Sunday December 04, 2016
Latest Updates

വേലാണ്ടി ദിനം അഥവാ വാലന്റിയന്‍സ് ഡേയ് …!

വേലാണ്ടി ദിനം അഥവാ വാലന്റിയന്‍സ് ഡേയ് …!

ഇതൊരസ്സല് പ്രണയത്തിന്റെ കഥയാണ് …
സംഭവമിതില്‍ കുറച്ച് ചരിത്രവും , ഏച്ചുകെട്ടലുമൊക്കെ
ഉണ്ടെങ്കിലും , ഈ സംഗതികള്‍ നല്ല ഉഷാറായി തന്നെ കേട്ടിരിക്കാവുന്നതാണ് …

എന്നോടിത് പറഞ്ഞു തന്നിട്ടുള്ളത്
ഞങ്ങളുടെയൊക്കെ നാരണ വല്ല്യച്ഛനാണ് …

പണ്ട് കൂട്ടുകാരെല്ലാം കിളിമാസ്, അമ്പസ്താനി,
പമ്പരം കൊത്ത്, കുഴിതപ്പി,..മുതലായ കളികളിലെല്ലാം
എന്നെ തോല്‍പ്പിച്ച് തൊപ്പിയിടീക്കുമ്പോള്‍ അവരോടൊക്കെ
തല്ലുപിടിച്ച് ഏകനാവുമ്പോഴാണ്…
കൊതിപ്പിക്കുന്ന കഥകളുടെ ‘ടെല്ലറാ’യ , എഴുപതിന്റെ മികവിലും
വളരെ ഉല്ലാസ്സവാനായി ചാരുകസേരയില്‍ വിശ്രമിച്ചിരുന്ന , ഈ വല്ല്യച്ഛന്റെ
ചാരത്ത് പല ചരിത്ര കഥകളും , മറ്റും കേള്‍ക്കുവാനായി ഞാനെത്തിച്ചേരുക…

ഉപമകളും, ശ്ലോകങ്ങളുമൊക്കെയായി പല പല കഥകളും, കാവ്യങ്ങളും
ഞങ്ങള്‍ക്കൊക്കെ അരുമയോടെ വിളമ്പി തന്ന് മനസ്സ് നിറച്ചുതന്നിരുന്ന …

സ്വന്തം തറവാട് വീട്, ആദ്യത്തെ നെടുപുഴ പോലീസ് സ്റ്റേയ്ഷന്‍ ഉണ്ടാക്കുവാന്‍
വാടകക്ക് കൊടുത്തിട്ട്, സ്വസ്ഥമായി കഴിഞ്ഞ്കൂടിയിരുന്ന ആ നരാണ വല്ല്യച്ഛന്റടുത്ത്…

അന്നൊക്കെ അല്ലറ ചില്ലറ ആവശ്യങ്ങള്‍ക്ക്, പോലീസ് സ്റ്റേഷന്‍
പൂകേണ്ടി വന്നാല്‍ തറവാട്ടില്‍ പോയതാണെന്നാണ് എല്ലാവരും പറയുക…!

അതൊക്കെ പോട്ടെ…
നമുക്കിനി ഈ കഥയിലേക്ക് കടന്ന് ചെല്ലാം ..അല്ലേ

അതെ …ഇതൊരനശ്വര പ്രണയത്തിന്റെ കഥയാണ് …
ഒപ്പം കണിമംഗലം ദേശത്തിന്റേയും… ഞങ്ങള്‍ തയ്യില്‍ വീട്ടുകാരുടേയും…

പണ്ട് പണ്ട് വെള്ളക്കാരിവിടെ വന്നിട്ട് അധിനിവേശം നടത്തിയപ്പോള്‍…
മലയാളക്കരയുടെ വടക്കേയറ്റത്ത് അങ്ക ചേകവന്മാരായി ജീവിച്ചു പോന്നിരുന്ന,
കുലപരമായി നെയ്ത്ത് തൊഴിലായിരുന്നവരുടെ കുടുംബങ്ങള്‍ പട്ടിണിയിലായി തുടങ്ങി …

എന്തായിരുന്നു കാരണങ്ങള്‍ ..?

