Thursday December 08, 2016
Latest Updates

വോട്ടെണ്ണല്‍ ദിവസം കേരള ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിന് 9 കോടി ഹിറ്റ്; ഒരു സെക്കന്‍ഡില്‍ സൈറ്റ് സന്ദര്‍ശിച്ചത് 3.5 ലക്ഷം പേര്‍

വോട്ടെണ്ണല്‍ ദിവസം കേരള ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിന് 9 കോടി ഹിറ്റ്; ഒരു സെക്കന്‍ഡില്‍ സൈറ്റ് സന്ദര്‍ശിച്ചത് 3.5 ലക്ഷം പേര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളില്‍ എത്തിച്ച ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിന് ഫലപ്രഖ്യാപന ദിവസം ഒന്‍പത് കോടി ഹിറ്റ് ലഭിച്ചു. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെയുള്ള സമയത്തിനിടയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിന് റെക്കോഡ് ഹിറ്റ് ലഭിച്ചത്. www.trend.kerala.gov.in  വെബ് സൈറ്റിനാണ് റെക്കോഡ് ഹിറ്റ് ലഭിച്ചത്.

കേരളത്തിലെ ഓരോ മണ്ഡലത്തിലെയും മാറിമറിയുന്ന ഫലസൂചനകള്‍ ഓരോ മിനിറ്റിലും ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റുചെയ്തുകൊണ്ടിരുന്നു. ഓരോ മിനിറ്റിലും ഓട്ടോമാറ്റിക്കായി പേജ് റിഫ്രഷ് ആകുന്ന രീതിയിലാണ് ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റ് തയ്യാറാക്കിയിരുന്നത്. ചാനലുകളുടെ മത്സരത്തിനിടെയും കൃത്യമായ വിവരത്തിന് വോട്ടര്‍മാര്‍ ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിനെക്കൂടി ആശ്രയിച്ചു എന്നാണ് ഈ റെക്കോഡ് ഹിറ്റ് നല്കുന്ന സൂചന.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടര്‍മാര്‍ നല്കുന്ന വിവരങ്ങള്‍ കൂടാതെ തത്സമയ അപ്‌ഡേറ്റിനായി മാധ്യമങ്ങള്‍ ആശ്രയിച്ചതും ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിനെ തന്നെയായിരുന്നു. വെള്ളിയാഴ്ച വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സെക്കന്‍ഡില്‍ 3.5 ലക്ഷം പേര്‍ വീതമാണ് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചുകൊണ്ടിരുന്നത്.

സംസ്ഥാന ഐ.ടി. മിഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സൈറ്റിന് ഇത്രയധികം ഹിറ്റ് ഒറ്റ ദിവസം കൊണ്ട് ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സൈറ്റ് ഹാങ്ങ് ആകാതിരിക്കാന്‍ നാല് സെര്‍വറുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം ലഭ്യമാക്കിക്കൊണ്ടിരുന്നത്. വെബ്‌സൈറ്റ് കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയും തെരഞ്ഞെടുപ്പ് ലീഡ് നിലയും ഫലവും ലഭ്യമാക്കിയിരുന്നു.
.

Scroll To Top