Saturday December 10, 2016
Latest Updates

വോട്ട് അപഹരിക്കാന്‍ അപരന്‍മാരില്ലാത്ത കോട്ടയം

വോട്ട് അപഹരിക്കാന്‍ അപരന്‍മാരില്ലാത്ത കോട്ടയം

കോട്ടയം: തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികളെ ഏറ്റവും ഭയപ്പെടുത്തുന്ന ഒരു വിഭാഗമാണ് അപരന്‍മാര്‍. പ്രധാന സ്ഥാനാര്‍ത്ഥികളുടെ നല്ലൊരു ശതമാനം വോട്ടുകള്‍ പെട്ടിയിലാക്കുന്ന അപരന്‍ സാക്ഷാല്‍ വി എം സുധീരന് പോലും പാരയായിട്ടുണ്ട്. 2004 ലെ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സുധീരനെ പരാജയപ്പെടുത്തിയത് വി എസ് സുധീരന്‍ എന്ന് പേരുള്ള അപര സ്ഥാനാര്‍ത്ഥിയായിരുന്നു. ഇത്തവണയും അപര സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍ കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ അല്‍പ്പം ആശ്വസിക്കാം. കാരണം ഇത്തവണ കോട്ടയത്ത് മാത്രം മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരില്ല. ഇത്തവണ അപരന്‍മാരില്ലാത്ത ഏക മണ്ഡലവും കോട്ടയമാണ്.

കഴിഞ്ഞ തവണ കോട്ടയത്ത് ജോസ് കെ മാണിയുടെ അപരനായി എത്തിയ ജോസ് കെ മാണി കുന്നത്തേട്ട് 2028 വോട്ടുകള്‍ പെട്ടിയിലാക്കി. യഥാര്‍ത്ഥ ജോസ് കെ മാണിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകളാണ് അപരന്റെ പെട്ടിയില്‍ വീണത്. ജോസ് കെ മാണിയോട് പരാജയപ്പെട്ട അന്നത്തെ സിറ്റിംഗ് എംപി സുരേഷ് കുറുപ്പും അപരന്‍മാരുടെ ശക്തി ശരിക്കും അറിഞ്ഞ നേതാവാണ്. കുറുപ്പിന് അപരന്‍മാരായി അന്ന് സുരേഷ് എം.ബി കുറുപ്പ്, സുരേഷ്‌കുമാര്‍ കെ, സുരേഷ് കുമാര്‍ പി.ആര്‍, സുരേഷ് കുറുമ്പന്‍ എന്നിവരാണ് കോട്ടയത്ത് മത്സരിച്ചത്. അപരന്‍മാരായ സുരേഷുമാര്‍ കുറുപ്പിന് ലഭിക്കേണ്ടിയിരുന്ന 11,531 വോട്ടുകളാണ് അപഹരിച്ചത്. എന്നാല്‍ ഇത്തവണ പ്രധാന സ്ഥാനാര്‍ത്ഥികളായ ജോസ് കെ മാണിക്കും, മാത്യു ടി തോമസിനും അപരന്‍മാരില്ല.

Scroll To Top