Saturday December 03, 2016
Latest Updates

വൈദ്യുതി സമരം പിന്‍വലിച്ചു :പെന്‍ഷന്‍ സ്‌കീമുകളില്‍ മാറ്റം വരുത്തില്ല

വൈദ്യുതി സമരം പിന്‍വലിച്ചു :പെന്‍ഷന്‍ സ്‌കീമുകളില്‍ മാറ്റം വരുത്തില്ല

ഡബ്ലിന്‍ :ക്രിസ്തുമസ്സോടനുബന്ധിച്ച് അയര്‍ലണ്ട് ഇരുട്ടിലാവുമെന്ന പേടി ഇനി വേണ്ട. ഇഎസ്ബി നടത്താനിരുന്ന സമരം പിന്‍വലിച്ചു.
പെന്‍ഷന്‍ കട്ടിനെ എതിര്‍ത്തു കൊണ്ടാണ് ഇഎസ്ബി ജീവനക്കാര്‍ ഡിസംബര്‍ 16ന് സമരനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാനേജ്‌മെന്റിനെയും യൂനിയന്‍ നേതാക്കളെയും ഒന്നിച്ചു വിളിച്ചുചേര്‍ത്ത് ലേബര്‍ കമ്മീഷന്‍ നടത്തിയ ചര്‍ച്ചയില്‍ പെന്‍ഷന്‍ സ്‌കീമുകളില്‍ മാറ്റം വരുത്തില്ലെന്ന് മാനേജ്‌മെന്റ് സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇഎസ്ബി ജീവനക്കാര്‍ പണിമുടക്കില്‍ നിന്നും പിന്‍മാറിയത്.
ജീവനക്കാര്‍ക്ക് തങ്ങളുടെ ആവശ്യമായ പെന്‍ഷന്‍ സ്‌കീം അംഗീകരിച്ചുകിട്ടുകയും ചെയ്തു.
ഇഎസ്ബി പെന്‍ഷന്‍ സ്‌കീം സംരക്ഷിക്കുകയായിരുന്നു യൂനിയന്റെ ലക്ഷ്യമെന്നും അതു സാധിച്ചതിനാല്‍ തന്നെ ഇഎസ്ബി ഡിസ്പ്യൂട്ട് കമ്മറ്റി സമരനടപടികള്‍ പിന്‍വലിക്കുന്നതായും യൂനിയന്‍ അറിയിച്ചു. കരണ്ടു കട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കാതെ സമരം പിന്‍വലിച്ചതിനെ കമ്പനിയും സ്വാഗതം ചെയ്തു.
ഉപഭോക്താക്കളെയും ബിസിനസ് സ്ഥാപനങ്ങളെയും സാമ്പത്തികസ്ഥിതിയെയും കമ്പനിയെയും സമരം വളരെ അപകടകരമായ രീതിയില്‍ ബാധിച്ചേക്കുമായിരുന്നുവെന്ന് ഇഎസ്ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇഎസ്ബിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിച്ചതാണെന്നും ഇപ്പോഴത്തെ ഇഎസ്ബിയുടെ ബാലന്‍സ് ഷീറ്റില്‍ ബാധ്യതകളൊന്നും തന്നെ ഇല്ലെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചിരിക്കുന്നു.
ജീവനക്കാരുടെ പെന്‍ഷന്‍ സ്‌കീം തുകയില്‍ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.
പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സാധിച്ചതിന് ഇഎസ്ബിയോടും എല്‍ആര്‍സിയോടും വൈദ്യുതി മന്ത്രി പാറ്റ് റാബിറ്റ് നന്ദി പറയുകയും ഇഎസ്ബിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
മോശമായ സാഹചര്യത്തില്‍ നിന്നും പുറത്തുകടക്കാന്‍ സാധിച്ചതിന് യൂനിയനും മാനേജ്‌മെന്റും ഒരുപോലെ പ്രവര്‍ത്തിച്ചിരിക്കുന്നുവെന്നും മന്ത്രി റാബിറ്റ് കൂട്ടിച്ചേര്‍ത്തു.

Scroll To Top