Sunday December 11, 2016
Latest Updates

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ട്രെയിനുകള്‍ റദ്ദാക്കി; മഴക്കെടുതിയില്‍ രണ്ട് മരണം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ട്രെയിനുകള്‍ റദ്ദാക്കി; മഴക്കെടുതിയില്‍ രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. കനത്ത് മഴയെ തുടര്‍ന്ന് റെയില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. എറണാകുളം സൌത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പല  ട്രെയിനുകളും വൈകിയോടുകയും ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം സൌത്ത് റെയില്‍വേ സ്‌റ്റേഷനിലെ ആറ് പ്ലാറ്റ്‌ഫോമുകളും വെള്ളത്തിനടിയിലാണ്.

എറണാകുളം സൌത്തിലൂടെ കടന്നു പോകുന്ന പാസഞ്ചര്‍ ഉള്‍പ്പെടെ ആറോളം ട്രെയിനുകളാണ് റദ്ദാക്കിയത്. കൊച്ചിയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മറ്റ് ജില്ലകളിലും സമാന സ്ഥിതിയാണ്. കനത്ത മഴ മൂലം ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴ തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളെയും ബാധിച്ചു. ഇന്നലെ രാത്രി നടത്താനിരുന്ന സാമ്പിള്‍ വെടിക്കെട്ട് കനത്ത മഴ മൂലം മാറ്റിവെച്ചു.

ഇന്നലെ മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ഇത് വരെ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. മരം വീണും മണ്ണിടിഞ്ഞുമാണ് രണ്ടു പേര്‍ മരണമടഞ്ഞത്.  തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശി ഓമന(55)യാണ് മണ്ണിടിഞ്ഞ് വീണ് മരിച്ചത്. പെരിന്തല്‍മണ്ണ താഴെ പൂപ്പലം സ്വദേശി തുന്നക്കാന്‍ വീട്ടില്‍ യാക്കൂബ്(43) മരം കടപുഴകി വീണു മരിച്ചു. ഓമനയുടെ വീടിനു മുകളിലേക്ക് ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിഞ്ഞ് വീണത്. ഓമനയുടെ ഭര്‍ത്താവ് രാജുവിനെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Scroll To Top