Thursday December 08, 2016
Latest Updates

ശിശുമരണങ്ങള്‍ ആകെ 3,200 കവിയുമെന്ന് റിപ്പോര്‍ട്ട്,മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ ഒത്തുകൂടി,സഭയ്‌ക്കെതിരെ പ്രതിഷേധം 

ശിശുമരണങ്ങള്‍ ആകെ 3,200 കവിയുമെന്ന് റിപ്പോര്‍ട്ട്,മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ ഒത്തുകൂടി,സഭയ്‌ക്കെതിരെ പ്രതിഷേധം 

ഡബ്ലിന്‍: ഗാല്‍വേയില്‍ മരണമടഞ്ഞ കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറു കണക്കിനാളുകള്‍ ഒത്തുകൂടി. തെരുവിലൂടെ മാര്‍ച്ച് ചെയ്തുവന്നവര്‍ ലിന്‍സ്റ്റര്‍ ഹൌസിന് മുന്നില്‍ ഒത്തുകൂടി മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറിലധികം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ചില്‍ പങ്കെടുത്ത ചിലരുടെ കയ്യില്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു. കത്തോലിക്ക സഭയ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും എത്തിയാണ് ജനങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നത്. 

മരണമടഞ്ഞ കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അവര്‍ക്കായി ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു. മരണമടഞ്ഞ കുട്ടികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നീതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡിന് നിരവധി നിവേദനങ്ങള്‍ നല്‍കിയതായി മാര്‍ച്ചില്‍ അണിനിരന്നവര്‍ പറഞ്ഞു. 

ഗാല്‍വെയിലും കവനിലും സമാനമായ പ്രതിഷേധ കൂട്ടായ്മകള്‍ നടന്നു. സമാനമായ കെയര്‍ ഹോമുകളില്‍ ജനിച്ചു വളര്‍ന്നവരും പ്രതിഷേധ റാലിയില്‍ ഉണ്ടായിരുന്നു. അയര്‍ലണ്ടിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളും സഭയും തമ്മിലുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് റാലിയില്‍ ആവശ്യമുയര്‍ന്നു.അയര്‍ലണ്ടിലെ അവിവാഹിത അമ്മമാര്‍ക്കുള്ള കെയര്‍ ഹോമുകളില്‍ ആകെ 3,200 മരണങ്ങള്‍ എങ്കിലും നടന്നിരിക്കാമെന്ന് വെളിപ്പെടുത്തല്‍. ഗാല്‍വെയില്‍ കുട്ടികളുടെ ശവകുടീരം കണ്ടെത്തിയതിന് പിന്നാലെയാണ് അയര്‍ലണ്ടിലെ മാറ്റ് കെയര്‍ ഹോമുകളിലും സമാനമായ രീതിയില്‍ നവജാത ശിശുക്കളും കൊച്ചു കുട്ടികളും മരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. പ്രധാനമന്ത്രി എന്‍ഡ കെന്നി ഈ മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഗാല്‍വെയിലെ കെയര്‍ ഹോം കൂടാതെ സമാന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റ് കെയര്‍ ഹോമുകളിലും മരണങ്ങള്‍ നടന്നിട്ടുണ്ടാകുമെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ടിപ്പെററിയിലെ സീന്‍ റോസ് അബ്ബെ, വെസ്റ്റ് മീത്തിലെ കാസില്‍ പൊള്ളാര്‍ഡ്, ബെസ്ബറോയിലെ ഒരു കെയര്‍ ഹോം എന്നിവയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ മൂന്ന് കെയര്‍ ഹോമുകളില്‍ നടന്ന മരണങ്ങളും അന്വേഷണ വിധേയമാക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമായും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലാണ് മരണങ്ങള്‍ നടന്നിരിക്കുന്നത്. 

അതുകൊണ്ട് തന്നെ അന്വേഷണത്തെ കത്തോലിക്ക സഭ സ്വാഗതം ചെയ്തു. കൂടാതെ കെയര്‍ ഹോമുകളിലെ അനാസ്ഥയുടെ ഇരകളായി കുട്ടികള്‍ മരിച്ച സംഭവത്തില്‍ അയര്‍ലണ്ടിലെ ബിഷപ്‌സ് കോണ്‍ഫ്രണ്‍സ് കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. സഭയുടെ നിയന്ത്രണത്തിലുള്ള കെയര്‍ ഹോമുകളിലെ മരണ നിരക്ക് സാധാരണ മരണ നിരക്കിനേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ കൂടുതലായിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. 

പോഷകാഹാരക്കുറവും അസുഖങ്ങളെ തുടര്‍ന്നുമാണ് ഭൂരിപക്ഷം കുട്ടികളും മരിച്ചത്. ഇതിന് പുറമെ കുട്ടികളില്‍ മരുന്ന് പരീക്ഷണം നടന്നിരുന്നുവെന്ന വെളിപ്പെടുത്തലും വന്‍ വിവാദമായിരിക്കുകയാണ്. ഏതായാലും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് നാണക്കേടായ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഐറിഷ് ഭരണകൂടത്തിന്റെ തീരുമാനം.

Scroll To Top