Saturday December 03, 2016
Latest Updates

വോട്ടര്‍മാരെ കുഴപ്പിച്ചുകൊണ്ട് ഇലക്ഷന്‍ അറിയിപ്പ്:ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ മാപ്പു ചോദിച്ചു

വോട്ടര്‍മാരെ കുഴപ്പിച്ചുകൊണ്ട് ഇലക്ഷന്‍ അറിയിപ്പ്:ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ മാപ്പു ചോദിച്ചു

ഡബ്ലിന്‍ :വോട്ടര്‍മാരെ കുഴപ്പിച്ചുകൊണ്ട് ഇലക്ഷന്‍ അറിയിപ്പ്. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് പറ്റിയ പിഴവ് 35,000ത്തോളം വരുന്ന വോട്ടര്‍മാര്‍ക്ക് തെറ്റായ വിവരങ്ങള്‍ ലഭിക്കാന്‍ കാരണമായി. ഡബ്ലിനിലെ 10 ശതമാനത്തോളം വരുന്ന വോട്ടര്‍മാര്‍ക്കാണ് സിനഡ് റഫറണ്ടവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കപ്പെട്ടത്.

ഡബ്ലിന്‍ സിറ്റി ഏരിയയിലുള്ള വോട്ടര്‍മാര്‍ക്കാണ് സിറ്റി കൗണ്‍സിലിന്റെ പിഴവു കാരണം തെറ്റായ വിവരങ്ങള്‍ ലഭിച്ചത്. കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ കമ്പ്യൂട്ടര്‍ രേഖകള്‍ പുതുക്കി സൂക്ഷിക്കാന്‍ മറന്നതാണ് പിഴവു വരാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്.
പിഴവ് എത്രയും പെട്ടെന്ന് ശരിയാക്കുമെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ട എല്ലാ വോട്ടര്‍മാര്‍ക്കും തപാല്‍ വഴി അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.
ഇലക്ടറല്‍ കാര്‍ഡ് രേഖകള്‍ സംബന്ധിക്കുന്ന വിവരങ്ങളാണ് തെറ്റായ ഫയലില്‍ സൂക്ഷിക്കപ്പെട്ടത്. അത് പുതുക്കിസൂക്ഷിക്കാത്തതാണ് പിഴവ് സംഭവിക്കാനിചയാക്കിയതെന്നും കൗണ്‍സില്‍ വക്താവ് അറിയിച്ചു.
പിഴവ് കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിലാസം മാറ്റി നല്‍കിയവരുടെ കാര്‍ഡുകള്‍ അവരുടെ പഴയ വിലാസത്തിലേക്ക് പോയിരിക്കുക, പുതുതായി ചേര്‍ത്തവര്‍ക്ക് വോട്ടര്‍ കാര്‍ഡുകള്‍ ലഭിക്കുകയുമില്ലെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് തെറ്റ് സംഭവിച്ചതായി കൗണ്‍സില്‍ മനസിലാക്കിയത്.
28,000 വോട്ടര്‍മാരാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി വോട്ടര്‍കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തിയവരായും പുതുതായി രജിസ്റ്റര്‍ ചെയ്തവരായും കണക്കുകള്‍ കാണിക്കുന്നത്.. ഇതില്‍ 9000 വോട്ടര്‍മാര്‍ക്കും തെറ്റായ പോളിംഗ് ബൂത്തുകള്‍ ആണ് പറഞ്ഞിരിക്കുന്നത്. മരണമടഞ്ഞവരുടെ കാര്‍ഡുകള്‍ പോലും ഇത്തവണ കൗണ്‍സില്‍ വിലാസങ്ങളിലേക്ക് അയച്ചിട്ടുണ്ട്.
പിഴവ് കാരണം ബുദ്ധിമുട്ടനുഭവിച്ച എല്ലാ വ്യക്തികളോടും കുടുംബങ്ങളോടും സിറ്റി കൗണ്‍സിലിനു വേണ്ടി വക്താവ് മാപ്പു ചോദിച്ചു.
തിരഞ്ഞെടുപ്പിന് മൂന്നോ നാലോ ദിവസം മുന്‍പ് ഇലക്ടറല്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ ഇലക്ടറല്‍ ആക്ട് കൗണ്‍സിലിനെ സമ്മതിക്കുകയില്ല എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇലക്ടറല്‍ നമ്പറും ശരിയായ ബൂത്തും കാണിച്ചു കൊണ്ട് 35000ത്തോളം വോട്ടര്‍മാര്‍ക്കാണ് തപാല്‍ വഴി കൗണ്‍സില്‍ കത്ത് അയച്ചിരിക്കുന്നത്.
വോട്ടെടുപ്പിന് മുന്‍പായി തന്നെ എല്ലാവര്‍ക്കും കത്ത് ലഭിക്കും എന്ന വിശ്വാസത്തിലാണ് കൗണ്‍സില്‍ എന്ന് വക്താവ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് കൃത്യ സമയത്തിനുള്ളില്‍ കത്ത് ലഭിച്ചില്ലെങ്കില്‍ എടുക്കേണ്ട നടപടികളെ കുറിച്ചും കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്.
വെള്ളിയാഴ്ച്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചിരുന്ന ആരുടെയും വോട്ട് പിഴവുകാരണം തടസപ്പെടില്ലെന്ന് വക്താവ് പറഞ്ഞു.
തെറ്റു സംഭവിച്ചതിലൂടെ പറ്റിയ നഷ്ടം കണക്കാക്കിയിട്ടില്ല. എന്നാല്‍, തപാല്‍ അയക്കേണ്ടതിന് മാത്രമായി ചിലവായത് 20,000 യൂറോയാണ്.
വോട്ടര്‍മാര്‍ വോട്ടര്‍കാര്‍ഡ് കൊണ്ടുവരണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ തിരിച്ചറിയാനുള്ള രേഖ ഹാജരാക്കണമെന്നും കൗണ്‍സില്‍ അറിയിച്ചു. പാസ്‌പോര്‍ട്ടോ, െ്രെഡവര്‍ ലൈസന്‍സോ, ഗാര്‍ഡ ഐഡി കാര്‍ഡോ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം എന്നും കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

Scroll To Top