Tuesday December 06, 2016
Latest Updates

ബ്ലേഡ് മാഫിയയെ തുരത്താന്‍ ‘ഓപ്പറേഷന്‍ കുബേര’; റെയ്ഡില്‍ അരക്കോടി രൂപ പിടിച്ചെടുത്തു

ബ്ലേഡ് മാഫിയയെ തുരത്താന്‍ ‘ഓപ്പറേഷന്‍ കുബേര’; റെയ്ഡില്‍ അരക്കോടി രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബ്ലേഡ് മാഫിയ കേന്ദ്രങ്ങളില്‍ റെയ്ഡ് ശതമാക്കി. ബ്ലേഡ് മാഫിയയെ തുടച്ച് നീക്കാന്‍ ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ ആരംഭിച്ച റെയ്ഡില്‍ ഇതുവരെ 50,60,475 രൂപയും പണമിടപാട് സംബന്ധിച്ച നിരവധി രേഖകളും പിടിച്ചെടുത്തു. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 75 പേരെ  അറസ്റ്റ് ചെയ്തു. 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ്.  1032  കേന്ദ്രങ്ങളില്‍ ഇതുവരെ റെയ്ഡ് നടത്തി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം ബ്ലേഡ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. ഇവിടെ 146 കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്തതില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ 5 പേര്‍ അറസ്റ്റിലായി.

എറ്റവുമധികം പണം പിടിച്ചെടുത്തത് തൃശൂരില്‍ നിന്നാണ്. ഇവിടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ 19,02,440 രൂപ പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.  പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ബ്ലേഡ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.

ഒപ്പിട്ട ബ്‌ളാങ്ക് ചെക്കുകള്‍, വസ്തുക്കളുടെ പ്രമാണങ്ങള്‍, മുദ്രപ്പത്രങ്ങള്‍, വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍, സ്റ്റാമ്പു പേപ്പറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ജനജീവിതത്തിന് ഭീഷണിയായി വളര്‍ന്ന ബ്ലേഡ് മാഫിയക്കെതിരെ നടപടി എടുക്കാന്‍ ജില്ല അടിസ്ഥാനങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് റെയ്ഡ് ശക്തമാക്കിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിലാണ് പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.

Scroll To Top