Friday December 09, 2016
Latest Updates

സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

തലശ്ശേരി: പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാസറ്റര്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. പുലര്‍ച്ചെ 4.20 ന് തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാഘവന്‍ മാസ്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് തലശ്ശേരി തലായിയില്‍ നടക്കും. കടുത്ത ശ്വസകോശ തടസ്സങ്ങളെ തുടര്‍ന്ന് ബുധനാഴ്ചയോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്നും മൃതദേഹം ജഗന്നാഥ ക്ഷേത്രത്തിന് അടുത്തുള്ള വീട്ടിലേക്ക് കൊണ്ടുവന്നു.

സംഗീതസംവിധായകന്‍ എന്നതിനു പുറമെ ഗായകനും സംഗീതാദ്ധ്യാപകനും കൂടിയാണ്. 1951ല്‍ പുറത്തിറങ്ങിയ പുള്ളിമാനാണ് മാഷ് സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം. 1954ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലൂടെ ചലച്ചിത്രഗാന രംഗത്തു സജീവമായി. നീലക്കുയിലിലെ എല്ലാരും ചൊല്ലണ്, എങ്ങനെ മറക്കും നീ, കായലരികത്തു, ഉണരുണരൂ, കുയിലിനെത്തേടി, മാനെന്നും വിളിക്കില്ല തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായി. പിന്നീടു ഹിറ്റുകളുടെ നീണ്ട നിരയായിരുന്നു രാരിച്ചന്‍ എന്ന പൗരന്‍ , നായരു പിടിച്ച പുലിവാല്, അമ്മയെക്കാണാന്‍ , രമണന്‍, കൊടുങ്ങല്ലൂരമ്മ, കള്ളിച്ചെല്ലമ്മ, നിര്‍മാല്യം, മാമാങ്കം, കടത്തനാടന്‍ അമ്പാടി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. 60ല്‍പ്പരം ചിത്രങ്ങളില്‍നിന്നായി നാനൂറിലെറെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചു.

എം. കൃഷ്ണന്റെയും നാരായണിയുടേയും മകനായി 1913 ഡിസംബര്‍ 2ന് ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലാണ് മാസ്റ്ററുടെ ജനനം.1950 കളില്‍ ചെന്നൈ ആകാശവാണിയില്‍ ജോലി ലഭിച്ചതോടെയാണ് സംഗീത രംഗത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ കായലരികത്ത് വലയെറിഞ്ഞ എന്ന ഗാനത്തിന് ശബ്ദം നല്‍കിയതും രാഘവന്‍ മാസറ്ററാണ്. 1973, 1977ലും മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തു. 1997ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നേടി. 2010 പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം മാസറ്ററെ ആദരിച്ചു.

Scroll To Top