Monday December 05, 2016
Latest Updates

വ്യാജ ബാങ്ക് ഡ്രാഫ്റ്റ് നല്‍കി കബളിപ്പിച്ച് കാര്‍ വാങ്ങുന്ന തട്ടിപ്പ് സംഘങ്ങള്‍ പെരുകുന്നു

വ്യാജ ബാങ്ക് ഡ്രാഫ്റ്റ് നല്‍കി കബളിപ്പിച്ച് കാര്‍ വാങ്ങുന്ന തട്ടിപ്പ് സംഘങ്ങള്‍ പെരുകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മോഷ്ടിച്ച കാറുകള്‍ വില്‍ക്കുന്ന സംഘങ്ങള്‍ സജീവമായതായി ഗാര്‍ഡയുടെ മുന്നറിയിപ്പ്. വ്യാജ ബാങ്ക് ഡ്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ് വില്‍പ്പന. തട്ടിപ്പ് സംഘങ്ങള്‍ സജീവമായതോടെ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി ഗാര്‍ഡ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 79 കാറുകള്‍ പിടിച്ചെടുത്തതില്‍ 78 എണ്ണവും മോഷ്ടിച്ച് വിറ്റഴിച്ചവയായിരുന്നു. ഈ വര്‍ഷം ആറ് മാസത്തിനകം മോഷ്ടിച്ച കാറുകള്‍ വിറ്റഴിച്ച 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഗാര്‍ഡ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണിത്. 

മോഷണ മുതലായ കാറ് വാങ്ങിയ ഒരാള്‍ക്ക് 40,000 യൂറോ നഷ്ടപ്പെട്ടതായി ഗാര്‍ഡ വെളിപ്പെടുത്തി. കാറുകള്‍ വില്‍പ്പനയ്ക്ക് പരസ്യം ചെയ്തിരിക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്ന് കാറുകള്‍ തെരഞ്ഞെടുത്ത് അവയുടെ ഉടമകള്‍ക്ക് ബാങ്ക് ഡ്രാഫ്റ്റ് നല്‍കുന്നു. തുടര്‍ന്ന് മറ്റൊരു ഉപഭോക്താവിന് കാര്‍ മറിച്ച് വില്‍ക്കുന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് രണ്ടാമത് കാര്‍ വില്‍ക്കുന്നത്. മിക്കവാറും വെള്ളിയാഴ്ച ദിവസങ്ങളിലാണ് തട്ടിപ്പുകാര്‍ കാര്‍ വാങ്ങുന്നത്. ആദ്യ ഉടമയ്ക്ക് നല്‍കിയ ഡ്രാഫ്റ്റ് വ്യാജമാണെന്ന് വ്യക്തമാകുമ്പോഴെയ്ക്ക് കാര്‍ മറ്റൊരു ഉപഭോക്താവിന്റെ കൈവശം എത്തിയിരിക്കും. ഇങ്ങനെയാണ് തട്ടിപ്പ് നടക്കുന്നതെന്ന് ഗാര്‍ഡ വിശദീകരിച്ചു. 

തട്ടിപ്പുകാരെ ഒഴിവാക്കാന്‍ കാര്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഡ്രാഫ്റ്റിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് ഗാര്‍ഡ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാര്‍ പാര്‍ക്കില്‍ നിന്ന് കാര്‍ വാങ്ങുന്നത് ഒഴിവാക്കുക, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മടിക്കുന്ന കാര്‍ ഉടമകളെ ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഗാര്‍ഡ നല്‍കിയിട്ടുണ്ട്. ഡണ്‍ഡീല്‍ ഡോട്ട് ഐഇ, കാര്‍സോണ്‍, അട്വെര്‍ത്സ് തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ അയര്‍ലണ്ടില്‍ പഴയ കാറുകളുടെ വില്‍പ്പന നടക്കുന്നത്. തട്ടിപ്പുകാരെ ഒഴിവാക്കാന്‍ വെബ്‌സൈറ്റ് ഉടമകളുമായും ഗാര്‍ഡ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

Scroll To Top