Saturday December 10, 2016
Latest Updates

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും;കൌമാരകേരളത്തിന് ഇനി കലാവിരുന്നിന്റെ സപ്തദിനങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും;കൌമാരകേരളത്തിന് ഇനി കലാവിരുന്നിന്റെ സപ്തദിനങ്ങള്‍

പാലക്കാട്: കേരളത്തിന്റെ കൌമാര പ്രതിഭകള്‍ക്ക് ഇനി മാത്സര്യവീര്യത്തിന്റെ കലാവിരുന്ന്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഉത്സവങ്ങളുടെ നാടായ പാലക്കാടിന്റെ മടിത്തട്ടില്‍ ഇനി ഏഴു നാള്‍ കൌമാര കേരളം കൊട്ടിക്കയറും. 232 ഇനങ്ങള്‍, 18 വേദികള്‍, പതിനായിരത്തോളം മത്സരാര്‍ത്ഥികള്‍… കലോത്സവം ഉത്സവങ്ങളുടെ ഉത്സവമാകുന്നത് ഇങ്ങനെയാണ്.

ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ’മഴവില്ല് വേദിയില്‍ വൈകിട്ട് നാലിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും . മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷനാകും. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പ്രത്യേക അതിഥിയായെത്തും.

രാവിലെ എട്ടിന് മോയന്‍ ഹൈസ്‌കൂള്‍ മുറ്റത്ത് കലോത്സവ പതാക ഉയര്‍ന്നു. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടന്നു കൊണ്ടിരിക്കുന്നു. ഉച്ചക്ക് ശേഷം സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. ജില്ലാ കലോല്‍സവങ്ങളില്‍ വിജയികളായ 8,185 പേരും ജില്ലാതല അപ്പീലുകള്‍ വഴിയെത്തിയ 693 പേരും മത്സരത്തിനെത്തുമ്പോള്‍ 700 വിധികര്‍ത്താക്ക്‌ളെയാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവരുടെ വ്യക്തിവിവരണം പൊതുവിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നും വിധികര്‍ത്താക്കളുണ്ട്. മൂല്യനിര്‍ണയത്തിലെ കഴിഞ്ഞകാലങ്ങളിലുണ്ടായ ആശയക്കുഴപ്പങ്ങളും പരാതികളും ഇല്ലാതാക്കാന്‍ മൂല്യനിര്‍ണയ മാനദണ്ഡങ്ങളിലും വിധികര്‍ത്താക്കള്‍ക്കും കര്‍ശന വ്യവസ്ഥകള്‍ വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കൊണ്ടുവന്നിട്ടുണ്ട്.

സംസ്‌കൃതം, അറബിക് കലോല്‍സവങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. കലോല്‍സവത്തിന്റെ നിരീക്ഷണത്തിനും മാനുവല്‍ പരിഷ്‌കരണത്തിനുമായി ഇക്കുറി പത്തംഗ ഉപദേശകസമിതി രൂപീകരിച്ചിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഗവ. വിക്‌ടോറിയ കോളജിലാണ് ഭക്ഷണപ്പന്തലൊരുക്കിയിട്ടുള്ളത്. ഒരേസമയം 3200 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാനാകും. പ്രധാന വേദിക്കു സമീപം ഫുഡ് കോര്‍ട്ടുകളുമുണ്ടാകും.. രണ്ടായിരത്തിലാണ് ഒടുവില്‍ പാലക്കാട്ടു സംസ്ഥാന കലോല്‍സവം നടന്നത്. കലോല്‍സവം നടക്കുന്ന വേദികളിലായി 50 വീതം താല്‍ക്കാലിക ടോയ്‌ലറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. 4.5 ലക്ഷം രൂപയാണ് ചെലവ്. പ്രധാന വേദികളിലായി 75 സിസിടിവി ക്യാമറകളും സ്ഥാപിച്ചു.

Scroll To Top