Sunday December 04, 2016
Latest Updates

വ്യവസ്ഥകളില്‍ ഇളവു വരുത്തി; മോണോറെയിലിന് വീണ്ടും ആഗോള ടെണ്ടര്‍

വ്യവസ്ഥകളില്‍ ഇളവു വരുത്തി; മോണോറെയിലിന് വീണ്ടും ആഗോള ടെണ്ടര്‍

തിരുവനന്തപുരം: പ്രധാന വ്യവസ്ഥകളില്‍ മാറ്റം വരുത്തി കോഴിക്കോട്, തിരുവനന്തപുരം മോണോ റയില്‍ നിര്‍മാണത്തിനായി വീണ്ടും ആഗോള ടെന്‍ഡര്‍ ക്ഷണിക്കാന്‍ പദ്ധതിയുടെ മേല്‍നോട്ടച്ചുമതലയുള്ള ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. മോണോ റയില്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കു മാത്രമേ പദ്ധതിയില്‍ മുഖ്യപങ്കാളിയാകാന്‍ കഴിയൂ എന്ന വ്യവസ്ഥയും നിര്‍മാണക്കമ്പനികള്‍ തന്നെ സാമ്പത്തികസ്രോതസും കണ്ടെത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കാനാണു നീക്കം. പുതിയ ടെന്‍ഡര്‍ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി മൂന്നാഴ്ചക്കകം സമര്‍പ്പിക്കും.

ആദ്യ ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമേ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളുവെന്നതിനാലാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. നേരത്തെ തീരുമാനിച്ച സമയപരിധിക്കുള്ളില്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുവേണ്ടി മൂന്നുഘട്ട ടെന്‍ഡര്‍ നടപടികള്‍ രണ്ടു ഘട്ടമായി കുറയ്ക്കും. നേരത്തെ രണ്ടുഘട്ടമായി തീരുമാനിച്ചിരുന്ന താല്‍പര്യപത്രവും സാങ്കേതിക റിപ്പോര്‍ട്ടും ഒരുമിച്ചു സമര്‍പ്പിക്കാനാണു ഡിഎംആര്‍സിയുടെ നിര്‍ദേശം. സാമ്പത്തിക റിപ്പോര്‍ട്ട് രണ്ടാംഘട്ടമായി സമര്‍പ്പിക്കാം. പുതിയ തീരുമാനങ്ങളെക്കുറിച്ചുള്ള ഡിഎംആര്‍സി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേരള മോണോ റയില്‍ കോര്‍പറേഷന്‍ യോഗം ചേര്‍ന്നു ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

ഡല്‍ഹിയില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. മോണോ റയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ജപ്പാന്‍, ചൈന, കൊറിയ, ജര്‍മനി ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെ ഡിഎംആര്‍സി പ്രതീക്ഷിച്ചിരുന്നെങ്കിലും കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍ മാത്രമാണു താല്‍പര്യപത്രം സമര്‍പ്പിച്ചത്. റീടെന്‍ഡര്‍ നടപടികളുടെ പേരില്‍ പദ്ധതി വൈകരുതെന്നു ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ശന നിലപാടെടുത്തതോടെയാണു ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ രണ്ടു ഘട്ടത്തിലേക്കു ചുരുക്കിയത്. ജനുവരിയോടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങാനാണു ഡിഎംആര്‍സി ലക്ഷ്യമിടുന്നത്.

Scroll To Top