Monday December 05, 2016
Latest Updates

ശരാശരി വാടക നിരക്ക് 1000 യൂറോയായി; വാടക പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍കുറവ്

ശരാശരി വാടക നിരക്ക് 1000 യൂറോയായി; വാടക പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍കുറവ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ശരാശരി വാടക നിരക്ക് 1000 യൂറോയെന്ന നിലവാരത്തിലെത്തി.വീട് വാങ്ങുന്നതിനേക്കാള്‍ ഇരട്ടിയായി വാടക നിരക്ക് കൂടിയിരിക്കുകയാണ്. ദേശീയ തലത്തില്‍ വാടക നിരക്ക് 11 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ദേശീയ ശരാശരി വാടക 842 യൂറോ ആയിരുന്നത് ഈ വര്‍ഷം 933 യൂറോയായി. ഡബ്ലിന്‍ ട്രിനിറ്റി കോളജിലെ എക്കണോമിക്‌സ് പ്രൊഫസര്‍ റോണന്‍ ലിയോന്‍സ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഡാഫ്റ്റ് ഡോട്ട് ഐഇ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തലസ്ഥാന നഗരിയായ ഡബ്ലിനില്‍ വാടക നിരക്ക് 14.3 ശതമാനമായി.ഡബ്ലിന്‍ സിറ്റി സെന്ററില്‍ മാത്രം 16.6 ശതമാനം വാടക നിരക്ക് കൂടി.

അതേസമയം ഡബ്ലിനില്‍ കഴിഞ്ഞ വര്‍ഷം വാടക നിരക്ക് 15.6 ശതമാനമായിരുന്നത് ഈ വര്‍ഷംനേരിയ കുറവുണ്ടായി. കോര്‍ക്കില്‍ വാടക നിരക്കില്‍ 7.9 ശതമാനം കൂടി. ഗാല്‍വെയില്‍ 7.2 ശതമാനവും ലിമെറിക്കില്‍ 6.4 ശതമാനവും വാട്ടര്‍ ഫോര്‍ഡില്‍ 4.5 ശതമാനവും വാടകനിരക്ക് കൂടി.

അതേസമയം വാടക വീടുകളുടെ ലഭ്യതയില്‍ ഉണ്ടായ കുറവാണ് വാടക നിരക്കിലെ വര്‍ധനയേക്കാള്‍ ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് പഠനം നടത്തിയ പ്രൊഫ. റോണന്‍ പറഞ്ഞു. ഡബ്ലിനില്‍ മാത്രം വാടക വീടുകളുടെ ലഭ്യതയില്‍ 43 ശതമാനം കുറവുണ്ടായി. 2011 ന് ശേഷമാണ് ഈ ഭീമമായ കുറവുണ്ടായത്. ഡബ്ലിനിലെ ജനസംഖ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വര്‍ധിക്കുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി പ്രതിവര്‍ഷം 10,000 വീടുകള്‍ ആവശ്യമാണ്.

എന്നാല്‍ ഈ ആവശ്യത്തിനു ആനുപാതികമായി വീടുകളുടെ എണ്ണത്തില്‍ വര്‍ധനഉണ്ടാകുന്നില്ല. വാടക പ്രോപ്പര്‍ട്ടികളുടെ ഈ കുറവ് ഡബ്ലിനിലെ വിദേശനിക്ഷേപത്തിലും തിരിച്ചടിയാകുമെന്ന് ഡാഫ്റ്റ് ഡോട്ട് ഐഇ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. വീടുകള്‍ വാടകയ്ക്കുള്ളതോ വില്‍ക്കാനുള്ളതോ, നഗര മേഖലയിലെയോ ഗ്രാമീണ മേഖലയിലെയോ എന്നീ വേര്‍തിരിവില്ലാതെ എല്ലാ മേഖലയിലും ആവശ്യത്തിന് വീടുകള്‍ ലഭ്യമാക്കുന്നതിനുള്ള ഹൌസിംഗ് പോളിസി കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Scroll To Top