Saturday December 03, 2016
Latest Updates

വെള്ളത്തിന് ന്യായവില ഈടാക്കാന്‍ സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടങ്ങി; ഇന്നത്തെ പ്രതിഷേധ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും

വെള്ളത്തിന് ന്യായവില ഈടാക്കാന്‍ സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടങ്ങി; ഇന്നത്തെ പ്രതിഷേധ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും

ഡബ്ലിന്‍: വെള്ളത്തിന് ന്യായവില ഈടാക്കാന്‍ സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടങ്ങി. ആര്‍.ടി.ഇയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. മുഴുവന്‍ വീടുകളിലും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നത് വരെ നിശ്ചിത നിരക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. ന്യായമായ നിരക്ക് മാത്രമേ ഈടാക്കൂ എന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. 

ജലനിരക്ക് സംബന്ധിച്ച ആശയക്കുഴപ്പം ഏതാനും ആഴ്ചകള്‍ക്കകം പരിഹരിക്കപ്പെടുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞു. ഇപ്പോള്‍ പറയപ്പെടുന്ന നിരക്കുകളിലെല്ലാം താഴെയായിരിക്കും പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന യഥാര്‍ഥ ജലനിരക്കെന്നാണ് സൂചനകള്‍ 

എക്കണോമിക് മാനെജ്‌മെന്റ് കൌണ്‍സിലിന്റെ യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടന്നതായും മന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞു. അതേസമയം ജലനിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് മുന്‍ ക്യാബിനറ്റ് മന്ത്രി പാറ്റ് റാബിറ്റ് പറഞ്ഞു. 2 വര്‍ഷത്തിനകം ജലനിരക്ക് പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നെന്നും ഇത് മതിയായ സമയപരിധി അല്ലെന്നും പാറ്റ് റാബിറ്റ് പറഞ്ഞു. 

അതേസമയം ജലനിരക്കിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇന്നും തുടരും. റൈറ്റ്2വാട്ടര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് 90 ഓളം പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പതിനായിരക്കണക്കിനു ജനങ്ങള്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരക്കും. ഡബ്ലിന്‍ സിറ്റി സെന്ററിലാണ് പ്രധാന പ്രതിഷേധ മാര്‍ച്ച്. ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.
1980 കളിലും 90 കളിലും ജലനിരക്ക് ഏര്‍പ്പെടുത്താന്‍ ശ്രമം നടന്നു. അന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതിന്റെ ഫലമായി ജലനിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഇത്തവണയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നാല്‍ ജലനിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്/ഐക്യ ഇടത് മുന്നണി ടിഡി റിച്ചാര്ഡ് ബോയ്ഡ് ബാരെറ്റ് പറഞ്ഞു.

Scroll To Top