നല്ല നാടന്‍ സാധനങ്ങളെല്ലാം തിരസ്‌കരിച്ച് , കൊള്ളാത്ത ഫോറിന്‍
സാധനങ്ങളില്‍ ഭ്രമം തോന്നുന്ന ഇന്നത്തെ ഈ എടവാടുകള്‍ അന്നു തൊട്ടേ…
നമ്മള്‍ മല്ലൂസ്സിന് ഉണ്ടായിരുന്ന കാരണം…
ജനങ്ങളെല്ലം ബിലാത്തി ഉടയാടകളിലേക്ക്
ശരീരത്തെ പറിച്ച് നട്ടപ്പോള്‍ , നാട്ടില്‍ നെയ്യുന്ന
തുണിത്തരങ്ങളൊക്കെ ആര്‍ക്കും വേണ്ടാതായി…!

ഒപ്പം നാടുവാഴികളും, മറ്റും ചേകവന്മാരെ
മുന്‍ നിറുത്തി അങ്കം വെട്ടിച്ച് , തീര്‍പ്പ് കല്‍പ്പിച്ചിരുന്ന
സമ്പ്രദായങ്ങളും.., പുതിയ ഭരണകര്‍ത്താക്കള്‍ നിറുത്തല്‍ ചെയ്യിച്ചു…!

അങ്ങിനെ അഞ്ചാറ് തലമുറ മുമ്പ് ,
പതിനെട്ടാം ന്നൂറ്റാണ്ടിന്റെ കാലഘട്ടത്തില്‍… മലായാള ദേശത്തിന്റെ വടക്കെയറ്റത്തുനിന്നും
കുറെ നെയ്ത്തുക്കാര്‍ പട്ടിണിയും, പണിയില്ലായ്മയുമെല്ലാം കാരണം കെട്ട്യോളും, കുട്ട്യോളുമൊക്കെയായി തെക്കേ ദേശങ്ങളിലേക്ക് പാലായനം ചെയ്തു…

അതേസമയം ഇങ്ങ് തെക്ക്, തൃശ്ശിവപ്പേരൂരിന് തൊട്ട് തെക്ക്…
കൊച്ചി രാജാവിന്റെ പ്രതിനിധിയായി , പ്രതാപിയായ
ശക്തന്‍ തമ്പുരാന്‍ വരുന്നതിന് മുമ്പ്… സമ്പല്‍ സമൃദ്ധമായ
ഈ രാജ്യം വാണിരുന്നത് കണിമംഗലം തമ്പുരാക്കന്മാരായിരുന്നു !

രാജ്യത്തിന്റെ മുഴുവന്‍ വരുമാനങ്ങളായ വടക്കുനാഥന്‍ ദേവസ്സം വക
സ്വത്തുവകകളും, ഭൂസ്വത്തുക്കളും , കണിമംഗലം പാട ശേഖരങ്ങളും നോക്കി
നടത്തിയിരുന്ന… കൊല്ലിനും, കൊലക്കും അധികാരമുണ്ടായിരുന്ന കണിമംഗലം തമ്പുരാക്കന്മാര്‍ !

പിന്നീട് ശക്തന്‍ തമ്പുരാനോടൊപ്പം …
സാക്ഷാല്‍ തൃശൂര്‍ പൂരം തുടങ്ങിവെച്ചവര്‍…!

ഇപ്പോഴും കണിമംഗലത്തുകാരുടെ തിടമ്പേറ്റിയ ആന
തെക്കേ ഗോപുരവാതില്‍ വഴി ആദ്യമായി വടക്കുനാഥനമ്പലത്തില്‍
എത്തിച്ചേരുമ്പോള്‍ തന്നെയാണ് …
ഇന്നും തൃശൂര്‍ പൂരം ആരംഭിക്കുക കേട്ടൊ… !

പിന്നെ ഇന്ത്യന്‍ റെയില്‍വേയ് ആരംഭിച്ചകാലാത്ത് …
പാതക്ക് വേണ്ടി ഏറ്റവും കൂടൂതല്‍ ഭൂമി വിട്ടുകൊടുത്തതിന്,
അഞ്ചാം തമ്പുരാക്കന്മാര്‍ ചോദിച്ച് വാങ്ങിയതാണേത്രെ കണിമഗലം
റെയില്‍ വേയ് സ്റ്റേഷന്‍…
പിന്നീടാ കണിമംഗലം സ്റ്റേഷന്‍ …
റെയില്‍വേയുടെ ഭൂപടത്തില്‍ നിന്നും മാഞ്ഞുപോയെങ്കിലും,
പ്രതാപികളായ ഈ തമ്പുരാന്‍ വംശപരമ്പര കുറച്ച് ക്ഷയിച്ചിട്ടാണെനിലും
ഇന്നും നില നിന്നുകൊണ്ടിരിക്കുന്നൂ…

