Saturday December 10, 2016
Latest Updates

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് മക്‌ഡൊണാള്‍ഡ് ജീവനക്കാര്‍ പ്രക്ഷോഭത്തില്‍

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് മക്‌ഡൊണാള്‍ഡ് ജീവനക്കാര്‍ പ്രക്ഷോഭത്തില്‍

ചിക്കാഗോ :വേതന നിരക്കുകള്‍ ഉയര്‍ത്തുക എന്ന ആവശ്യം ഉന്നയിച്ച് അമേരിക്കയിലെ മക്‌ഡൊണാള്‍ഡ് ജീവനക്കാര്‍ പ്രക്ഷോഭത്തില്‍. ശമ്പളം ഒരു മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്തുക, സംഘടിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

രണ്ടു ദിവസത്തെ സമരപരിപാടികളുടെ ഭാഗമായി ചികാഗോയ്ക്കടുത്തുള്ള ഓക് ബ്രൂക്ക് ഇല്ലിനോയിസിലെ മക്‌ഡൊണാള്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനു മുന്‍പില്‍ ഇന്നലെ നടന്ന പ്രകടനത്തില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു. ‘ഫൈറ്റ് ഫോര്‍ 15’ എന്ന പേരില്‍ 2012ല്‍ ആരംഭിച്ച സമരത്തിന്റെ ഭാഗമായണ് പ്രക്ഷോഭം.

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും കറുത്തവര്‍ഗ്ഗക്കാരാണ് എന്നതിനാല്‍ സമരം വര്‍ണ്ണ സമത്വത്തിനു വേണ്ടി കൂടിയുള്ളതാണെന്ന് നോര്‍ത്ത് കരോളിനയിലെ ഗോള്‍ഡ്‌സ്‌ബോറോയിലെ റെവ. വില്ല്യം ബാര്‍ബര്‍ അഭിപ്രായപ്പെട്ടു.

തനിക്ക് ഒരു മണിക്കൂര്‍ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം 8.25 ഡോളറാണെന്ന് ചിക്കഗോ മക്‌ഡൊണാള്‍ഡില്‍ ജോലി ചെയ്യുന്ന കോറി ആന്‍ഡേഴ്‌സണ്‍ പറയുന്നു. ഭക്ഷണത്തിനും മറ്റു ചിലവുകള്‍ക്കും ഇത് അപര്യാപ്തമാണ്.

അതിനിടെ മിനിമം വേതനത്തേക്കാള്‍ ഒരു ഡോളര്‍ കൂടുതല്‍ ജീവനക്കര്‍ക്ക് നല്‍കാനുള്ള കമ്പനി തീരുമാനത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് സി ഇ ഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക് പറഞ്ഞു. എന്നാല്‍ കമ്പനിക്ക് സ്വന്തമായുള്ള ബ്രാഞ്ചുകളില്‍ മാത്രമേ ഇത് ബാധകമാവൂ എന്ന് ജീവനക്കാര്‍ വെളിപ്പെടുത്തി .അമേരിക്കയിലെ 14,300 മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റുകളും ഫ്രാഞ്ചൈസികളാണ്.
അമേരിക്കയില്‍ ഓരോ സ്റ്റേറ്റുകള്‍ക്കുമാണ് അതാതിടങ്ങളിലെ മിനിമം വേതനം നിശ്ചയിക്കാന്‍ അവകാശം. എന്നാല്‍ ഇത് രാജ്യത്തെ പൊതു നിരക്കായ ഒരു മണിക്കൂറിന് 7.25 ഡോളര്‍ എന്ന കണക്കില്‍ നിന്നും താഴെയാവാന്‍ പാടില്ലെന്നു മാത്രം.


Scroll To Top