Friday December 02, 2016
Latest Updates

വെല്‍ഫെയര്‍ ടൂറിസ്റ്റുകളെ കുടുക്കാന്‍ പരിശോധന കര്‍ശനമാക്കി ; സ്വകാര്യ സ്ഥാപനങ്ങളിലും ഇനി ചെക്കിംഗ്

വെല്‍ഫെയര്‍ ടൂറിസ്റ്റുകളെ കുടുക്കാന്‍ പരിശോധന കര്‍ശനമാക്കി ; സ്വകാര്യ സ്ഥാപനങ്ങളിലും ഇനി ചെക്കിംഗ്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനായി മാത്രം അയര്‍ലണ്ടിലേക്ക് വരുന്ന ‘വെല്‍ഫെയര്‍ ടൂറിസ്റ്റു’കളെ കുടുക്കാന്‍ സ്‌പെഷല്‍ ഫോഴ്‌സ് പ്രധാനപ്പെട്ട മൂന്നു എയര്‍പോര്‍ട്ടുകളിലും പരിശോധന കര്‍ശനമാക്കി. നാലു ദിവസത്തില്‍ ഒരാള്‍ എന്ന കണക്കില്‍ ഇത്തരം ടൂറിസ്റ്റുകള്‍ പിടിക്കപ്പെടുന്നുവെന്നാണ് വ്യക്തമാവുന്നത്.
മറ്റു രാജ്യങ്ങളില്‍ താമസിക്കുകയും മാസം തോറും വന്ന് അയര്‍ലണ്ടിലെ സോഷ്യല്‍ വെല്‍ഫയര്‍ ബെനഫിറ്റുകള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നവരാണിവര്‍.പ്രതിമാസം 750 യൂറോ വരെ ഇങ്ങനെ കൈവശപ്പെടുത്തുന്ന ഇവര്‍ക്ക് മാസം തോറും യാത്രക്കൂലിയിനത്തില്‍ പരമാവധി 150 യൂറോയെ ചിലവ് വരുന്നുള്ളൂവെന്ന് പഠനങ്ങള്‍ ഉണ്ടായിരുന്നു.മില്യണ്‍ കണക്കിന് യൂറോയാണ് സാമൂഹ്യ ക്ഷേമ വകുപ്പിലൂടെ ഇങ്ങനെ ചോര്‍ന്നു പോകുന്നത്

ഡബ്ലിനിലെയും കോര്‍ക്കിലെയും ഷാനണിലെയും എയര്‍പോര്‍ട്ടുകളിലും പോര്‍ട്ടുകളിലും ഇത്തരം അന്വേഷണത്തിനും പരിശോധനകള്‍ക്കുമായി പ്രത്യേക ഫോഴ്‌സിനെ നിയമിച്ചിരിക്കുന്നത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ടണ്‍ തന്നെയാണ്.
ഇത്തരം തട്ടിപ്പുകാരെ വലയിടാനായി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ തന്നെ ഗാര്‍ഡയോടൊപ്പം പ്രത്യേക അന്വേഷകരും ചേര്‍ന്നിരുന്നു. യാത്രക്കാരുടെ പ്രവേശനവും തിരിച്ചുപോക്കും വ്യക്തമായി നിരീക്ഷിക്കുകയും ഈ പ്രത്യേക സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് (എസ്‌ഐയു) ചെയ്തിരുന്നു.

കഴിഞ്ഞ 17 മാസങ്ങളായി 122ഓളം തട്ടിപ്പുകാരെയാണ് ഇത്തരത്തില്‍ പിടികൂടിയിരിക്കുന്നത്. ഇതില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 72പേരെയും ഷാനണിലെയും കോര്‍ക്കിലെയും എയര്‍പോര്‍ട്ടുകളില്‍ നിന്ന് 50പേരെയുമാണ് അറസ്റ്റ് ചെയ്തത്. മറ്റ് 55ഏളം പേരുടെ കേസുകള്‍ നിരീക്ഷണത്തിലുമാണ്.
ഐറിഷുകാരും നോണ്‍ഐറിഷുകാരും തട്ടിപ്പു നടത്തുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
4 മില്ല്യന്‍ യൂറോയോളം ഇപ്പോള്‍ തന്നെ തിരിച്ചു പിടിക്കാന്‍ സാധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 1.4 മില്ല്യന്‍ യൂറോ സംവരിക്കപ്പെട്ടത് വെല്‍ഫെയര്‍ ടൂറിസം കേസുകളിലൂടെ തന്നെയാണ്.

ഫേഷ്യല്‍ റകഗ്‌നിഷന്‍ സോഫ്റ്റ്‌വെയറാണ് എസ്‌ഐയുവിന്റെ മറ്റൊരു പ്രധാന നേട്ടം. പുതിയ പബ്ലിക് സര്‍വ്വീസ് കാര്‍ഡിന്റെ സഹായത്തോടെ തന്നെ തട്ടിപ്പുകാരെ പെട്ടെന്ന് കണ്ടെത്താനും ഇതുവഴി എസ്‌ഐയുവിന് സാധിച്ചു.

രാജ്യത്തിനുള്ളില്‍ തന്നെ പല ബിസിനസ് സ്ഥാപനങ്ങളില്‍ ജോലി ഉള്ളവരും ഇത്തരം തട്ടിപ്പിനിറങ്ങുതായുള്ള സംശയം വര്‍ദ്ധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ അന്വേഷണങ്ങള്‍ ആ വഴിക്കും വികസിപ്പിക്കാനും എസ്‌ഐയു ആലോചിക്കുന്നുണ്ട് .അടുത്ത മാസം മുതല്‍ ഇത്തരം ചെക്കിംഗുകള്‍ ഊര്‍ജിതമാക്കുമെന്നു വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Scroll To Top