Monday December 05, 2016
Latest Updates

ശമ്പളം വെട്ടിക്കുറച്ചത്തിനെതിരെ ഗ്രേ ഹൌണ്ട് ജീവനക്കാര്‍ സമരം തുടരുന്നു 

ശമ്പളം വെട്ടിക്കുറച്ചത്തിനെതിരെ ഗ്രേ ഹൌണ്ട് ജീവനക്കാര്‍ സമരം തുടരുന്നു 

ഡബ്ലിന്‍: ശമ്പളം വെട്ടിക്കുറച്ചത്തിനെതിരെ നഗര ശുചീകരണ രംഗത്തെ പ്രമുഖരായ ഗ്രേ ഹൌണ്ട് ജീവനക്കാര്‍
പ്രതിഷേധിച്ചു. ഡബ്ലിനിലായിരുന്നു പ്രതിഷേധം. ലിബര്‍ട്ടി ഹാളിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ ജീവനക്കാര്‍ സിറ്റി ഹാളിനു മുന്നിലും പ്രതിഷേധിച്ചു. സിറ്റി ഹാളിനുള്ളില്‍ ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ പ്രതിമാസ മീറ്റിംഗ് നടക്കുമ്പോഴായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ശമ്പളം വെട്ടിക്കുറച്ചതിലൂടെ തങ്ങളുടെ വരുമാനം 35 ശതമാനം കുറഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു. ജൂണ്‍ 17 മുതല്‍ 70 ഓളം ഗ്രേ ഹൌണ്ട് ജീവനക്കാര്‍ സമരത്തിലാണ്. ശമ്പളം വെട്ടിക്കുറച്ചതിന് പുറമേ ജോലി സംബന്ധിച്ച പരിഷ്‌ക്കരിച്ച വ്യവസ്ഥകള്‍ക്കെതിരെയും ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്.

ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ശോചനീയമാണെന്ന് എസ്‌ഐപിടിയു പ്രസിഡന്റ് ജാക്ക് ഓ കോണോര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നു ജീവനക്കാരുടെ സംഘടനയുടെ വക്താവ് ജെസി ഹ്യൂഗ്‌സ് പറഞ്ഞു. 35 ശതമാനം ശമ്പളം വെട്ടിക്കുറച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുമെന്നു ഹ്യൂഗ്‌സ് പറഞ്ഞു.പലര്‍ക്കും മോര്‍ട്ട്‌ഗേജ് ഉള്‍പ്പെടെയുള്ള കടബാധ്യതകള്‍ തീര്‍ക്കാനുണ്ട്. അതുകൊണ്ട് തന്നെ ശമ്പളം വെട്ടിക്കുറച്ച നടപടി അംഗീകരിക്കാനാകില്ലെന്നു ഹ്യൂഗ്‌സ് പറഞ്ഞു.

കഴിഞ്ഞ 3 ആഴ്ചകളിലായി ജീവനക്കാരില്‍ ഒരു വിഭാഗം ജോലിയ്‌ക്കെത്താതെ സമരത്തിലാണ്.നഗരത്തിന്റെ ചില ഭാഗങ്ങളില്‍ എങ്കിലും മാലിന്യ നീക്കത്തെ ഇത് ബാധിക്കുന്നുണ്ട് .അതേസമയം ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന നിലപാടിലാണ് ഗ്രേ ഹൌണ്ട് അധികൃതര്‍. ലേബര്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ജീവനക്കാര്‍തള്ളിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളക്ക് കാരണമെന്നും ഗ്രേ ഹൌണ്ട് അധികൃതര്‍ വാദിക്കുന്നു.

Scroll To Top