Tuesday December 06, 2016
Latest Updates

വൈദികര്‍ അസീസി പുണ്യാളനോട് പ്രാര്‍ഥിക്കണമെന്ന് പിടി തോമസ്;തോമസിനോട് എതിര്‍പ്പില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

വൈദികര്‍ അസീസി പുണ്യാളനോട് പ്രാര്‍ഥിക്കണമെന്ന് പിടി തോമസ്;തോമസിനോട് എതിര്‍പ്പില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

ചെറുതോണി: ഡീന്‍ കുര്യക്കോസിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും പിടി തോമസും ഹൈറേഞ്ച് സംരക്ഷണ സമിതിയും വാക് പോര് തുടരുന്നു. തന്റെ രക്തത്തിനു വേണ്ടി ദാഹിച്ച ചില വൈദിക ശ്രേഷ്ഠന്‍മാര്‍ പാര്‍ട്ടിക്കെതിരേയും തിരിഞ്ഞിരിക്കുകയാണെന്ന് പി.ടി തോമസ് എം.പി. പറഞ്ഞു.

എന്നാല്‍ സിറ്റിംഗ് എംപിയോട് ആശയപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതാവ് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും വ്യക്തമാക്കി. ഇടുക്കി ഡി.സി.സി ഓഫീസില്‍ തെരഞ്ഞെടുപ്പ് ആലോചനയോഗത്തിനു ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് പി ടി തോമസ് എംപി ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരേ പൊട്ടിത്തെറിച്ചത്. കോണ്‍ഗ്രസ് അനുഭാവികളെയും കുഞ്ഞാടുകളെയും ഇടതുപാളയത്തിലെത്തിക്കുന്നതു ചില വൈദികരുടെ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഇതു ദു:ഖകരമാണെന്നും പി.ടി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കണമെന്ന തന്റെ വാദത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പാ തന്റെ ഒന്നാം സ്ഥാനാരോഹണ ദിനമായ ഇന്നലെ പുറത്തിറക്കിയ പുസ്തകത്തില്‍ പ്രകൃതിയെ ദ്രോഹിക്കുന്നത് മാപ്പില്ലാത്ത കുറ്റകൃത്യമാണെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത് വൈദികര്‍ പഠിക്കണം. പ്രകൃതിയുടെ മധ്യസ്ഥനായ അസീസി പുണ്യാളന്റെ മധ്യസ്ഥതയില്‍ പ്രാര്‍ഥിക്കണമെന്നും വൈദികരോട് പി.ടി. ആവശ്യപ്പെട്ടു. തന്റെ നിലപാടുകള്‍ ശരിയായിരുന്നെന്നു കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പി.ടി തോമസിനോട് ഹൈറേഞ്ച് സംരക്ഷണ സമിതിയ്ക്ക് വ്യക്തി വിരോധമില്ലെന്നും ആശയപരമായ അഭിപ്രായവ്യത്യാസം മാത്രമാണുള്ളതെന്നും ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ഇതിനോട് പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന ജോയ്‌സ് ജോര്‍ജിനെ പുന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Scroll To Top