Monday December 05, 2016
Latest Updates

സത്യമേവ ജയതേയില്‍ അമീര്‍ ഖാന്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം നല്കിയില്ല; യുവതി ചികിത്സ കിട്ടാതെ മരിച്ചു

സത്യമേവ ജയതേയില്‍ അമീര്‍ ഖാന്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം നല്കിയില്ല; യുവതി ചികിത്സ കിട്ടാതെ മരിച്ചു

പാറ്റ്‌ന: ചലച്ചിത്ര താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടി നിരവധി സാമൂഹ്യ വിഷയങ്ങള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്ന പരിപാടിയാണ്. ഈ പരിപാടിയിലൂടെ അമീര്‍ നിരവധി പേര്‍ക്ക് സാമ്പത്തിക സഹായം നല്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ആദ്യമായി അമീര്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ലഭിക്കഞ്ഞതിനെ തുടര്‍ന്ന് യുവതി മരിച്ചതായി ആരോപണം.

ബീഹാര്‍ സ്വദേശിയായ ദസ്‌റത് മഞ്ജിയാണ് അമീര്‍ ഖാനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമീര്‍ ഖാന്‍ വാഗ്ദാനം ചെയ്ത പണം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ദസ്‌റത് മഞ്ജിയുടെ മരുമകള്‍ ചികിത്സ കിട്ടാതെ മരിച്ചു എന്നാണ് ആരോപണം. ബീഹാറിലെ മലയോര മേഖലയില പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഒറ്റക്ക് വഴി വെട്ടിയുണ്ടാക്കിയതിലൂടെ മാധ്യമശ്രദ്ധ നേടിയ ആളാണ് ദസ്‌റത് മഞ്ജി.

ഇദ്ദേഹത്തെ സത്യമേവ ജയതേയില്‍ അമീര്‍ ഖാന്‍ കൊണ്ടുവന്നിരുന്നു. ഇവരുടെ ദരിദ്രമായ ജീവിത സാഹചര്യം കണ്ടറിഞ്ഞ അമീര്‍ മഞ്ജിയുടെ കുടുംബത്തിനു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ അമീര്‍ ഖാന്‍ വാഗ്ദാനം ചെയ്ത തുക പിന്നീട് നല്കിയില്ലെന്നും ഇതോടെ തന്റെ മരുമകള്‍ ചികിത്സ ലഭിക്കാതെ മരിച്ചുവെന്നും മഞ്ജി ആരോപിച്ചു.

തന്റെ മരുമകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുപോലും പണമുണ്ടായിരുന്നില്ലെന്നും ബുദ്ധഗയയിലെ പീപ്പിള്‍ ഫസ്റ്റ് എഡ്യുക്കേഷണല്‍ ട്രസ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയതെന്നും മഞ്ജി പറഞ്ഞു. അമീര്‍ വാഗ്ദാനം പാലിച്ചിരുന്നെങ്കില്‍ തന്റെ മരുമകള്‍ മരിക്കില്ലായിരുന്നെന്നും മഞ്ജി പറഞ്ഞു. ഗ്രാമത്തിലെ സ്‌കൂളില്‍ പാചക ജോലിക്കാരാണ് മഞ്ജിയും ഭാര്യയും.

Scroll To Top