Saturday December 10, 2016
Latest Updates

വ്യാജപരാതി നല്‍കിയ ബ്രസീലിയന്‍ യുവതിക്കെതിരെ ഗാര്‍ഡ അന്വേഷണം ശക്തമാക്കി

വ്യാജപരാതി നല്‍കിയ ബ്രസീലിയന്‍ യുവതിക്കെതിരെ ഗാര്‍ഡ അന്വേഷണം ശക്തമാക്കി

ഡബ്ലിന്‍: തന്നെ മാനഭംഗപ്പെടുത്തിയതായി വ്യാജപരാതി നല്‍കിയ ബ്രസീലിയന്‍ യുവതിക്കെതിരെ ഗാര്‍ഡ അന്വേഷണം ശക്തമാക്കി. പത്ത് ദിവസത്തിലധികം പോലീസിനെ വട്ടം ചുറ്റിക്കുകയും വിലയേറിയ സമയം നഷടപ്പെടുത്തുകയും ചെയ്ത ബ്രസീലിയന്‍ യുവതിക്കെതിരെ ഇതിനകം കേസെടുത്തിരുന്നു. തിസ് റെഗിന ഡി ഒലെവേരിയ എന്ന 20 കാരിയായ യുവതിയാണ് വ്യാജ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയെ അറസ്റ്റ്
ചെയ്തു. ജോലിക്ക് പോകുന്നതിനിടെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് തന്നെ മാനഭംഗപ്പെടുത്തി എന്നായിരുന്നു യുവതിയുടെ പരാതി.

കാബ്ര പാര്‍ക്കില്‍ വച്ച് ഓഗസ്റ്റ് 24 ന് മാനഭംഗം ചെയ്യപ്പെട്ടു എന്നായിരുന്നു പരാതി. ഓഗസ്റ്റ് 28 ന് മൌണ്ട്‌ജോയ് ഗാര്‍ഡ സ്റ്റേഷനില്‍ യുവതി ഇത് സംബന്ധിച്ച പരാതി നല്‍കി. 12 ദിവസത്തോളം ഗാര്‍ഡയെ വെള്ളം കുടിപ്പിച്ച ശേഷമാണ് യുവതി താന്‍ നല്‍കിയത് വ്യാജ പരാതിയാണെന്ന് സമ്മതിച്ചത്.ഒരു പ്രത്യേക യുവാവിനെ ആരോപണത്തില്‍ കുടുക്കാനുള്ള ഗൂഡതന്ത്രം മെനയാനാണ് യുവതി വ്യാജ പരാതി ഉന്നയിച്ചതത്രെ. അതുവരെ ഗാര്‍ഡ പ്രതികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു. വ്യാജ പരാതിയുടെ പേരില്‍ അറസ്റ്റിലായ യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു.മറ്റ് ചിലര്‍ കൂടി ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗാര്‍ഡ സംശയിക്കുന്നതിനാല്‍ അന്വേഷണം തുടരുന്നുണ്ട്. 

ജാമ്യത്തുകയായി 1000 യൂറോ കെട്ടി വയ്ക്കാന്‍ നിര്‍ദ്ദേശിച്ച കോടതി, യുവതി എല്ലാ ദിവസവും മൌണ്ട് ജോയ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും 24 മണിക്കൂറും ലഭ്യമായ ഫോണ്‍ നമ്പര്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. വ്യാജ പരാതി നല്‍കുന്നത് ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് യുവതിക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ജസ്റ്റിസ് ഹാല്‍പിന്‍ പറഞ്ഞു.

Scroll To Top