Thursday December 08, 2016
Latest Updates

ഷാറ്റര്‍ക്ക് ഭീഷണിക്കത്ത് വീണ്ടും; പരിശോധിക്കാന്‍ ഗാര്‍ഡയും പട്ടാളവും രംഗത്തിറങ്ങി

ഷാറ്റര്‍ക്ക് ഭീഷണിക്കത്ത് വീണ്ടും; പരിശോധിക്കാന്‍ ഗാര്‍ഡയും പട്ടാളവും രംഗത്തിറങ്ങി

ഡബ്ലിന്‍: ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍ക്ക് ലഭിച്ച ഭീഷണി കത്തിന് സമാനമായ കത്ത് വീണ്ടും ലഭിച്ചത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ആഴ്ചയാണ് ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്ററുടെ ബലിന്റീറിലെ വസതിയില്‍ കുമ്മായപ്പൊടിയും നാസി പടയാളികളുടെ ചിത്രവും അടങ്ങിയ ഭീഷണിക്കത്ത് ലഭിച്ചത്. സമാനമായ മറ്റൊരു കത്ത് കൂടി ഇന്നലെ ആന്‍പോസ്റ്റില്‍ ലഭിച്ചതോടെയാണ് വീണ്ടും ആശങ്ക പരന്നത്.

ആന്‍പോസ്റ്റിലെ ജീവനക്കാര്‍ കത്തുകള്‍ സോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വീണ്ടും വെള്ളപ്പൊടി ദൃശ്യമായത്. ഇതോടെ ജീവനക്കാര്‍ റാത്ത്ഫര്‍ഹാം ഗാര്‍ഡ സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോസ്റ്റല്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഗാര്‍ഡ അധികൃതര്‍ വെള്ള പൊടി അടങ്ങിയ പാക്കറ്റ് ഗാര്‍ഡ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഗാര്‍ഡ സൈന്യത്തിന്റെ സഹായം തേടുകയും ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. 8 ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് പൊടി അടങ്ങിയ കവര്‍ കണ്ടെത്തിയത്. എന്തായാലും പൊടി കുറച്ച് നേരത്തേക്ക് അധികൃതര്‍ക്കിടയില്‍ ഭീതി പരത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് അലന്‍ ഷാറ്ററുടെ വസതിയില്‍ കുമ്മായപ്പൊടി അടങ്ങിയ കത്ത് ലഭിച്ചത്. തുടര്‍ന്ന് ഗാര്‍ഡ അധികൃതര്‍ പരിശോധന നടത്തുകയും ഭീഷണിക്കത്ത് സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. ഗാര്‍ഡ മേധാവിയുടെ രാജിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഷാറ്റര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചത് അതീവ ജാഗ്രതയോടെയാണ് അധികൃതര്‍ കണക്കിലെടുത്തത്. സംഭവത്തെ പ്രധാനമന്ത്രി എന്‍ഡ കെന്നിയും ആരോഗ്യ മന്ത്രി ജെയിംസ് റീലിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അപലപിച്ചിരുന്നു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ജസ്റ്റിസ് മന്ത്രാലയം തയ്യാറായില്ല.

Scroll To Top