Friday December 09, 2016
Latest Updates

ശശി തരൂരും സുനന്ദ പുഷ്‌ക്കറും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് ജോലിക്കാരന്റെ മൊഴി

ശശി തരൂരും സുനന്ദ പുഷ്‌ക്കറും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് ജോലിക്കാരന്റെ മൊഴി

ന്യൂഡല്‍ഹി: ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌ക്കറും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് ജോലിക്കാരന്റെ മൊഴി. തരൂരിന്റെ ജോലിക്കാരന്‍ നാരായണ്‍ സിങ്ങാണ് ഈ മൊഴി നല്‍കിയത്. നവംബര്‍ ആദ്യ വാരം നടന്ന ചോദ്യം ചെയ്യലിലാണ് നാരയണ്‍ സിങ്ങ് ഈ മൊഴി നല്‍കിയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2010 ഒക്ടോബറിലാണ് നാരായണ്‍ സിങ്ങ് തരൂരിന്റെ ജോലിക്കാരനായി എത്തുന്നത്.

സുനന്ദയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് 2013 ഡിസംബറില്‍ ഇരുവര്‍ക്കുമൊപ്പം താന്‍ ദുബായില്‍ പോയിരുന്നു. അവിടെ വച്ചാണ് ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്ക് ആരംഭിച്ചത്. എന്നാല്‍ വഴക്കിന്റെ കാരണം തനിക്ക് അറിയില്ലെന്നും നാരായണ്‍ സിങ്ങ് മൊഴി നല്‍കി. വഴക്കിനൊടുവില്‍ തരൂരിന്റെ കാല്‍ സുനന്ദ അടിച്ചുപൊട്ടിച്ചു. തന്റെ കാര്യങ്ങളിലൊന്നും തരൂര്‍ ശ്രദ്ധിക്കുന്നില്ല. തനിക്കു സുഖമില്ലാത്തപ്പോഴും തരൂര്‍ മുഴുവന്‍ സമയവും തരൂര്‍ ഫോണിലായിരുന്നുവെന്ന് സുനന്ദ പരാതിപ്പെട്ടതായും നാരായണ്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

സുനന്ദ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജനുവരി പതിനഞ്ചിനും ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്ക് നടന്നിരുന്നു. ജനവരി 15 ന് ശശി തരൂരും സുനന്ദയും താമസിച്ചിരുന്ന ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദയെ കാണാന്‍ സുനില്‍ സാഹിബ് എന്നൊരാള്‍ എത്തിയിരുന്നുവെന്നും നാരായണ്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. സുനിലിന്റെ ഫോണില്‍ നിന്ന് സുനന്ദ എന്തൊക്കെയോ പകര്‍ത്തുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം തൃശൂരിലെ ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയിലുള്ള തരൂര്‍ ഇന്ന് ചികിത്സ പൂര്‍ത്തിയാക്കി തിരുവനന്തപുരത്തെക്ക് മടങ്ങും. ദിവസങ്ങളായി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതിരുന്ന തരൂര്‍ ഇന്ന് പ്രതികരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top