര്‍ മുഴുവനായും വൈദ്യുതീകരിച്ചിട്ടുണ്ട്.

Scroll To Top