Sunday December 04, 2016
Latest Updates

ശ്രീലങ്ക ഓസ്‌ട്രേലിയയോട് പൊരുതി തോറ്റു; അഫ്ഗാനെതിരെ ന്യൂസിലാന്‍ഡിന് അനായാസ ജയം

ശ്രീലങ്ക ഓസ്‌ട്രേലിയയോട് പൊരുതി തോറ്റു; അഫ്ഗാനെതിരെ ന്യൂസിലാന്‍ഡിന് അനായാസ ജയം

കംഗാരുക്കള്‍ക്കെതിരേ ലങ്കന്‍ പട അവസാന വിക്കറ്റു വരെയും പൊരുതി. സംഗക്കാരയുടെ സെഞ്ച്വറി പാഴാക്കി ശ്രീലങ്ക ഒടുവില്‍ ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയ നേടിയ 376 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 312 റണ്‍സ് എത്തിയപ്പോഴേക്കും എല്ലാവരും പുറത്തായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 376 റണ്‍സെടുത്തത്. 51 പന്തില്‍ 102 എടുത്ത് മാക്‌സ്‌വെല്‍ ലോകകപ്പിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയാണ് നേടിയത്. 72 റണ്‍സ് നേടിയ സ്മിത്ത്, 68 റണ്‍സ് നേടിയ ക്ലാര്‍ക്ക്, 67 റണ്‍സെടുത്ത വാട്‌സന്‍ എന്നിവരും മാക്‌സ്‌വെല്ലിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ പടുകൂറ്റനായി.

ശ്രീലങ്കന്‍ നിരയില്‍ കുമാര്‍ സംഗക്കാര 104 റണ്‍സെടുത്ത് ലങ്കന്‍ പടയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. സംഗക്കാര തുടര്‍ച്ചയായി നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഈ ലോകകപ്പിലെ മികച്ച പ്രകടനമാണിത്. ഈ സെഞ്ച്വറി നേട്ടത്തോടെ സംഗക്കാര ഏകദിനത്തില്‍ 14,000 റണ്‍സ് ക്ലബില്‍ ഇടം നേടി. 62 റണ്‍സെടുത്ത ദില്‍ഷനും 52 റണ്‍സെടുത്ത ചാന്തിമലും സംഗക്കാരയ്ക്ക് മികച്ച പിന്തുണ നല്‍കി സമ്മര്‍ദ്ദം ഓസ്‌ട്രേലിയന്‍ ടീമിന്മേല്‍ നല്‍കിയെങ്കിലും തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ലങ്കയുടെ സ്‌കോറിംഗ് വേഗതയ്ക്ക് തടസ്സമായി. തിലകരത്‌നെ ദില്‍ഷാന്‍ മിച്ചല്‍ ജോണ്‍സന്റെ ഒരു ഓവറിലെ ആറ് പന്തിലും ഫോറടിച്ച് മത്സരത്തിന് ഓളം സൃഷ്ടിച്ചിരുന്നു. ജയവര്‍ദ്ധനയും സംഗക്കാരയും പുറത്തായശേഷവും എയ്ഞ്ചലോ മാത്യൂസിന് ഒപ്പം കൂടി ചാന്തിമല്‍ മികച്ച പ്രകടനം നടത്തി ടീമിന് വീണ്ടും വിജയപ്രതീക്ഷ നല്‍കിയെങ്കിലും പരുക്കേറ്റതിനെ തുടര്‍ന്ന് ചാന്ദിമല്‍ ക്രീസ് വിട്ടു. പിന്നീട് മാത്യൂസ് ഒറ്റയ്ക്ക് പയറ്റാന്‍ ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയയുടെ ബൗളിംഗ് മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

മറ്റൊരു മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലാന്റിന് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 47.4 ഓവറില്‍ 186 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ കീവീസ് 36.1 ഓവറില്‍ 4 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. അര്‍ധ സെഞ്ച്വറി നേടിയ ഷന്‍വാരിയുടെയും സദ്രാനിനന്റെയും പ്രകടനമാണ് അഫ്ഗാന്‍ സ്‌കോര്‍ 150 കടത്തിയത്. 10 ഓവറില്‍ 18 റണ്‍സ് മാത്രം നല്‍കി 4 വിക്കറ്റുകള്‍ നേടിയ ഡാനിയല്‍ വെട്ടോറിയാണ് അഫ്ഗാനെ തകര്‍ത്തത്. ഏകദിന ക്രിക്കറ്റില്‍ 300 വിക്കറ്റെന്ന നേട്ടവും ഇതോടെ വെട്ടോറി സ്വന്തമാക്കി. ട്രെന്‍ഡ് ബോള്‍ട്ട് മൂന്നു വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവീസിന് ഓപ്പണര്‍മാരായ ഗുപ്റ്റല്ലും മക്കല്ലവും മികച്ച തുടക്കമാണ് നല്‍കിയത്. മക്കല്ലം 19 പന്തുകളില്‍ നിന്ന് 42 റണ്‍സും ഗുപ്റ്റില്‍ 76 പന്തുകളില്‍ നിന്ന് 57 റണ്‍സും നേടി.

Scroll To Top