നമ്മുടെ ഗെഡികളായ രഞ്ജിത്ത് ഭായിയും ,
ഷാജി കൈലാസുമൊക്കെ ചേര്‍ന്ന് നമ്മളെയൊക്കെ കോരിത്തരിപ്പിച്ച് അഭ്രപാളികളിലെത്തിച്ച ആ
ആ സിനിമയുണ്ടല്ലോ…
കണിമംഗലത്തെ ‘ആറാം തമ്പുരാന്‍ …!
ആ ആറാം തമ്പുരാന്റെയൊക്കെ പിന്‍ മുറക്കാര്‍…

അന്നത്തെ ആ തമ്പുരാക്കന്മാരൊക്കെ
തനി നരിസിംഹങ്ങള്‍ തന്നെയായിരുന്നു … !

അവരുടെയൊക്കെ കുടിയാന്മാരും, അടിയന്മാരുമായി
അല്ലല്ലില്ലാതെ തന്നെ, നാട് താണ്ടി വന്ന ഞങ്ങളുടെയീ കാരണവന്മാര്‍ക്ക്
അവിടെയൊക്കെ നങ്കൂരമിടാന്‍ പറ്റി…

തറിയും മറ്റും സ്ഥാപിച്ച് തുണി തയ്യല്‍ ചെയ്യുന്നതു
കാരണം… അവരെല്ലാം പിന്നീട് തയ്യില്‍ക്കാര്‍ എന്നറിയപ്പെട്ടു…!

ഇവരില്‍ നല്ല മെയ്‌വഴക്കമുണ്ടായിരുന്ന
ആണുങ്ങളെയെല്ലാം പിന്നീട് ‘പാര്‍ട്ട് ടൈം’ പണി റെഡി’യാക്കി
ഈ നാടുവാഴികള്‍ പടയാളികളായും, ഗോപാലന്മാരയും നിയമിച്ചു…

എങ്കിലും എന്റെയൊക്കൊയെല്ലെ മുതു മുത്തശ്ശന്മാര്‍….!

ഇതിലൊരുത്തന്‍…
വേലാണ്ടി എന്ന് നാമധേയമുള്ളവന്‍…
പശുക്കളേയും കാളകളേയും പരിപാലിക്കുന്ന
പണികള്‍ക്കിടയില്‍… ഈ ഗജപോക്കിരി തമ്പുരാക്കന്മാരുടെ ,
കുഞ്ഞിപെങ്ങളുമായി ‘ലൈന്‍ ഫിറ്റാ’ക്കി ഒരു ഉഗ്രന്‍ പ്രണയത്തിന് തുടക്കമിട്ടു…!

വല്ലി എന്ന് പേരുണ്ടായിരുന്ന ഈ കുഞ്ഞിതമ്പുരാട്ടി…
കിണ്ണങ്കാച്ചി ആകാരകാന്തിയുണ്ടായിരുന്ന വേലാണ്ട്യച്ചാച്ഛന്റെ…
എയിറ്റ്പാക്ക് ബോഡി കണ്ട് അതില്‍ മയങ്ങിപ്പോയതാണെന്നും
ഒരു കിംവദന്തിയുണ്ടായിരുന്നു കേട്ടൊ.

എന്തിന് പറയാന്‍ കുളക്കടവ് ഡേറ്റിങ്ങ് സെന്ററക്കിയിട്ടും…
തൊഴുത്തിലെ പുല്‍ക്കൂടുകള്‍ പട്ട് മെത്തയാക്കിയിട്ടുമൊക്കെ
അവര്‍ , അവരുടെ പ്രണയാവേശം മുഴുവന്‍ … രണ്ടുപേരും കൂടി ആറിത്തണുപ്പിച്ചു…!

‘കോണ്ടവും, കോണ്ട്രാസെപ്റ്റീവു’മൊന്നും
ഇല്ലാതിരുന്ന… പണ്ടത്തെ കാലമല്ലേ..അത്..

നാളുകള്‍ക്ക് ശേഷം …കുഞ്ഞി തമ്പുരാട്ടിയുടെ വയറ്റിലെ
വലുതായിവരുന്ന മുഴകണ്ട് ഏട്ടന്‍ തമ്പുരാക്കന്മാരും പരിവാരങ്ങളും അന്ധാളിച്ചു…!

