Saturday December 03, 2016
Latest Updates

ശുഭ വാര്‍ത്ത ! ഡബ്ലിനില്‍ നാമയുടെ 761 അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്,ഭവന പ്രതിസന്ധി മാറുന്നു ? 

ശുഭ വാര്‍ത്ത ! ഡബ്ലിനില്‍ നാമയുടെ 761 അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്,ഭവന പ്രതിസന്ധി മാറുന്നു ? 

ഡബ്ലിന്‍: ഡബ്ലിനില്‍ 761 വീടുകള്‍ വില്‍പ്പനയ്ക്ക്. സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ അസറ്റ് മാനേജ്‌മെന്റ് ഏജന്‍സി നാമയാണ് വീടുകളുടെ വില്‍പ്പന സംബന്ധിച്ച വിവരം പരസ്യപ്പെടുത്തിയത്. വിവിധ ഇടങ്ങളില്‍ വാടകയ്ക്ക് നല്കിയിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളാണ് നാമ വിറ്റഴിക്കുന്നത്. നാല് വ്യത്യസ്ത വെണ്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവ.എല്ലാ വിഭാഗത്തില്‍ പെട്ട അപ്പാര്‍ട്ടുമെന്റുകള്‍ക്കുമായി 160 മില്ല്യന്‍ യൂറോയുടെ വരുമാനമാണ് നാമ പ്രതീക്ഷിക്കുന്നത് 

ഡബ്ലിന്‍ 18 ലെ സാന്‍ഡി ഫോര്‍ഡിലും, ഡബ്ലിന്‍ 11 ലെ ചാള്‍സ്‌ടൌണിലും ,ഡബ്ലിന്‍ 12 ലെ ലാന്‍ഡ്‌സ് ഡോവേന്‍ ഗേറ്റിലും, ഡബ്ലിന്‍ 1 ലെ ബേക്കേഴ്‌സ് യാര്‍ഡിലുമുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ബീക്കനിലെയും ബേക്കേഴ്‌സ് ഗാര്‍ഡനിലെയും സൈറ്റുകളില്‍ താമസത്തിനായുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ കൂടാതെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന കെട്ടിടങ്ങളും മറ്റ് പ്ലോട്ടുകളും ലഭ്യമാണ്. 

വില്‍പ്പനയ്ക്കുള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ 534 എണ്ണം രണ്ടു കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ്. ഇവയില്‍ 128 എണ്ണം മൂന്ന് കിടപ്പുമുറികളുള്ളതും 99 എണ്ണം ഒരു കിടപ്പുമുറി മാത്രമുള്ളവയുമാണ്. ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന എല്ലാ അപ്പാര്‍ട്ട്‌മെന്റുകളും ബഹുനില മന്ദിരങ്ങളാണ്. ഇവയോട് ചേര്‍ന്ന് തന്നെ ഷോപ്പിംഗ് സെന്ററും താഴെയായി കാര്‍ പാര്‍ക്കിംഗ് സൌകര്യവും ലഭ്യമാണ്. 

നാമയുടെ ഈ നീക്കം ഭവനപ്രതിസന്ധിയ്ക്ക് താല്ക്കാലികമായി പരിഹാരം വരുത്തിയേക്കാമെങ്കിലും ഇവയുടെ വിലയനുസരിച്ചാവും വില്പ്പന പുരോഗമിക്കുന്നത്.കഴിഞ്ഞ വാരങ്ങളില്‍ ഉണ്ടായ ഭവനപ്രതിസന്ധിയെ ക്കുറിച്ചുള്ള രാജ്യവ്യാപകമായ ചര്‍ച്ചകളെ തുടര്‍ന്ന് വിപണിയില്‍ നിന്നും വിട്ടുനിന്ന വിഭാഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് നാമയുടെ ഇപ്പോഴത്തെ നീക്കം.

നാമയുടെ കൈവശമുള്ള കൂടുതല്‍ ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ കൂടി വിപണിയില്‍ വില്‍പ്പനയ്ക്ക് വന്നാല്‍ ഡബ്ലിനിലെ ഭവനപ്രതിസന്ധിക്ക് അയവ് വരുകയും പൊതുവെ വില കുറയുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. നാമയോടൊപ്പം മാര്‍ക്കറ്റില്‍ വില്പ്പനയ്ക്ക് മടിച്ചു നിന്നിരുന്ന നിരവധി ഉടമകളും വില്‍പ്പനയുമായി രംഗത്തിറങ്ങുമെന്നു ഹൌസിംഗ് രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നു.

Scroll To Top