Monday December 05, 2016
Latest Updates

ഷാനിമോള്‍ ഉസ്മാന്റെ കത്തിനു പിന്നില്‍ ഗൂഡാലോചന: വിഎം സുധീരന്‍; കത്തില്‍ പോര് മുറുകുന്നു

ഷാനിമോള്‍ ഉസ്മാന്റെ കത്തിനു പിന്നില്‍ ഗൂഡാലോചന: വിഎം സുധീരന്‍; കത്തില്‍ പോര് മുറുകുന്നു

തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കെസി വേണുഗോപാലിനെക്കുറിച്ച് എതിരാളികള്‍ പോലും പറയാത്ത കാര്യമാണ് ഷാനിമോള്‍ പറയുന്നതെന്ന് സുധീരന്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന് സീറ്റ് ലഭിക്കാത്തതിന്റെ അസഹിഷ്ണുതയാണ് അവര്‍ പ്രകടിപ്പിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

ഷാനിമോള്‍ക്ക് സീറ്റ് ലഭിക്കാത്തതിന് വേണുഗോപാല്‍ എന്ത് പിഴച്ചുവെന്നും സുധീരന്‍ ചോദിച്ചു. ഷാനിമോളുടെ കത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും നിലവിലെ ബാര്‍ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ കത്ത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സുധീരന്‍ പറഞ്ഞു. ഷാനിമോളുടെ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു എന്നും സുധീരന്‍ പറഞ്ഞു.

കെസി വേണുഗോപാല്‍ സരിത ബന്ധം അന്വേഷിക്കണമെന്ന് പറഞ്ഞ ഷാനിമോള്‍ ഉസ്മാനെ കഴിഞ്ഞ മാസം കെപിസിസി താക്കീത് ചെയ്തിരുന്നു. പാര്‍ട്ടി നടപടിക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ കെപിസിസിക്ക് എഴുതിയ കത്ത് ഇന്ന് മാധ്യമങ്ങളിലൂടെ പരസ്യമായിരുന്നു. ഈ കത്തില്‍ സുധീരനെതിരെ രൂക്ഷവിര്‍ശനമാണ് ഉന്നയിച്ചിരുന്നത്.

സുധീരന്‍ വിമര്‍ശനങ്ങളോട് സഹിഷ്ണുത കാണിക്കുന്നില്ലെന്നും പാര്‍ട്ടി വേദികളില്‍ അച്ചടക്കത്തിന്റെ വാള്‍ കാണിച്ച് ഭയപ്പെടുത്തുന്നു എന്നുമായിരുന്നു കത്തിലെ ആരോപണം. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് വൈകുന്നേരം സുധീരന്‍ മാധ്യമങ്ങളെ കണ്ടത്. കെപിസിസി യോഗങ്ങളില്‍ നിന്ന് വാര്‍ത്ത ചോരുന്നതിലും സുധീരന്‍ അതൃപ്തി പ്രകടിപ്പിച്ചു.വാര്‍ത്ത ചോര്‍ച്ച തടയാന്‍ വരുന്ന യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാന്‍ ആലോചിക്കുന്നുണ്ടേന്നും സുധീരന്‍ പറഞ്ഞു.

അതേസമയം തന്റെ കത്തിന് പിന്നില്‍ ഗൂഡാലോചന ആരോപിച്ച സുധീരന്‍ അക്കാര്യം തെളിയിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. നിലവിലെ ബാര്‍ പ്രശ്‌നത്തില്‍ ശ്രദ്ധ തിരിക്കാന്‍ ഷാനിമോള്‍ മദ്യലോബിയുടെ കരുവായി പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കണമെന്ന് സുധീരന്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് മദ്യലോബിയുമായി ബന്ധമുണ്ടെങ്കില്‍ സുധീരന്‍ അത് തെളിയിക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാനുള്ള ബാധ്യത സുധീരനുണ്ടെന്നും കുടുംബം തകര്‍ക്കുന്ന ആരോപണമാണ് സുധീരന്റെത് എന്നും ഷാനിമോള്‍ പ്രതികരിച്ചു.

Scroll To Top