സംഭവം കുലങ്കൂഷിതമായി അന്വേഷിച്ച് വന്നപ്പോഴാണ് വയറ്റിലെ മുഴയുടെ
കിടപ്പുവശം, മറ്റേ കിടപ്പുവശമാണെന്ന് അവന്മാര്‍ക്കെല്ലാം പിടികിട്ടിയത്…കേട്ടൊ !

എന്തിന് പറയാന്‍ … സംഭവത്തിന്റെ ഗുട്ടന്‍സ് അവരറിഞ്ഞതിന്റെ പിറ്റേന്നുണ്ട്ടാ!ാ..
വേലാണ്ടി മുത്തശ്ശന്‍ വടിയായിട്ട്
മൂപ്പാടത്തുണ്ടായിരിന്ന തമ്പുരാന്‍ കുളത്തില്‍ കിടക്കുന്നൂ…!

വേലാണ്ടിയെ മൊതലപിടിച്ചു എന്ന ചൂട്
വാര്‍ത്തകേട്ടാണ് കണിമംഗലത്തുകാര്‍ അന്ന് ഉറക്കമുണര്‍ന്നത്…

പക്ഷേ അന്നുരാത്രി തന്നെ
വേലാണ്ടിയുടെ പ്രേതം ഉയര്‍ത്തെഴുനേറ്റ് …
മൂപ്പിലാനെ കൊലപ്പെടുത്തിയ തമ്പുരാനേയും, കൂട്ടാളികളേയും
മുഴുവന്‍ കഴുത്തില്‍ നിന്നും ചോരകുടിച്ച് നാമാവശേഷരാക്കി പോലും…!

അങ്ക ചേകവന്മാരായിരുന്നവരോടാണോ…
ഈ കണിമംഗലം തമ്പുരാക്കന്മാരുടെ കളി… ?

അന്നത്തെ ബ്രിട്ടീഷ് പട്ടാളത്തിന് വരെ,
ഈ പ്രേതത്തിന്റെ പൊടിപോലും കണ്ടുപിടിക്കുവാന്‍ കഴിഞ്ഞില്ലത്രേ…!

ആ വല്ലി തമ്പുരാട്ടി , പിന്നീട് കല്ല്യാണമൊന്നും കഴിക്കതെ
ഈ വേലാണ്ടിമുത്തശ്ശന്റെ പ്രേതത്തെ ഉപവസിച്ച് , എല്ലാകൊല്ലവും
കുംഭമാസത്തെ അശ്വതി നാളിന്റന്ന് … തന്റെ പ്രണയ വല്ലഭന്‍ കൊല്ലപ്പെട്ട
ആ ദിനം അര്‍ച്ചനകള്‍ അര്‍പ്പിക്കുവാന്‍ തന്റെ മോനെയും കൂട്ടി ആ കുളക്കരയില്‍ എത്തും..

അന്നേ ദിവസം വേലാണ്ടി മുത്തശ്ശന്‍… ഒരു പൂതമായി വന്ന്
ആ പ്രണയ ബാഷ്പ്പാജ്ഞലികളെല്ലാം സ്വീകരിക്കും എന്നാണ് പറയപ്പെട്ടിരുന്നത്…

ആ ഇഷ്ട്ടപ്രാണേശ്വരിയുടെ കാലശേഷം…
ഈ പൂതം അന്നുമുതല്‍ ഇന്നുവരെ ഓരോ വീടുകള്‍
തോറും , തന്റെ പ്രണയിനിയെ തേടി കണിമംഗലം ദേശം
മുഴുവന്‍… മകരമാസം അവസാനം മുതല്‍ കുംഭമാസത്തിലെ
അശ്വതി നാള്‍ വരെ , കരഞ്ഞ് തെരഞ്ഞങ്ങിനെ നടക്കും…

പിന്നീട് വന്ന തമ്പുരാക്കന്മാര്‍ ,
അന്നത്തെ പാപ പരിഹാരാര്‍ത്ഥം
ഈ വല്ലി തമ്പുരാട്ടിയുടെ സ്മാരകമായി
പണിതീര്‍ത്തതാണെത്രെ കണിമംഗലം
വല്ലിയാലയ്ക്കല്‍ ദേവീ ക്ഷേത്രം !

