Wednesday December 07, 2016
Latest Updates

ഗവര്‍ണര്‍മാരെ പുറത്താക്കാന്‍ നിയമതടസം; ബിജെപിക്ക് പാരയായത് സ്വന്തം എംപി

ഗവര്‍ണര്‍മാരെ പുറത്താക്കാന്‍ നിയമതടസം; ബിജെപിക്ക് പാരയായത് സ്വന്തം എംപി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സാഹഹര്യത്തില്‍ ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ള ഗവര്‍ണര്‍മാരെ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പുറത്താക്കല്‍ അത്ര എളുപ്പമല്ലെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഷീല ദീക്ഷിത് ഉള്‍പ്പെടെ യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ മര്യാദയുടെ പേരില്‍ സ്വയം സ്ഥാനമൊഴിയണം. അല്ലാതെ അവരെ ബലമായി പുറത്താക്കുന്നതിന് നിയമ തടസമുണ്ടെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് കാരണമായത് ബിജെപിയുടെ തന്നെ ഒരു മുന്‍ എംപി നടത്തിയ നിയമപോരാട്ടവും.

നേരത്തെ യുപിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ മുന്‍ എന്‍ഡിഎ ഗവണ്‍മെന്റ് നിയമിച്ച ഗവര്‍ണര്‍മാരെ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഉത്തര്‍പ്രദേശിലെ മുന്‍ ഡിജിപിയും ബിജെപിയുടെ രാജ്യസഭാംഗവുമായിരുന്ന ബിപി സിംഗള്‍ സുപ്രീം കോടതിയെ സമീപിച്ചു. തക്കതായ കാരണങ്ങളില്ലാതെ രാഷ്ട്രീയ കാരണങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍മാരെ പുറത്താക്കരുതെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാരും ഗവര്‍ണര്‍മാരും രണ്ട് രാഷ്ട്രീയ ആശയങ്ങള്‍ പിന്തുടരുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കുമെന്ന യുപിഎ സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.

ഇത് ഇപ്പോള്‍ ബിജെപിക്ക് തന്നെ പാരയായിരിക്കുകയാണ്. കര്‍ണാടക, ഓഡീഷ രാജസ്ഥാന്‍ ഗവര്‍ണര്‍മാര്‍ സ്ഥാനമൊഴിയാന്‍ ഇനി ഏതാനും മാസങ്ങള്‍ കൂടിയെ ബാക്കിയുള്ളൂ. എന്നാല്‍ ഷീല ദീക്ഷിത് ഉള്‍പ്പെടെ അടുത്ത കാലത്ത് നിയമിതരായ ഗവര്‍ണര്‍മാര്‍ക്ക് ഇനിയും അഞ്ചു വര്‍ഷം കാലാവധി ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഇവര സ്വയം ഒഴിയാതെ പുറത്താക്കുന്നത് നിയമ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഭൂരിപക്ഷം ഗവര്‍ണര്‍മാര്‍ക്കും ഇനിയും കാലാവധി അവശേഷിക്കുന്നതിനാല്‍ ഓ രാജഗോപാല്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ സ്ഥാനത്തിന് കാത്തിരിക്കുന്ന ബിജെപി നേതാക്കളുടെ കാത്തിരുപ്പ് നീളും.

Scroll To Top