Saturday December 10, 2016
Latest Updates

ശ്രീലങ്കയ്ക്ക് പ്രഥമ ട്വന്റി 20 ലോകകിരീടം; ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി

ശ്രീലങ്കയ്ക്ക് പ്രഥമ ട്വന്റി 20 ലോകകിരീടം; ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി

ശ്രീലങ്കയ്ക്ക് കന്നി ട്വന്റി 20 ലോകകപ്പ്. ഇന്നലെ നടന്ന ഫൈനലില്‍ ലോകചാമ്പ്യന്‍മാരായ ഇന്ത്യയെ കീഴടക്കിയാണ് ശ്രീലങ്ക തങ്ങളുടെ ആദ്യ ട്വന്റി 20 ലോക കിരീടത്തില്‍ മുത്തമിട്ടത്. 2011 നടന്ന ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യ ലോകചാമ്പ്യന്‍മാരായത്. ഏകദിന ലോകകപ്പ് കൈവിട്ട ശ്രീലങ്കയ്ക്ക് ഇന്ത്യയ്‌ക്കെതിരെ ഒരു മധുര പ്രതികാരം കൂടിയായി കുട്ടിക്രിക്കറ്റിലെ ലോകകപ്പ് വിജയം. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 130 റണ്‍സ് നേടി. തുടര്‍ന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 13 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. സംഗക്കാരയാണ് മാന്‍ ഓഫ് ദ മാച്ച്. വിരാട് കൊഹ്!ലിയാണ് മാന്‍ ഓഫ് ദ സീരീസ്.

കൊഹ്ലിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് റണ്‍സുമായി അജിങ്ക്യ രഹാന ക്രീസ് വിട്ടപ്പോള്‍ പകരം എത്തിയ കൊഹ്ലി 58 പന്തില്‍ നിന്നു 77 റണ്‍സ് നേടി ഇന്ത്യയെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഒപ്പം ക്രീസിലുണ്ടായിരുന്ന രോഹിത് ശര്‍മയും കൊഹ്ലിക്ക് മികച്ച പിന്തുണ നല്കി. 29 റണ്‍സ് എടുത്ത രോഹിത് ശര്മ സിംഗിളുകള്‍ സ്‌കോര്‍ ചെയ്ത് കൊഹ്ലിക്ക് അവസരം നല്കി. കൊഹ്ലി പുറത്തായതിന് ശേഷം ക്രീസില്‍ എത്തിയ യുവരാജ് സിംഗ് പക്ഷെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ല. ശ്രീലങ്കയുടെ പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്ക്കാന്‍ കഷ്ടപ്പെട്ട യുവി 11 റണ്‍സ് എടുത്ത് പുറത്ത് പോയി. കുലശേഖരയാണ് യുവിയുടെ വിക്കറ്റ് വീഴ്ത്തിയത്. തുടര്‍ന്ന് ക്രീസില്‍ എത്തിയ നായകന്‍ ധോനിക്കും കാര്യമായി റണ്‍സൊന്നും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. അങ്ങനെ ഇന്ത്യന്‍ സ്‌കോര്‍ 130 ല്‍ ഒതുങ്ങുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി സംഗക്കാര 52 റണ്‍സ് നേടി. 35 പന്തില്‍ നിന്നും ആറു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് സംഗക്കാരയുടെ ഇന്നിങ്ങ്‌സ്. ജയവര്‍ധനെ 24 ഉം ദില്‍ഷന്‍ 18 ഉം റണ്‍സെടുത്ത് സംഗക്കാരയ്ക്ക് പിന്തുണ നല്കി. തിസാര പെരേര 23 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി മോഹിത് ശര്‍മ്മ, ആര്‍ അശ്വിന്‍, അമിത് മിശ്ര, സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന എന്നിവരുടെ ക്രിക്കറ്റ് കരിയറിലെ അവസാന ട്വന്റി 20 മത്സരമാണ് ഇന്നലെ നടന്നത്. വിരമിക്കുന്ന താരങ്ങള്‍ക്ക് വേണ്ടി ലോകകിരീടം ഉയര്‍ത്തിയാണ് സഹതാരങ്ങള്‍ യാത്രയയപ്പ് നല്കിയത്.

Scroll To Top