അതായത് കണിമംഗലത്തിന്റെ
പ്രണയ കുടീരമായ താജ്മഹല്‍..!

ഇന്നും എല്ലാ ഫെബ്രുവരി മാസത്തിലെ പകുതിയിലും
കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തില്‍കൊല്ലം തോറും
നടക്കുന്ന കണിമംഗലം വല്ലിയാലയ്ക്കല്‍ ക്ഷേത്രത്തിലെ അശ്വതി
വേലയുടെ അന്ന്…
ആ വല്ലി തമ്പുരാട്ടിയും, പൂതമായി വരുന്ന വേലാണ്ടിയും
കണ്ടുമുട്ടും… ഇതിന്റെ സ്മരണയാണെത്രെ കണിമംഗലത്തെ
ഈ അശ്വതിവേലയും… അവിടെ അന്ന് നടമാടാറുള്ള പൂതം കളിയും….!

അഥവാ എല്ലാ കൊല്ലവും കണിമംഗലത്തുകാര്‍
ഫെബ്രുവരി മാസത്തിലെ മദ്ധ്യത്തില്‍ കൊണ്ടാടാറുള്ള
ഈ വേലാണ്ടി ദിനം…!

ആ അനശ്വര പ്രണയത്തിന്റെ ഓര്‍മ പുതുക്കല്‍ ദിവസം…
നാട്ടുകാരൊക്കെ ആ ദിവസം പ്രണയത്തില്‍ ആറാടുന്ന ദിനം…

ഇനിപ്പ്യോ …
നിങ്ങള് വിശ്വസിച്ചാലും… ഇല്ലെങ്കിലും…
ഈ സംഭവത്തിന് ഒരു പരിണാമഗുപ്തി ഉണ്ടായിട്ടുണ്ട് കേട്ടൊ.

ഈ പ്രണയത്തിന്റെ ഉജ്ജ്വല
പ്രതീകമായ വര്‍ണ്ണപ്പകിട്ടുകള്‍ കണ്ടിട്ടാണ് …
മൂന്നുനൂറ്റാണ്ട് മുമ്പ് തൃശൂര്‍ജില്ലയില്‍ മരണം വരെയുണ്ടായിരുന്ന
ജെര്‍മ്മന്‍ വംശജനായ മലയാളസംസ്‌കൃത പണ്ഡിതനായിരുന്ന
അര്‍ണ്ണോസ് പാതിരിയുടെ പിന്‍ഗാമികളായി പിന്നീടിവിടെ വന്ന പടിഞ്ഞാറന്‍ പാതിരികള്‍…

അന്നിവിടെ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയപ്പോള്‍…
നമ്മുടെ വിലപ്പെട്ട ചില താളിയോല ഗ്രന്ഥങ്ങള്‍ക്കൊപ്പം…
ഈ വേലാണ്ടി ദിനത്തിന്റെ …
പരിഛേദനവും കൊണ്ടാണ് തിരികെപ്പോയത്…!

പിന്നീടവര്‍ യൂറോപ്പിലെത്തിയപ്പോള്‍ ഈ
‘വേലാണ്ടി ദിനത്തെ’ , ഒരു യൂറോപ്പ്യന്‍ മിത്തുമായി കൂട്ടി യോജിപ്പിച്ച് …

അധികം ഉത്സവങ്ങളൊന്നുമില്ലായിരുന്ന യൂറൊപ്പില്‍…
മഞ്ഞുകാലം തീരുന്ന സമയത്ത്… ഫെബ്രുവരി 14 ന്
അവരുടെ സ്‌നേഹത്തിന്റേയും , പ്രണയത്തിന്റേയും തലതൊട്ടപ്പനായിരുന്ന
ഒരു പരിശുദ്ധ പിതാവായ ബിഷപ് വാലന്റിയന്‍ തിരുമേനിയുടെ പേരില്‍ പ്രണയത്തിന്
വേണ്ടി ഒരു വണ്‍ഡേയ് ആഘോഷം തുടങ്ങി വെച്ചത്….!

‘ദി വാലന്റിയന്‍ ഡേയ് …’ !

muralyമുരളി മുകുന്ദന്‍ 
‘ബിലാത്തിപട്ടണം’ എന്ന ബ്ലോഗിലൂടെ പ്രശസ്തനായ എഴുത്തുകാരന്‍ .
ലണ്ടനില്‍ താമസിക്കുന്നു

Scroll To Top